ADVERTISEMENT

കോന്നി ∙ ഇളകൊള്ളൂർ അതിരാത്രത്തിന്റെ യജ്ഞശാലയിലെ ഹോമകുണ്ഡങ്ങളിൽ യാഗാഗ്നി തെളിഞ്ഞു. പ്രധാന ആചാര്യൻ ഡോ. ഗണേഷ് ജോഗ്ലേക്കർ, പ്രധാനകർമി (അധ്വര്യു) എന്നിവർ ചേർന്നാണ് അരണി കടഞ്ഞെടുത്ത അഗ്നി ഹോമകുണ്ഡങ്ങളിലേക്ക് പകർന്നത്. യജമാനൻ തന്റെ ഇല്ലത്ത് സൂക്ഷിക്കുന്ന മൂന്ന് അഗ്നിഹോത്ര കുണ്ഡങ്ങളിൽ നിന്ന് യാഗപദാർഥമായ അരണിയിൽ ആവാഹിച്ച അഗ്നി യാഗശാലയിലേക്ക് ആനയിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ആചാര്യനും യജമാനൻ കൊമ്പക്കുളം വിഷ്ണു സോമയാജിയും പത്നി ഉഷ പത്തനാടിയും 13 ഋത്വിക്കുകളും ഭക്തജനങ്ങളും ചേർന്ന് മന്ത്രധ്വനികളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ സോമലതയും വഹിച്ച് യാഗശാലയിലേക്ക് എത്തുകയായിരുന്നു. 

ഋത്വിക്കുകൾ അടക്കമുള്ളവരുടെ കാൽകഴുകി, മന്ത്രം ചൊല്ലി, പുഷ്പവൃഷ്ടി നടത്തി, ആചാര്യൻ നാളികേരവും ഉടച്ച ശേഷമാണ് യാഗശാലയിലേക്ക് ക്ഷണിച്ചത്.  തുടർന്ന് അരണി കടഞ്ഞ് അഗ്നി ഹോമകുണ്ഡങ്ങളിലേക്കു പകരുകയായിരുന്നു. വൃത്താകൃതിയിലും അർധവൃത്താകൃതിയിലും ചതുരത്തിലുമുള്ള മൂന്ന് ഹോമകുണ്ഡങ്ങളാണുള്ളത്. ഇന്നലെ രാവിലെ തന്നെ യാഗത്തിനു തയാറെടുക്കുന്നതിന്റെ ഭാഗമായി അതിരാത്ര മഹായാഗ സങ്കൽപം നടന്നു. തുടർന്ന് ഗണപതി പൂജ നടന്നു. ശേഷം സ്വസ്തിവാചദ, ശ്രദ്ധാഹ്വാനം, ആഹുതി എന്നീ ചടങ്ങുകൾ നടത്തി. പ്രായശ്ചിത്തവും പരിഹാര ക്രിയകളും ഋത്വിക്കുകളെ യജമാനനുവേണ്ടി ക്രിയകൾ ചെയ്യാൻ സത്യവാചകം ചൊല്ലി അധികാരപ്പെടുത്തുന്ന വരണം ചടങ്ങും മധുപർക്ക പൂജയും നടത്തിയിരുന്നു. കൂശ്മാണ്ഡ ഹോമം, അപസുദീക്ഷ, ദീഷണീയേഷ്ടി, ദണ്ഡ ദീക്ഷ, മന്ത്ര ദീക്ഷ എന്നീ കർമങ്ങൾ നടത്തി ദീക്ഷ ദാനത്തോടെ ഇന്നലത്തെ ചടങ്ങുകൾ പൂർത്തിയാക്കി.

അതിരാത്രത്തിൽ ഇന്ന്
ഇന്ന് രാവിലെ പ്രായാണീയേഷ്ടിയോടെ ആരംഭിക്കുന്ന യാഗത്തിൽ സോമക്രിയ, സോമ പരിവാഹന, ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകൾ നടക്കും. തുടർന്ന് പ്രവർഗ്യോപാസത് നടത്തി സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തുന്ന വേദിപൂജ നടക്കും. ഈ പൂജ വഴിപാടായി നടത്തുന്ന ഭക്തരെ ശുദ്ധിക്രിയകൾക്കു ശേഷം യാഗവേദിയിലിരുത്തി പൂജാദികളിൽ പങ്കെടുപ്പിക്കും. തുടർന്ന് ചിതി ചയനങ്ങൾ. സാംസ്കാരിക വേദിയിൽ രാത്രി 7 ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പ്രഭാഷണം നടത്തും. 8.30ന് വയലിൻ സംഗീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com