ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) ഡിജിറ്റൽ സർവകലാശാലയാകുന്നത് നോളജ് ഹബ് എന്ന ലക്ഷ്യത്തിലേക്കുള്ള തലസ്ഥാനത്തിന്റെ കുതിപ്പിന് കരുത്തേകും. രാജ്യാന്തര ഗവേഷണസ്ഥാപനമായി വളരാൻ സാധ്യതയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ബഹിരാകാശരംഗത്തെ ഗവേഷണങ്ങൾക്കുൾപ്പെടെ സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ സ്പേസ് പാർക്ക് എന്നിവയ്ക്കു പിന്നാലെയാണ് ഡിജിറ്റൽ സർവകലാശാല വരുന്നത്.

ഐടിയിൽ ഉന്നതപഠനവും ഗവേഷണവും സാധ്യമാക്കുന്ന രാജ്യാന്തര നിലവാരമുള്ള കേരളത്തിലെ ഏക സർക്കാർ സ്ഥാപനമായ ഐഐഐടിഎം-കെ ഇപ്പോൾ ടെക്നോപാർക്കിലാണ് പ്രവർത്തിക്കുന്നത്. സർവകലാശാലയായി പ്രഖ്യാപിച്ചതിനു പിന്നാലെ ടെക്നോസിറ്റിയിലുള്ള വിശാലമായ ക്യാംപസിലേയ്ക്ക് ആസ്ഥാനം മാറും. വിവരസാങ്കേതികവിദ്യയിൽ പഠനവും ഗവേഷണവും മാത്രമല്ല മാനേജ്മെന്റ് വൈഭവവും ഐഐഐടിഎമ്മിനുണ്ട്.

വിദ്യാർഥികൾക്ക് ഇന്റേൺഷിപ് സൗകര്യവും സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇൻകുബേഷൻ സൗകര്യവും  ലഭ്യമാണ്. ഗവേഷണ പരിപാടികളും അധ്യയനത്തിലെ വിനിമയ പരിപാടികളിലും ബഹുരാഷ്ട്ര കമ്പനികളായ ഐബിഎം, ടിസിഎസ്, ഒറാക്കിൾ, ജിഇ തുടങ്ങിയവയുമായി ഐഐഐടിഎം-കെ സഹകരിക്കുന്നുണ്ട്. കേരളത്തിലെ ഏക ഹാർഡ് വെയർ ഇൻകുബേറ്ററായ കൊച്ചി മേക്കർ വില്ലേജ് ഈ സ്ഥാപനത്തിനു കീഴിലാണ്.

സർവകലാശാലാ പദവി മേക്കർ വില്ലേജിനും അനുഗ്രഹമാകും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തോടെയാണ് ഇപ്പോൾ കോഴ്സുകൾ .പുതിയ സർവകലാശാലയാകുന്നതോടെ സ്വന്തമായി കോഴ്സുകൾ നടത്തി ബിരുദങ്ങൾ നൽകാനാവും. കേരളത്തിൽ ഐടി മേഖലയിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ്.

രാജ്യാന്തരനിലവാരമുള്ള ക്യാംപസിൻെറ പണിയാണ് ടെക്നോസിറ്റിയിൽ പൂർത്തിയാകുന്നത്. യുജിസി, എഐസിടിഇ എന്നിവയുടെ വ്യവസ്ഥകൾ പാലിച്ചുള്ള ഹരിത ക്യാംപസ് ആണിത്. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം ഓപ്പൺ എയർ വേദികൾ, രാജ്യാന്തര നിലവാരത്തിലുള്ള ലാബ് എന്നിവയെല്ലാം പുതിയ ക്യാംപസിൽ ഉണ്ടാകും. 

ജൂണിൽ തുടങ്ങും

യുജിസിയുടെ അംഗീകാരത്തോടെ അടുത്ത അധ്യയനവർഷം തന്നെ കോഴ്സുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐഐഎം മാതൃകയിൽ ബിരുദാനന്തരബിരുദ കോഴ്സുകളും ഗവേഷണവും മാത്രമായിരിക്കും സർവകലാശാല നടത്തുക. വിദേശസർവകലാശാലകളുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണമുണ്ടാകും. ഡിജിറ്റൽ വ്യവസായമേഖലയുമായുള്ള പങ്കാളിത്തവുമുണ്ടാകും. സർവകലാശാലയ്ക്കു കീഴിൽ മറ്റു ക്യാംപസുകളുണ്ടാകില്ല. 

മണ്ണിന്റെ ഗുണമുള്ള സംഭാവനകൾ 

കാപ്പി കർഷകർക്ക് മണ്ണിന്റെ ഗുണമേന്മയും പോഷകമൂല്യവും സംബന്ധിച്ച വിവരശേഖരണത്തിനും നിർവഹണത്തിനുമായുള്ള കാപ്പി സോയിൽ ഹെൽത്ത് മാനേജ്മെൻറ് ആൻഡ് മോണിറ്ററിങ് എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ ഐഐഐടിഎം-കെ വികസിപ്പിച്ചിരുന്നു. ജലശുദ്ധി പരിശോധിച്ച് തത്സമയ ഫലം തരുന്ന സ്വച്ഛ്പാനി,  സ്വന്തം മണ്ണിൽ എന്ത് വിളയുമെന്ന് അറിയുന്നതിലും  എങ്ങനെ വളം ചേർക്കണമെന്നു തീരുമാനിക്കുന്നതിലും കർഷകരെ സഹായിക്കാൻ 'മണ്ണ്' എന്ന പേരിലുള്ള മൊബൈൽ അപ്ലിക്കേഷൻ,

കേരളത്തിലെ ആദിവാസികൾക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന് അഭിമാനിക്കപ്പെട്ടിരുന്ന അമൂല്യമായ പല അറിവുകളും വീണ്ടെടുക്കാനുള്ള പഠനം, പ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഒരേ  കേന്ദ്രത്തിൽനിന്ന് ഡിജിറ്റൽ ലോക്കറിലൂടെ ലഭ്യമാക്കാൻ കേരളത്തിലുടനീളം നടത്തിയ അദാലത്ത്, ഇന്ത്യയിലെ ആദ്യ ബ്ലോക് ചെയിൻ അക്കാദമി എന്നിവ ഐഐഐടിഎം–കെയുടെ സംഭാവനകളാണ്.

അഭിമാനം ഈ ബഹുമതികൾ 

ഐഐടിയിൽ നടത്തിയ ഓപ്പൺ ഇന്നവേഷൻ ബ്ലോക് ചെയിൻ ഹാക്കത്തണിൽ ബ്ലോക് ചെയിൻ അക്കാദമിക്ക് മികവിനുള്ള പുരസ്കാരം, ബ്ലോക് ചെയിൻ അക്കാദമി(കെബിഎ)ക്ക് ലിനക്സ് ഫൗണ്ടേഷന്റെ ഹൈപ്പർലജർ പദ്ധതിയിൽ അംഗത്വം. ലിനക്സ് ഹൈപ്പർലജർ പദ്ധതിയിൽ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം, ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിലെ ഹൈപ്പർലെഡ്ജർ ഫ്രെയിംവർക്കുകളിലും ടൂളുകളിലും പരിശീലനം നൽകുന്നതിന് അമേരിക്ക ആസ്ഥാനമായ ലിനക്സ് ഫൗണ്ടേഷൻ അംഗീകാരം തുടങ്ങിയ ബഹുമതികളും ഐഐഐടിഎം–കെയ്ക്കു ലഭിച്ചിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com