തിരുവനന്തപുരം ∙ നെല്ലു സംഭരണത്തിനു സർക്കാരിന് 1600 കോടി രൂപ വായ്പ നൽകാനുള്ള നടപടികൾ കേരള ബാങ്ക് ഉടൻ ആരംഭിക്കും. 19നു മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ജി.ആർ.അനിലിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗമാണു കേരള ബാങ്കിൽ നിന്നു വായ്പ എടുക്കാൻ തീരുമാനിച്ചത്.
ഇതിന്റെ മിനിറ്റ്സ് ലഭിച്ചാൽ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നു കേരള ബാങ്ക് മേധാവികൾ വ്യക്തമാക്കി. ബാങ്കുകളുടെ കൺസോർഷ്യം 6.9% പലിശയ്ക്കു വായ്പ നൽകാമെന്നു സമ്മതിച്ചു. മറ്റു ചെലവുകൾ കൂടി നോക്കുമ്പോൾ പലിശ ഉയരും. കേരള ബാങ്കിൽ നിന്ന് 7.65% പലിശയ്ക്കാണു വായ്പ എടുക്കുന്നത്.
നെല്ലു സംഭരിച്ചതിന് സപ്ലൈകോയ്ക്ക് 1000 കോടി രൂപയോളം സർക്കാർ നൽകാനുണ്ട്. കേരള ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയിൽ നല്ലൊരു വിഹിതം കുടിശിക നൽകാൻ ചെലവഴിക്കും.
ഒരു കിലോഗ്രാം നെല്ല് 28.20 രൂപയ്ക്കാണു സംഭരിക്കുന്നത്. ഇതിൽ 20.40 രൂപ കേന്ദ്രം അനുവദിക്കും. ഫെബ്രുവരിയിലാണ് അടുത്ത സീസണിലെ സംഭരണം ആരംഭിക്കേണ്ടത്.ഇതിനുവേണ്ടി മില്ലുകളുമായി ഇതുവരെ കൃഷി വകുപ്പ് ധാരണയിൽ എത്തിയിട്ടില്ല.