ADVERTISEMENT

പത്തനംതിട്ട ∙ മീറ്ററുകളുടെ മാത്രം അകലത്തിൽ മുഖാമുഖംനിന്ന് മൂന്നു സ്ഥാനാർഥികൾ. ആരവം വാനോളമുയർത്തി പോപ്പർ ബ്ലാസ്റ്റുകളും വർ‌ണബലൂണുകളും. അകമ്പടിയായി നാസിക് ഡോളുകളുടെ മേളം, അടിപൊളി പാട്ടുകൾ. മുദ്രാവാക്യം വിളികളും നൃത്തച്ചുവടുകളുമായി പ്രവർത്തകർ. ജില്ലയിലെ തിരഞ്ഞെടുപ്പു പ്രചാരത്തിന് കലാശക്കൊട്ടോടെ ആവേശോജ്വല സമാപനം. കലാശക്കൊട്ടിനുള്ള വേദിയായി നിശ്ചയിച്ച അബാൻ ജം‌‌ക്‌ഷൻ 4 മണിയോടെ തന്നെ പ്രവർത്തകർ കയ്യടക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനംകുറിച്ച് പത്തനംതിട്ട അബാൻ ജംക്‌ഷനിൽ നടന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി, എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം.തോമസ് ഐസക്, എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനംകുറിച്ച് പത്തനംതിട്ട അബാൻ ജംക്‌ഷനിൽ നടന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി, എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം.തോമസ് ഐസക്, എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

ഉറപ്പാണ് ആന്റോ എന്ന പേരുവച്ച ലോറിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കൂടി എത്തിയതോടെ രംഗം കൊഴുത്തു. കലാശക്കൊട്ടിനായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രത്തിൽ ഉയർന്നുപൊങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആന്റോ ആന്റണിക്കൊപ്പം നിന്നു. നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതിനാൽ സംഘർഷം ഉണ്ടായില്ല. ചുവപ്പു തുണികൊണ്ടു മറച്ച ലോറിയുടെ മുകളിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം.തോമസ് മന്ത്രി വീണാ ജോർജിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ടോറസിനു മുകളിൽ സജ്ജീകരിച്ച പ്രതലത്തിലാണ് എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി നിന്നത്.

1. പത്തനംതിട്ട അബാൻ ജക്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌​​​​​ഷനിലെ കലാശക്കൊട്ടിൽ യുഡിഎഫ് പ്രവർത്തകർ ചുവടുവച്ചപ്പോൾ. 2. കലാശക്കൊട്ടിൽ എൽഡിഎഫ് പ്രവർത്തകരുടെ ആവേശം. 3. കലാശക്കൊട്ടിൽ എൻഡിഎ പ്രവർത്തകർ ചുവടുവച്ചപ്പോൾ.
1. പത്തനംതിട്ട അബാൻ ജക്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌​​​​​ഷനിലെ കലാശക്കൊട്ടിൽ യുഡിഎഫ് പ്രവർത്തകർ ചുവടുവച്ചപ്പോൾ. 2. കലാശക്കൊട്ടിൽ എൽഡിഎഫ് പ്രവർത്തകരുടെ ആവേശം. 3. കലാശക്കൊട്ടിൽ എൻഡിഎ പ്രവർത്തകർ ചുവടുവച്ചപ്പോൾ.

5 മണിയോടെ തങ്ങൾക്കു ലഭിച്ച ഇടങ്ങളിൽ‌ വട്ടംകൂടിനിന്ന പ്രവർത്തകർ നൃത്തം തുടങ്ങി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു സംഘടിച്ചിരുന്ന പൊലീസ് സംഘം അതിരുകൾ ഭദ്രമാക്കി പ്രവർത്തകരെ നിയന്ത്രിച്ചു. സമയം 6 മണിയോട് അടുത്തപ്പോൾ ആന്റോ ആന്റണിയുടെ കട്ടൗട്ടുകളുമായി യുഡിഎഫ് പ്രവർത്തകർ കൂട്ടത്തോടെ റോഡിലിറങ്ങി. ഡോ. ടി.എം.തോമസ് ഐസക് സിപിഎം പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പുഷ്‌പവൃഷ്ടിയോടെ പ്രവർത്തകർ അനിൽ കെ.ആന്റണിയെ എതിരേറ്റു. 6 മണിക്കു മാലപ്പടക്കം പൊട്ടിയതിനു പിന്നാലെ ശബ്ദപ്രചാരണം അവസാനിപ്പിക്കാൻ മുന്നണി പ്രവർത്തകർക്കു പൊലീസിന്റെ നിർദേശം.

അബാൻ ജം‌ക്‌ഷൻ സെൻട്രൽ ജംക്‌ഷൻ റോഡ് യുഡിഎഫ് പ്രവർത്തകരും അബാൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് എൽഡിഎഫ് പ്രവർത്തകരും കയ്യടക്കി. അബാൻ– മുത്തൂറ്റ് ഹോസ്പിറ്റൽ റോഡാണ് എൻഡിഎയ്ക്ക് അനുവദിച്ചിരുന്നത്.‘ആന്റോ ആന്റോ’ വിളികളോടെ യുഡിഎഫ് പ്രവർത്തകരും ‘മോദി മോദി’ വിളികളോടെ എൻഡിഎ പ്രവർത്തകരും പ്രചാരണം അവസാനിച്ചപ്പോൾ സിപിഎം പ്രവർത്തകരും പാർട്ടിയുടെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. ഇനി ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ ബൂത്തിലേക്ക്!

ആകെ വോട്ടർമാർ 14,29,700
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂർണ സജ്ജമായെന്ന് വരണാധികാരി കൂടിയായ കലക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. മണ്ഡലത്തിൽ ആകെ 14,29,700 വോട്ടർമാരാണുള്ളത്. ഇതിൽ 6,83,307 പുരുഷൻമാരും 7,46,384 സ്ത്രീകളും 9 ഭിന്നലിംഗ വിഭാഗക്കാരുമുണ്ട്. ലോക്സഭാ മണ്ഡലത്തിൽ 1,437 ബൂത്തുകളാണുള്ളത്. ഇതിൽ 75 ശതമാനം ബൂത്തുകളിൽ തത്സമയ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ആകെ 1,783 ബാലറ്റ് യൂണിറ്റ്, 1,773 കൺട്രോൾ യൂണിറ്റ്, 1,915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. നാളെ രാവിലെ 5.30 ന് മോക്പോൾ നടക്കും.

ജില്ലയിൽ 144 പ്രഖ്യാപിച്ചു
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിച്ച ഇന്നലെ വൈകിട്ട് 6 മുതൽ ജില്ലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. 27നു രാവിലെ 6 വരെ തുടരും. നിരോധനാജ്ഞാ കാലയളവിൽ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ , ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം തുടങ്ങിയവയ്ക്കു നിരോധനമുണ്ട്. വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിനു നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ലെന്നും കലക്ടർ അറിയിച്ചു. മദ്യനിരോധനം ഇന്നലെ വൈകിട്ട് 6 മുതൽ നാളെ വൈകിട്ട് 6 വരെയാണ് മദ്യനിരോധനം.

പോസ്റ്റൽ ബാലറ്റുകൾ 13,779
പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റൽ ബാലറ്റുകൾ. 85 വയസ്സിന് മുകളിൽ പ്രായമുള്ള 10,241 ൽ 9,666 ഉം ഭിന്നശേഷിക്കാരായ 2,126 പേരിൽ 2026 വോട്ടർമാരും വീട്ടിൽ വോട്ട് സൗകര്യം പ്രയോജനപ്പെടുത്തി. അവശ്യ സേവന വിഭാഗത്തിൽ 623 പേരിൽ നിന്നും 446 വോട്ടർമാരും 4,256 സർവീസ് വോട്ടർമാരിൽ 310 പേരും സമ്മതിദാനം വിനിയോഗിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റ് വഴി 1,331 വോട്ടുകളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

വ്യാജ വോട്ട് തടയാൻ യുഡിഎഫ്
.പത്തനംതിട്ട ∙ സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ വോട്ടർമാരുടെ വ്യാജ വോട്ട് സിപിഎം ചെയ്യാൻ സാധ്യതയുള്ളതിനാൽ മണ്ഡലത്തിലെ 1497 ബൂത്തുകളിലും എത്തി വോട്ട് ചെയ്യാൻ സാധ്യതയില്ലാത്തവരുടെ പട്ടിക യുഡിഎഫ് പോളിങ് ഏജന്റുമാർ പ്രിസൈഡിങ് ഓഫിസർമാർക്ക് പോളിങ് ആരംഭിക്കുന്നതിന് മുൻപ് കൈമാറുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ചു യുഡിഎഫിന് ലഭിച്ച തെളിവുകൾ ഇന്ന് റിട്ടേണിങ് ഓഫിസർ, നിരീക്ഷകൻമാർ, ചീഫ് ഇലക്ടറൽ ഓഫിസർ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവർക്ക് ഇന്ന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ദിന സുരക്ഷയ്ക്ക് വൻസുരക്ഷാ മുൻകരുതൽ
പത്തനംതിട്ട ∙ 11 ഡിവൈഎസ്പിമാർ, 30 സർക്കിൾ ഇൻസ്പെക്ടർമാർ, 230 സബ് ഇൻസ്പെക്ടർമാർ, 1253 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ സുരക്ഷാ ഉറപ്പാക്കുക. തമിഴ്നാട് പൊലീസിൽ നിന്നുള്ള 80 ഉദ്യോഗസ്ഥരും സെൻട്രൽ പാരാമിലിറ്ററി ഫോഴ്‌സിലെ 24 ഉദ്യോഗസ്ഥരെയും എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ്, സ്‌പെഷൽ പൊലീസ് ഫോഴ്സ്, ഹോം ഗാർഡ് ഉദ്യോഗസ്ഥരെയും ജില്ലയിൽ വിന്യസിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. വനമേഖലയിലെ ബൂത്തുകളിൽ പ്രത്യേക സുരക്ഷാ സന്നാഹങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രമസമാധന പാലനത്തിനും ബൂത്തുകൾക്കും സ്ട്രോങ് റൂമുകൾക്കും കാവൽ നിൽക്കുന്നതിനും സിആർപിഎഫിനെയും ഉപയോഗിക്കുന്നുണ്ട്. എല്ലാ ബൂത്തുകളിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

1437 പോളിങ് ബൂത്തുകൾ
മണ്ഡലത്തിൽ 1437 പോളിങ് ബൂത്തുകൾ സജ്ജമായി. ജില്ലയിലെ പോളിങ് ബൂത്തുകൾ 1077 ആണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലായി 360 ബൂത്തുകളും ഒരുങ്ങി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ആറന്മുള 246, കോന്നി 212, അടൂർ 209, തിരുവല്ല 208, റാന്നി 202, പൂഞ്ഞാർ 179, കാഞ്ഞിരപ്പള്ളി 181 പോളിങ് ബൂത്തുകളാണുള്ളത്. മണ്ഡലത്തിൽ 17 പ്രശ്ന ബാധിത ബൂത്തുകളും 137 പ്രശ്നസാധ്യതാ ബൂത്തുകളും 34 മോഡൽ പോളിങ് ബൂത്തുകളും 70 പിങ്ക് (സ്ത്രീ സൗഹൃദ) പോളിങ് ബൂത്തുകളുമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com