ADVERTISEMENT

കോഴഞ്ചേരി ∙ ടികെ റോഡിൽ പഴയതെരുവിലെ സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് രണ്ടാഴ്ചയാകുന്നു. റോഡുവശത്ത് ജല അതോറിറ്റിയുടെ പൈപ്പിട്ട കുഴികൾ വീണ്ടും ടാറിങ് നടത്തുന്നതിനിടെയാണ് കേബിൾ പൊട്ടി തകരാർ സംഭവിച്ചതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ പൊതുമരാമത്ത് വിഭാഗം ഇതു നിഷേധിച്ചു. തർക്കം ഉടലെടുത്തതോടെ തകരാ‍ർ പരിഹരിക്കുന്നത് നീളുന്നു.

പഞ്ചായത്ത് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 36000 രൂപ തകരാർ പരിഹരിക്കാൻ വേണ്ടിവരും. സിഗ്നൽ ഇല്ലാതായതോടെ 4 റോഡുകൾ ചേരുന്ന ഭാഗം അപകടമേഖലയായി മാറി. ടികെ റോഡിലേക്ക് മണ്ണാറക്കുളഞ്ഞി – കോഴഞ്ചേരി റോഡ് എത്തിച്ചേരുന്ന ഭാഗത്താണ് സിഗ്നൽ ലൈറ്റ്. ജില്ലാ വ്യവസായ ഓഫിസ് റോഡും ചേരുമ്പോൾ 4 റോഡ് ചേരുന്നിടമായി. നേരത്തേ ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ നടന്നതോടെയാണ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനുള്ള ആവശ്യമുയർന്നത്. 

ആന്റോ ആന്റണി എംപി ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് 2018 മാർച്ചിലാണ് സിഗ്നൽ സ്ഥാപിക്കുന്നത്. അതോടെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. ടികെ റോഡുവശത്ത് ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ റോഡു കുഴിച്ചത് രണ്ടാഴ്ച മുൻപ് വീണ്ടും ടാറിങ് നടത്തിയിരുന്നു. കുഴിയിൽ പാറമക്ക് നിറച്ചാണ് ടാറിങ് നടത്തിയത്. പാറമക്ക് ഇടാനായി വീണ്ടും കുഴിച്ചപ്പോൾ കേബിൾ മുറിഞ്ഞതാകാം കാരണമെന്ന് കരുതുന്നു.

കേബിൾ മുറിഞ്ഞതോടെ സിഗ്നൽ തകരാറിലാവുകയും പൊതുമരാമത്ത് വകുപ്പ് കൈയൊഴിയുകയും ചെയ്തു. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസോ ഹോം ഗാർഡോ ഇല്ല. നാരങ്ങാനം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ടികെ റോഡിലേക്കു പെട്ടെന്നു പ്രവേശിക്കുമ്പോഴാണ് അപകടം നടക്കുന്നത്. സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ച് അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com