ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിലെ പ്രധാനപ്പെട്ട 3 ആശുപത്രികൾ ഇപ്പോൾ ‘ചികിത്സയിലാണ്’.  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനുള്ള പുതിയ കെട്ടിടനിർമാണം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിട നിർമാണ ജോലികൾ, അടൂർ ജനറൽ ആശുപത്രിയിയിലും പുതിയ കെട്ടിട നിർമാണത്തിന്റെ തിരക്ക്. പണികൾ തകൃതിയായി നടക്കമ്പോഴും രോഗികളുടെ ബുദ്ധിമുട്ട് ആരുടെയും ശ്രദ്ധയിൽ വരുന്നില്ലെന്നതാണ് അദ്ഭുതം. വേനൽമഴ ശക്തിപ്പെട്ടതോടെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നതൊഴിവാക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് ജില്ലയിൽ 9 ഡെങ്കി ഹോട്സ്പോട്ടുകളുണ്ട്. 

എന്നും ഒഴിയാത്ത തിരക്ക്; സൗകര്യങ്ങളോ പരിമിതം
കോഴഞ്ചേരി ∙ ജില്ലാ ആശുപത്രിയിൽ എന്നും രാവിലെ മുതൽ തിരക്കാണ്. ജില്ലയുടെ പല ഭാഗങ്ങളിൽനിന്ന് എത്തുന്നവരിൽ അവശതയുള്ളവരുമുണ്ട്. അമ്മമാരുടെ നെഞ്ചോടു ചേർന്ന് കൊച്ചുകുട്ടികൾ അവരുടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. വരാന്തകളിലെ പരിമിത സൗകര്യങ്ങളിൽ രോഗികളും കൂടെയുള്ളവരും നിന്നും ഇരുന്നും അവരവരുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്.

ജില്ലാ ആശുപത്രിയിൽ ഒപി വിഭാഗത്തിലെത്തുന്ന രോഗികളും കൂടെയുള്ളവരും വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. നിലവിലുണ്ടായിരുന്ന ഒപി കെട്ടിടം പൊളിച്ച് 30 കോടി രൂപ ചെലവിൽ പുതിയ കെട്ടിടനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. നിർമാണത്തിനുവേണ്ടി ഒപി വിഭാഗങ്ങൾ മാറ്റിസ്ഥാപിച്ചിരിക്കുകയാണ്.

ജില്ലാ കാൻസർ സെന്ററിന്റെ പേ വാർഡ് മുറികൾ വാടകയ്ക്ക് എടുത്താണ് ഒപി മുറികളാക്കിയിരിക്കുന്നത്. 11 ഒപി വിഭാഗങ്ങളിലായി ദിവസം ആയിരത്തോളം രോഗികളാണ് എത്തുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്ത് ഇത്രയും രോഗികൾ എത്തുമ്പോൾ അവർക്ക് നിന്നു തിരിയാൻ സ്ഥലമില്ലെന്നുള്ളതാണ് പ്രശ്നം. മരുന്നു വാങ്ങിക്കുന്ന ഫാർമസിക്കു മുൻപിലും കടുതൽ സമയം കാത്തിരിക്കേണ്ടിവരുന്നു.

ആശുപത്രിയിൽ നേത്രചികിത്സാ വിഭാഗത്തിന്റെയും ആധുനിക സൗകര്യങ്ങളുള്ള പ്രസവ വാർഡ്, തിയറ്റർ എന്നിവയുടെയും പണികൾ അവസാനഘട്ടത്തിലാണ്. 3 മാസത്തിനുള്ളിൽ പൂർത്തിയാകും. പകർച്ചവ്യാധികളായ എലിപ്പനി, ഡെങ്കിപ്പനി എന്നിവയും കോവിഡും ജില്ലാ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

വെയിൽച്ചൂടിൽ നടന്ന് അമ്മമാർ
പത്തനംതിട്ട ∙ പുറത്ത് പൊള്ളുന്ന വെയിലാണ്. ജനിച്ചു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞുങ്ങളുമായി അമ്മമാരും അവരുടെ ബന്ധുക്കളും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിൽനിന്ന് അഡ്മിനിസ്ട്രേഷൻ വാർഡിലെ വാക്സീൻ വിതരണ കേന്ദ്രത്തിലേക്ക് നടക്കുകയാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കാരങ്ങളാണ് ദുരിതമായിരിക്കുന്നത്. 

കുട്ടികളുടെ വാർഡും പ്രസവ വാർഡും ബി ആൻഡ് സി വാർഡിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കുഞ്ഞുങ്ങൾക്കു നൽകേണ്ട വാക്സിനേഷൻ വിതരണത്തിനുള്ള ക്രമീകരണം അഡ്മിനിസ്ട്രേഷൻ വാർഡിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ മരക്കാലിന്റെ എങ്കിലും മറവുള്ളത് ഇപ്പോൾ ഒപി പ്രവർത്തിക്കുന്ന പേ വാർഡ് കെട്ടിടത്തിനു സമീപം മാത്രമാണ്.

ബാക്കി ഭാഗത്തുകൂടി പിഞ്ചുകുഞ്ഞുങ്ങളെ എടുത്തു പോകുന്ന അമ്മമാരുടെ സങ്കടം കാണാൻ ആരുമില്ല എന്നാണ് ആരോപണം. മഴക്കാലം ശക്തമാകുന്നതോടെ കുഞ്ഞുങ്ങളും മറ്റു രോഗികളും ഇവിടെ എങ്ങനെ ഇരുഭാഗത്തേക്കും യാത്ര ചെയ്യുമെന്ന ആശങ്കയുമുണ്ട്. മാസങ്ങൾക്കു മുൻപ് കെട്ടിടം പൊളിച്ചപ്പോൾ ശരിയായ ക്രമീകരണം ഏർപ്പെടുത്താത്തതാണ് ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നത്.  

മണ്ണ്, പൊടി, അസൗകര്യം; ശ്വാസം മുട്ടി രോഗികൾ
അടൂർ ∙ ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന പണികൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പഴയ പേവാർഡ് പൊളിച്ച് നീക്കിയിടത്താണ് പണികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോൾ സ്ഥലത്തെ മണ്ണു നീക്കുന്ന ജോലികളാണ് നടക്കുന്നത്. നീക്കുന്ന മണ്ണ് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്താണ് കൊണ്ടിടുന്നത്.

ടിപ്പറിൽ മണ്ണ് അത്യാഹിത വിഭാഗത്തിന്റെ ഭാഗത്തു കൂടിയാണ് കൊണ്ടു പോകുന്നത്. ഈ ഭാഗത്തെല്ലാം മണ്ണ് വീണ് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. മണ്ണ് എടുക്കുന്ന ഭാഗത്തും പൊടിശല്യമുണ്ട്. ഇത് ഇല്ലാതാക്കാൻ വെള്ളം തളിക്കുന്നതുപോലുമില്ല.ഒപി വിഭാഗത്തിലേക്കും അത്യാഹിത വിഭാഗത്തിലേക്കു പൊടി അടിച്ചു കയറുന്നതായും പരാതിയുണ്ട്.

അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ ടൈൽ പാകിയിടത്തു കൂടിയാണ് ടിപ്പർ ലോറി മണ്ണുമായി പോകുന്നത്. ഇതുമൂലം ടൈൽ പൊട്ടുന്നതിനും ഇടയായിട്ടുണ്ട്. ഒപി വിഭാഗത്തിലേക്ക് കയറുന്ന ഭാഗത്ത് നിർമാണത്തിന്റെ ഭാഗമായിട്ടുള്ള വലിയ വാഹനം കൊണ്ടിട്ടിരിക്കുന്നതും രോഗികളെ വലയ്ക്കുന്നു. ടിപ്പറുകൾ മണ്ണുമായി പോകുന്ന സമയത്ത് രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്നതിനും ബുദ്ധിമുട്ടാണ്. 

കഴിഞ്ഞ ഒക്ടോബർ 29നാണ് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്. എന്നാൽ പണികൾ ഇഴയുന്നതിനാൽ മണ്ണു നീക്കുന്ന ജോലികളും മറ്റുമാണ് ഇതുവരെ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com