ADVERTISEMENT

ഇട്ടിയപ്പാറ ∙ സെൻട്രൽ ജംക്‌ഷനിലൂടെ യാത്ര നടത്തുന്നവർ ജാഗ്രതൈ. ഏതു നിമിഷവും നിങ്ങൾ അപകടത്തിൽപ്പെടാം. എന്നിട്ടും ട്രാഫിക് സൈൻ ബോർഡുകളും സ്ട്രിപ്പുകളും സ്ഥാപിച്ച് സുരക്ഷ മെച്ചപ്പെടുത്തുന്നില്ല. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷമാണ് ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ അപകടങ്ങൾ തുടർ‌ച്ചയായത്. 4 റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. കോളജ് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ സംസ്ഥാന പാതയിലേക്കു കയറി ഇടത്തേക്കു തിരിയുന്ന ഭാഗത്തു തന്നെ സീബ്രാ ലൈൻ വരച്ചതും ബസ് സ്റ്റാൻഡിൽ നിന്ന് തലങ്ങും വിലങ്ങും വാഹനങ്ങൾ സെൻട്രൽ ജംക്‌ഷനിലൂടെ പായുന്നതുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.

സെൻട്രൽ ജംക്‌ഷന്റെ ഇരുവശങ്ങളിലും സീബ്രാ ലൈനുകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം അമിത വേഗത്തിലാണ് വാഹനങ്ങളെത്തുന്നത്. പലപ്പോഴും ബസ് സ്റ്റാൻഡിൽ നിന്ന് തലങ്ങും വിലങ്ങുമെത്തുന്ന വാഹനങ്ങളുടെ മുന്നിലാകും ഓടിയെത്തുക.ഇത്തരത്തിലെത്തുന്ന വാഹനങ്ങൾ തമ്മിൽ തട്ടുന്നതും ഉരയ്ക്കുന്നതും പതിവു കാഴ്ചയാണ്. കൂടാതെ സീബ്രാ ലൈൻ ശ്രദ്ധിക്കാതെ എത്തുന്ന ഡ്രൈവർമാർ കാൽനട യാത്രക്കാരെ ഇടിച്ചിടുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് മിക്കപ്പോഴും വില്ലനാകുന്നത്. ഇതിന്റെ വഴക്കും തർക്കങ്ങളും പതിവാണ്. 

കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ പണിതപ്പോൾ അപകടക്കെണിയുള്ള കവലകളിലൊക്കെ മഞ്ഞവരകളോടു കൂടിയ സ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ ഇതു സഹായകരമായിരുന്നു. ഏറ്റവും വാഹന തിരക്കനുഭവപ്പെടുന്ന ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ യാത്രക്കാർ തന്നെ സ്വയം സുരക്ഷയൊരുക്കി യാത്ര നടത്തേണ്ട സ്ഥിതിയാണ്. ഇതിനിടെ ശ്രദ്ധ മാറിയാൽ വാഹനങ്ങളിടിച്ച് അപകടം ഉറപ്പ്. ട്രാഫിക് സിഗ്നൽ ലൈറ്റുകളെങ്കിലും സ്ഥാപിച്ച് ഇതിനു പരിഹാരം കാണാൻ കെഎസ്ടിപി തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com