ADVERTISEMENT

മല്ലപ്പള്ളി ∙ വലിയപാലത്തിൽ സ്വകാര്യബസും ടൂറിസ്റ്റ് ബസും ഇരുദിശകളിൽനിന്ന് ഒരേസമയം പ്രവേശിച്ചു. ഇതിനെ തുടർന്നു ടൗണിലുണ്ടായ ഗതാഗതക്കുരുക്ക് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഇന്നലെ രണ്ടേമുക്കാലോടെയാണു കുരുക്കിനു തുടക്കമിട്ടത്. 10 മിനിറ്റിലേറെ ഒടുവിൽ ടൗണിനോടു ചേർന്നുള്ള കരയിൽനിന്നു പാലത്തിലേക്കു പ്രവേശിച്ച ടൂറിസ്റ്റ് ബസ് പിന്നോട്ടെടുത്താണു ഗതാഗതം സാധാരണ നിലയിലായത്. ഇതിനിടയിൽ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലും ആനിക്കാട് റോഡിലും വാഹനങ്ങളുടെ നിര നീണ്ടു. വലിയപാലം എന്നാണു പേരെങ്കിലും ഇരുദിശകളിലേക്കും പോകുന്നതിനു പാലത്തിൽ വലിയ വാഹനങ്ങൾ കയറിയാൽ ടൗണും പരിസരവും ഗതാഗതം നിശ്ചലമാകുന്ന സ്ഥിതിയാണ്.

കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലുള്ള ഏക ഇടുങ്ങിയ പാലമാണ് മല്ലപ്പള്ളിയിലേത്. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ മണിമലയാറ്റിലെ പുവനക്കടവിൽ നിർമിച്ച പാലത്തിന് 6 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1954 സെപ്റ്റംബർ 19 നാണ് പാലം ഉദ്ഘാടനം ചെയ്തു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ജില്ലയിലെ പ്രധാന പാലങ്ങളിലൊന്നാണെങ്കിലും ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുദിശകളിലേക്കും പോകാൻ കഴിയാറില്ല. ഒരു വാഹനം പാലത്തിൽകൂടി കടന്നുപോകുമ്പോൾ മറ്റൊരു വാഹനം  കാത്തുകിടക്കണം. ഇതിനു മാറ്റമുണ്ടായാൽ ഗതാഗതക്കുരുക്കാവും സ്ഥിതി.

"വലിയപാലം" എന്നപേരിൽ അറിയപ്പെടുന്ന പാലം വർഷങ്ങളുടെ പെരുമയേറുമ്പോഴും ദുരിതമാണ് താലൂക്ക് നിവാസികൾക്ക് സമ്മാനിക്കുന്നത്. മല്ലപ്പള്ളി താലൂക്കിൽ മണിമലയാറ്റിൽ കുളത്തൂർമൂഴി, കടൂർക്കടവ്, കാവനാൽകടവ്, പടുതോട്, കറുത്തവടശേരിക്കടവ് എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ പണിതു. വെണ്ണിക്കുളം കോമളം കടവിൽ പുതിയ പാലം നിർമാണം പുരോഗമിക്കുന്നു. ഇവിടങ്ങളിലെ വികസനത്തിനു പാലം പ്രയോജനപ്പെട്ടുവെങ്കിലും മല്ലപ്പള്ളി ടൗണിലെയും സമീപത്തെയും ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com