ADVERTISEMENT

പത്തനംതിട്ട ∙ നഗരത്തിൽ രാഷ്ട്രീയക്കാരുടെ ഇഷ്ടവേദിയായ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓപ്പൺ സ്റ്റേജ് ഇനി ഓർമ. അബാൻ മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഇന്നലെ ഓപ്പൺ സ്റ്റേജ് പൊളിച്ചുമാറ്റി. അബാൻ മേൽപാലത്തിന്റെ സർവീസ് റോഡ് ഓപ്പൺ സ്റ്റേജിന്റെ മധ്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ സ്റ്റേജ് നിലനിർത്തിയാൽ ഗതാഗത കുരുക്കും അപകട സാധ്യതയും ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പൊളിച്ചു മാറ്റിയത്.

ആദ്യം ഇതിന്റെ മേൽക്കൂര ഇളക്കി മാറ്റി. ഇന്നലെ  മണ്ണുമാന്തി ഉപയോഗിച്ച് അടിത്തറയും  ഇളക്കി. പണ്ട് സെൻട്രൽ ജംക്‌ഷനിലായിരുന്നു എല്ലാ സമ്മേളനങ്ങളുടെയും സ്ഥിരം വേദി. ഇതുമൂലം ഗതാഗത കുരുക്കും വ്യാപാര നഷ്ടവും ഉണ്ടാകാൻ തുടങ്ങിയതോടെ  വ്യാപാരികൾ കോടതിയെ സമീപിച്ചു. സെൻട്രൽ ജംക്‌ഷനിൽ വലിയ സമ്മേളനങ്ങൾ നടത്തുന്നതിനു നിയന്ത്രണം വന്നു.

ജില്ലാ ആസ്ഥാനത്ത് സമ്മേളനങ്ങൾ നടത്താൻ സ്ഥലം ഇല്ലാതെ രാഷ്ട്രീയക്കാരും വിഷമിച്ചു. എ.സുരേഷ് കുമാർ നഗരസഭ അധ്യക്ഷൻ ആയിരിക്കുമ്പോഴാണു സമ്മേളനങ്ങൾക്കുള്ള സ്ഥിരം വേദിയായി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ ഓപ്പൺ സ്റ്റേജ് നിർമിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വലിയ സമ്മേളനങ്ങൾക്ക് ഇവിടം വേദിയായി. സ്റ്റേജ് കെട്ടുന്നതിനു വലിയ തുകയാണ് ചെലവ് വരുന്നത്.

സ്ഥിരം വേദിയായതോടെ ചെലവ് കുറയ്ക്കാൻ കഴിഞ്ഞു. ബസ് സ്റ്റാൻഡ് ആയതിനാൽ എപ്പോഴും കാഴ്ചക്കാരുണ്ട്. അതിനാൽ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ചെറിയ പരിപാടികൾക്കു പോലും കാഴ്ചക്കാർ ഏറെയായി. അങ്ങനെ രാഷ്ട്രീയം പറയുന്നവരുടെയും കേൾക്കുന്നവരുടെയും ഇഷ്ട സങ്കേതമായി ഇവിടം മാറിയതാണ്. നഗരത്തിൽ ഇനിയും സമ്മേളനങ്ങൾക്കു പുതിയ വേദി കണ്ടെത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com