ADVERTISEMENT

മലയിൻകീഴ്∙ കോൺഗ്രസ് പേയാട് മണ്ഡലം പ്രസിഡന്റിനെ മണ്ഡലം കമ്മിറ്റി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ബി.പി.നഗർ മാഹിൽ മൻസിലിൽ നിന്നും പേയാട് പിറയിൽ എമറാൾഡ് ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന ഗവ. പ്രസ് ജീവനക്കാരൻ കൂടിയായ മുഹമ്മദ് ഇക്ബാൽ(54) ആണ് മരിച്ചത്.മരണത്തിൽ ദുരൂഹതയില്ലെന്നു വിശദീകരിച്ച പൊലീസ് സാമ്പത്തിക പ്രശ്നങ്ങൾ ആത്മഹത്യയ്ക്കു കാരണമായോ എന്ന് അന്വേഷിക്കുമെന്നറിയിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഒരു വർഷം മുൻപാണ് മണ്ഡലം പ്രസിഡന്റായത്.

പേയാട് പള്ളിമുക്ക് പിറയിൽ റോഡിലെ  കെട്ടിടത്തിൽ രണ്ടാം നിലയിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ഒറ്റ മുറി ഓഫിസിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. പുലർച്ചെ വീട്ടിൽ നിന്നു നടക്കാൻ ഇറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് വാടക വീട്ടിൽ നിന്നു ഏറെ അകലെ അല്ലാത്ത ഓഫിസിൽ മൃതദേഹം കാണപ്പെട്ടത്. പേയാട് നാലു വർഷം മുമ്പ് നിർമിച്ച വീട് അടുത്തിടെ വിറ്റതിനു ശേഷമാണ് വാടകവീട്ടിലേക്കു മാറിയത്. മൃതദേഹം കണ്ട മുറിയുടെ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു.

മണ്ഡലം കമ്മിറ്റിയുടെ ലെറ്റർ പാഡിൽ ‘എല്ലാവരും ക്ഷമിക്കണം, ഒരു പരാജയ ജന്മത്തിന്റെ ആഗ്രഹിക്കാത്ത അന്ത്യം ’ എന്ന് കുറിച്ചിരുന്നു. സമാനമായ വരികൾ ഇന്നലെ പുലർച്ചെ ഫെയ്സ് ബുക്കിലും ഇക്ബാൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ഭാര്യ : ഷാഹിദ ബീവി. മക്കൾ : ആഷിന , ആസിഫ്. മരുമകൻ : ജംഷീദ്. തിരുമല വിജയ മോഹിനി മിൽ, പേയാട് ജംക്‌ഷൻ, ഗവ. പ്രസ് ഓഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം കരമനയിലുള്ള ഭാര്യ വീട്ടിലേക്ക് കൊണ്ടു പോയി.

തുടർന്ന് രാത്രി പാളയം ജുമാമസ്ജിദിൽ കബറടക്കി. മന്ത്രി ജി.സുധാകരൻ, എംഎൽഎമാരായ എം.വിൻസെന്റ്, കെ.എസ്.ശബരി നാഥൻ, ഐ.ബി.സതീഷ് , പി.സി.ജോർജ്, നിയമസഭ മുൻ സ്പീക്കർ എൻ.ശക്തൻ, ഡിസിസിപ്രസിഡന്റ് നെയ്യാറ്റിൻക സനൽ തുടങ്ങിയ നേതാക്കളും സഹപ്രവർത്തകരും പള്ളി ഭാരവാഹികളും ഉൾപ്പെടെ ഒട്ടേറെ പേർ അന്തിമോപചാരം അർപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com