ADVERTISEMENT

റാന്നി∙ കോവിഡ് ബൂസ്റ്റർ വാക്സീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു  കുത്തിവയ്പ്പെടുത്ത ‘അജ്ഞാതൻ’ പിടിയിൽ. ഉതിമൂട് വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് (66) വീട്ടിലെത്തി കുത്തിവയ്പ്പെടുത്ത സംഭവത്തിൽ പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശിനെ(22) റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. ആരോഗ്യ വകുപ്പിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ആകാശ് എത്തിയത്. മൂന്നാമത്തെ ഡോസ് വാക്സീൻ വേണ്ടെന്നു ചിന്നമ്മ അറിയിച്ചെങ്കിലും നിർബന്ധിച്ച് 2 ഇടുപ്പിനും കുത്തിവയ്പ്പെടുക്കുകയായിരുന്നു. സിറിഞ്ച് കത്തിക്കാൻ ചിന്നമ്മയെ ഏൽപിച്ച ശേഷമാണു മടങ്ങിയത്. സിറിഞ്ചും കവറും പൊലീസ് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. 

പൊലീസ് പറയുന്നത്: പത്തനംതിട്ടയിൽ അപ്ഹോൾസ്റ്ററി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് കോവിഡ് കാലത്തു വാക്സീൻ എടുത്തിരുന്നു. ഇൗ ഓർമയിൽ ആർക്കെങ്കിലും കുത്തിവയ്പ് എടുക്കണമെന്നു തോന്നിയപ്പോൾ കടയിൽനിന്നു സ്കൂട്ടറെടുത്ത് റാന്നി ഭാഗത്തേക്ക് പോയി. ഇതിനിടെ മെഡിക്കൽ സ്റ്റോറിൽനിന്നു സിറിഞ്ചും വാങ്ങി. തിരികെ വരും വഴി ചിന്നമ്മയുടെ വീട് ശ്രദ്ധയിൽപ്പെട്ട് അവിടേക്കു കയറി കുത്തിവയ്പ്പെടുക്കുകയായിരുന്നു. സിറിഞ്ചിൽ മരുന്നോ മറ്റു ദ്രാവകങ്ങളോ ഉണ്ടായിരുന്നില്ല. സിസിടിവിയിൽ പതിഞ്ഞ സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആകാശ് കുടുങ്ങിയത്. ചിന്നമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തി. കുത്തിവയ്പിൽ പാർശ്വഫലങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും കുത്തിവയ്പ്പെടുത്ത ഭാഗങ്ങളിൽ അസ്വസ്ഥതയുണ്ടെന്നും ചിന്നമ്മ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com