ADVERTISEMENT

പോത്തൻകോട്∙ നാലു വയസ്സുള്ള മകനുമായി രോഗ ദുരിതവും പേറി 60കാരനായ പോത്തൻകോട് കാട്ടായിക്കോണം പേരുത്തല 'സുലൈഖ' യിൽ മുഹമ്മദ് ഹനീഫ അന്തിയുറങ്ങാൻ ഇടമില്ലാതെ അലയുന്നു; സർക്കാരിന്റെ എല്ലാ  സംരക്ഷണപട്ടികകളുടെയും പുറമ്പോക്കിൽ. ഇദ്ദേഹത്തിന്റെ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ മുത്തശ്ശിയുടെ അടുത്തേക്കു പോയിട്ട് എട്ടു ദിവസമായെന്നും  വിവരം ഒന്നുമറിയില്ലെന്നും ഹനീഫ പറയുന്നു. മുൻപ് പല വാടകക്കെട്ടിങ്ങളിലും മാറി മാറി താമസിക്കുകയായിരുന്നു ഹനീഫയും ഭാര്യയും മകനും. വാടക കൊടുക്കാൻ കഴിയാതെ വന്നതോടെ കുന്നത്ത് ക്ഷേത്രത്തിനു സമീപം വഹാബിന്റെ പുരയിടത്തിൽ നാലു കമ്പുകൾക്കു മുകളിൽ  ടാർപ്പ വിരിച്ചായി രാത്രി ജീവിതം.

ടാർപ്പയ്ക്കു കീഴിൽ താമസമാക്കിയതോടെയാണ് ഭാര്യ കവിത മുത്തശ്ശിയുടെ അടുത്തേക്കു പോയതത്രെ.  ഇവരുടെ ജീവിതം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ പുലിവീട് വാർഡംഗം എം.ബാലമുരളിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പൊലീസിലും മുസ്തഫയുടെ മകൻ അൻവറിന്റെ സുരക്ഷയെ കരുതി ചൈൽഡ് ലൈനിലും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി  സമീപത്തുള്ള യൂസഫിന്റെ വീട്ടിലെ ടെറസിൽ  താൽക്കാലികമായി  കിടക്കാനിടമൊരുക്കിയിരിക്കുകയാണ്. അതേസമയം, ചൈൽഡ് ലൈൻ പ്രവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്നു ബാലമുരളി പറഞ്ഞു.

ശ്വാസകോശ സംബന്ധമായും വയറിനും രോഗമുള്ള ഹനീഫയ്ക്കു ജോലി ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ജീവിതം ദുരിതപൂർണമായത്.. ഒരു വർഷം മുൻപ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇന്നും വേദന മാറിയിട്ടില്ല.   ഇപ്പോൾ മരിച്ചീനി ( കപ്പ ) കച്ചവടം ചെയ്യുന്നുണ്ട്. ഭാര്യ കവിത മാനസിക അസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ചിരുന്നുവെന്നു പറയുന്നു. ഗതിയറിയാതെ ജീവിതം മുന്നോട്ടുപോകുന്നതോ അമ്മ പോയതോ  ഒന്നുമറിയാതെ പ്രഭാത ഭക്ഷണം പോലും മറന്ന് അൻവർ അവിടെ ഓടിക്കളിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com