ADVERTISEMENT

റാന്നി പെരുനാട് ∙ മിനി സിവിൽ സ്റ്റേഷന്റെ നിർമാണമെന്നു പൂർത്തിയാകും? ജനപ്രതിനിധികൾക്ക് അടക്കം ആർക്കും ഉറപ്പില്ലാത്ത സ്ഥിതി. നിർമാണം തുടങ്ങി ഏഴു വർഷത്തോളമായിട്ടും പൂർത്തിയായിട്ടില്ല. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തോടു ചേർന്ന് പെരുനാട് പഞ്ചായത്തിന്റെ സ്ഥലത്ത് 2017 ഡിസംബറിലാണ് മിനി സിവിൽ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചത്. 3 നിലകളോടെ കെട്ടിടം നിർമിക്കുകയായിരുന്നു പദ്ധതി. എംഎൽഎയായിരുന്ന രാജു ഏബ്രഹാമിന്റെ ഫണ്ടിൽ നിന്നനുവദിച്ച 1.05 കോടി രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. താഴത്തെ നിലയും ഒന്നാം നിലയും നിർമിച്ചതിനു പിന്നാലെ പണി നിലച്ചു.

സാമ്പത്തിക പരിമിതി നിർ‌മാണത്തെ ബാധിക്കുകയായിരുന്നു.കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് എംഎൽഎ ഫണ്ടിൽ ഒരു കോടി രൂപ കൂടി അനുവദിച്ചിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ മൂലം കരാർ‌ നടപടി വൈകിയിരുന്നു. കഴിഞ്ഞ വർഷം നിർമാണം പുനരാരംഭിച്ചിരുന്നു. ഒന്നാം നിലയിൽ ജനാലകളും കതകുകളും സ്ഥാപിച്ചു. രണ്ടാം നിലയുടെ വാർപ്പും കഴിഞ്ഞതോടെ പണി നിലച്ചതാണ്. പിന്നീട് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. രണ്ടാം നില കട്ട കെട്ടി അടയ്ക്കുന്നത് അടക്കമുള്ള പണികൾ ബാക്കിയാണ്.

താഴത്തെ നില പാർക്കിങ്ങിനാണ്. ഇലക്ട്രിക്കൽ മുറിയും ഇവിടെ ക്രമീകരിക്കും. 3 ശുചിമുറികളുമുണ്ട്. ഒന്നും രണ്ടും നിലകളിൽ 6 ഓഫിസ് മുറികൾ, വരാന്ത, 4 ശുചിമുറികൾ എന്നിവ വീതമാണ് ഒരുക്കുന്നത്. 2 പടിക്കെട്ടുകളും ഉണ്ട്.വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരേ കൂരയ്ക്കു കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയിട്ടത്. എന്നാൽ‌ അതു യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണം വൈകുന്തോറും എസ്റ്റിമേറ്റ് തുക ഉയരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com