ADVERTISEMENT

നീരാട്ടുകാവ് ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ തുടക്കമിട്ട മന്ദമരുതി–അത്തിക്കയം റോഡ് വികസനത്തിനു മെല്ലെപ്പോക്കു നയം. രണ്ടു മാസത്തിലധികമായി റോഡിൽ പണികളൊന്നും നടക്കുന്നില്ല. വരൾച്ചക്കാലത്തു നടത്തേണ്ട സ്റ്റോറുംപടി പാലത്തിന്റെ നിർമാണവും തുടങ്ങിയിട്ടില്ല. മന്ദമരുതി–വെച്ചൂച്ചിറ റോഡിലെ മന്ദമരുതിയിൽ നിന്നാരംഭിച്ച് സ്റ്റോറുംപടി, നീരാട്ടുകാവ്, കക്കുടുമൺ, പേമരുതി, കുറ്റിയിൽപടി വഴി ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയിലെ അത്തിക്കയത്തു സന്ധിക്കുന്ന റോഡാണിത്. ശബരിമല അനുബന്ധ റോഡ് പദ്ധതിയിൽ 13 കോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് വികസിപ്പിക്കുന്നത്. ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തുകയാണ് പദ്ധതി.

കലുങ്ക്, വശങ്ങളിൽ സംരക്ഷണഭിത്തി, ഓട എന്നിവയുടെ പണി ആരംഭിച്ചിരുന്നു. കലുങ്കുകളുടെ പണി പൂർ‌ത്തിയായിട്ടില്ല. രണ്ടേകാൽ മാസം മുൻപ് തട്ടടിച്ചിട്ട കലുങ്ക് വാർത്തിട്ടില്ല. സംരക്ഷണഭിത്തിയുടെ നിർമാണം നിലച്ചിട്ട് മൂന്നു മാസത്തിലധികമായെന്ന് സമീപവാസികൾ പറയുന്നു. റോഡിലെ പ്രധാനപ്പെട്ട പണികളിലൊന്ന് സ്റ്റോറുംപടി പാലം പൊളിച്ചു പണിയുകയെന്നതാണ്. തകർച്ച നേരിടുന്ന പാലം പൊളിച്ചു പണിയുന്നതിന് എസ്റ്റിമേറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്. മാടത്തരുവി തോട്ടിലെ പാലമാണിത്. തോട്ടിൽ ജലനിരപ്പു താഴുമ്പോൾ മാത്രമേ പാലത്തിന്റെ പണി നടത്താനാകൂ. ഇപ്പോൾ തോട്ടിൽ വെള്ളമില്ല. തൂണുകളുടെ അടിത്തറയുടെ പണി നടത്താം. മഴക്കാലത്തിനു മുൻപ് ഇതു സാധ്യമായില്ലെങ്കിൽ അടുത്ത വർഷം ജനുവരി വരെ കാത്തിരിക്കേണ്ടിവരും. ഒന്നര വർഷം കൂടി കഴിയാതെ റോഡ് നിർമാണം പൂർത്തിയാക്കാനും കഴിയില്ല.

ഉപരിതലത്തിലെ ടാറിങ് പൂർണമായി പൊളിച്ചു നീക്കിവേണം റോഡ് നിരപ്പാക്കാൻ. അതിനു ശേഷം മാത്രമേ ബിഎം ടാറിങ് നടത്താനാകൂ. ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാത്തതാണ് ഇതിനു തടസ്സമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. മന്ദമരുതി മുതൽ സ്റ്റോറുംപടി വരെ പൈപ്പുകളിട്ടിരുന്നു. ബാക്കി പണി വൈകുകയാണ്. പൈപ്പിട്ട ഭാഗത്ത് റോഡ് നിരപ്പാക്കാനാകും. അതും നടത്തുന്നില്ല. 10 വർഷം മുൻപ് പിഡബ്ല്യുഡി ഏറ്റെടുത്ത റോഡാണിത്. അതിനു ശേഷം കാര്യമായ നിർമാണം നടക്കുന്നത് ഇപ്പോഴാണ്. സ്റ്റോറുംപടി–അത്തിക്കയം വരെ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. മന്ദമരുതി–സ്റ്റോറുംപടി വരെ അതും നടത്തിയിട്ടില്ല. റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. ജനം വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന നിർമാണമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com