ADVERTISEMENT

പന്തളം ∙ കടുത്ത ചൂടിൽ ഇത്തവണ വിളവ് ഗണ്യമായി കുറഞ്ഞതു കരിങ്ങാലിപ്പാടത്തെ കർഷകർക്കും തിരിച്ചടിയായി. പ്രളയം, വെള്ളപ്പൊക്കം, വരൾച്ച, നെല്ലുവില യഥാസമയം ലഭിക്കാതിരുന്നതടക്കം മുൻ വർഷങ്ങളിലെ പ്രതിസന്ധികൾക്കു പിന്നാലെയാണ് ഇത്തവണ കുറഞ്ഞ വിളവ് കർഷകർക്ക് പ്രഹരമായത്. ഇടമഴ ലഭിക്കേണ്ട സമയത്ത് മഴ ലഭിച്ചില്ലെന്ന് മാത്രമല്ല, കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ചൂട് കാരണം കതിരിലെ പാല് വറ്റിയത് നെന്മണികളെ ദോഷമായി ബാധിച്ചു. ഇവ മങ്കായി മാറി. കൊയ്തെടുത്ത നെല്ലിൽ മങ്കിന്റെ അളവ് കൂടുന്തോറും വില കുത്തനെ കുറഞ്ഞു.

പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്കാണ് വലിയ ആഘാതം. പാടമൊരുക്കൽ, വളം, കൊയ്ത്ത് മെഷീൻ വാടക എന്നിവയ്ക്കടക്കം ചെലവായ തുക കുറച്ചാൽ പലർക്കും മിച്ചമൊന്നുമില്ല. ചേരിക്കൽ മൂന്നുകുറ്റിയിൽ 60 ഏക്കറോളം പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത യുവകർഷകരായ ഹരിലാലിനും ബിജുവിനും പറയാനുള്ളതും നഷ്ടത്തിന്റെ കണക്ക് മാത്രം. നെൽക്കൃഷിയിൽ ആകൃഷ്ടരായി കഴിഞ്ഞ 3 വർഷമായി കൃഷി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരാണ് ഇവർ. സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരെല്ലാം.

ചിറ്റിലപ്പാടത്ത് 3.8 ഏക്കറിൽ കൃഷി ചെയ്ത പാടശേഖരസമിതി ജോയിന്റ് സെക്രട്ടറി വർഗീസ് ജോർജിന് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇത്തവണ കണക്കാക്കുന്നത്. 1700 ഏക്കറോളം വരുന്ന കരിങ്ങാലിപ്പാടശേഖരത്തിലെ മിക്ക കർഷകർക്കും ഇത്തവണ വിളവ് മൂന്നിലൊന്നായി കുറഞ്ഞു. മങ്ക് ഒഴിവാക്കി നൽകിയാലേ നെല്ലെടുക്കൂവെന്ന നിലപാടിലായിരുന്നു മില്ലുകാർ. ഇതിനായി, മങ്ക് നീക്കം ചെയ്യുന്ന യന്ത്രമെത്തിച്ചാണ് നെല്ല് തിരഞ്ഞത്. ഈ യന്ത്രത്തിനു നൽകേണ്ടി വന്ന പ്രതിദിന വാടകയും ഇത്തവണത്തെ നഷ്ടക്കണക്കിൽ പെടും. മുൻകൂട്ടി കാണാനാവാത്ത സമാനമായ പലവിധ പ്രതിസന്ധികളെ അതിജീവിച്ചു ഇനി എങ്ങനെ കൃഷി തുടരുമെന്ന ആശങ്കയിലാണ് കർഷകർ.

കൃഷി വകുപ്പ്  മനസ്സു വച്ചാൽ...
പാടത്ത്  അടിസ്ഥാനസൗകര്യമൊരുക്കിയാൽ ഇത്തവണത്തെ സ്ഥിതി ഇനി ആവർത്തിക്കില്ലെന്ന് കർഷകർ പറയുന്നു. അതിന് കൃഷി വകുപ്പ് കനിയണം. ഒരേ പാടശേഖരമെങ്കിലും വ്യത്യസ്ത പാടശേഖരസമിതികൾക്കെല്ലാം പറയാൻ പരാതികളേറെയുണ്ട്. ബണ്ട് ഉയർത്തി നിർമിക്കുകയും ഡീവാട്ടറിങ്ങിനുള്ള സൗകര്യമൊരുക്കുകയും ചെയ്താൽ നവംബർ അവസാനവും ഡിസംബർ ആദ്യവുമായി വിത്ത് വിതയ്ക്കാം. കടുത്ത വേനലെത്തും മുൻപ് തന്നെ നെല്ല് കൊയ്തെടുക്കാൻ ഇത് സഹായിക്കും.

ഇത്തവണത്തേത് പോലെ വിളവ് കുത്തനെ കുറഞ്ഞ ഒരു കാലം ഓർമയിലേയില്ലെന്ന് വലിയകൊല്ല പാടശേഖരസമിതി പ്രസിഡന്റ് രാജൻ സാമുവൽ, സെക്രട്ടറി സുഗതൻ എന്നിവർ പറഞ്ഞു. മൂന്നിലൊന്നും മങ്കായിരുന്നു. ആർകെവിവൈ പദ്ധതി പ്രകാരം 70 ലക്ഷം രൂപയുടെ പദ്ധതി ഇവിടെ നടപ്പാക്കി. ട്രാൻസ്ഫോമർ സ്ഥാപിക്കാത്തതിനാൽ മോട്ടർ മിക്കപ്പോഴും കാഴ്ചവസ്തുവാണ്. ഈ പ്രശ്നം പരിഹരിച്ചാൽ വെള്ളം നീക്കി ഡിസംബർ ആദ്യം തന്നെ വിത്ത് വിതയ്ക്കാനാകും. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ അധികൃതർ തയാറാവുന്നില്ലെന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com