ADVERTISEMENT

തിരുവല്ല ∙ റോഡും പാലവും വെള്ളത്തിൽ മുങ്ങിയതോടെ പെരിങ്ങര വേങ്ങലിൽ മരിച്ച വയോധികന്റെ മൃതദേഹം വീട്ടിലെത്തിച്ചത് നാട്ടുകാർ ചുമലിലേറ്റി. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസി(80)ന്റെ മൃതദേഹമാണു വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലെ വാണിയപുരയ്ക്കൽ–ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് കടന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്കാര ചടങ്ങിനായി വസതിയിൽ എത്തിച്ചത്.

കനത്ത മഴയെ തുടർന്ന് വേങ്ങലിൽ പാടശേഖരത്തിന് മധ്യത്തിലൂടെ ഉള്ള റോഡും താൽക്കാലികമായി നിർമിച്ച പാലവും വെള്ളത്തിനടിയിലായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മധ്യത്തിലെ തുരുത്തിൽ മകനും കുടുംബത്തോടും ഒപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് 300 മീറ്ററോളം നീളവും നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിന് അടിയിലായി. ഇതോടെ വെള്ളിയാഴ്ച തെങ്ങിൻ തടിയും ഇരുമ്പു പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തിൽ താൽക്കാലിക പാലം നിർമിച്ചു. വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയിൽ താൽക്കാലികമായി നിർമിച്ച പാലവും വെള്ളത്തിന് അടിയിലായി. അന്ത്യ ശുശ്രൂഷകൾക്കായി ഇന്നലെ 9ന് വെള്ളക്കെട്ട് താണ്ടി മൃതദേഹം വീട്ടിലെത്തിച്ചു.

വീണ്ടും 11ന് പെരുന്തുരുത്തി സെന്റ് പീറ്റേഴ്സ് സിഎസ്ഐ പള്ളിയിലെ സംസ്കാര ചടങ്ങുകൾക്കായി വെള്ളക്കെട്ടിലൂടെ തന്നെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. 5 കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്. വർഷത്തിൽ ആറു മാസത്തിലധികം തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com