ADVERTISEMENT

തിരുവനന്തപുരം ∙ അട്ടിമറി നീക്കം അതിജീവിച്ച് ഒടുവിൽ കരമന-കളിയിക്കാവിള റോഡ് വികസന പ്രവൃത്തിയുടെ ഭാഗമായ പ്രാവച്ചമ്പലം ജംക്‌ഷൻ വീതികൂട്ടൽ  ആരംഭിച്ചു. പ്രാവച്ചമ്പലം ജംക്‌ഷനിൽ റോഡ് ഉയർത്തണമെന്നും ജംക്‌ഷനിൽ നിന്നു താഴേയ്ക്കുള്ള ഭാഗത്ത് പള്ളിച്ചൽ സദാശിവൻ സ്മാരകത്തിനു മുന്നിൽ റോഡ് താഴ്ത്തണമെന്നുമുള്ള ചില സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മർദം അതിജീവിച്ചാണ് കലക്ടറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഡിസൈനിൽ ഒരു മാറ്റവും വരുത്താതെ തന്നെ നിർമാണം തുടങ്ങാൻ നടപടിയെടുത്തത്. 

പ്രാവച്ചമ്പലം-കൊടിനട പാതയിൽ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെങ്കിലും ഇൗ സമ്മർ‌ദ ശക്തികളുടെ ഇടപെടൽ കാരണം കഴിഞ്ഞ 3 മാസമായി ജംക്‌ഷനിൽ നിർമാണം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഒരു മാസം മുൻപ് കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്ഥലം സന്ദർശിച്ച് ഡിസൈനിൽ മാറ്റം വരുത്താൻ കഴിയില്ലെന്നു വിലയിരുത്തുകയും നിർമാണം തുടരാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, കടുത്ത രാഷ്ട്രീയ സമ്മർദം കാരണം കരാറുകാർക്ക് പണി ആരംഭിക്കാൻ ഇതുവരെ കാത്തിരിക്കേണ്ടി വന്നു. മണ്ണുമാന്തി ഉപയോഗിച്ച് ജംക്‌ഷൻ ഇടിച്ചു താഴ്ത്തുന്ന പണിയാണ്  ഇപ്പോൾ നടക്കുന്നത്. രാജപാതയുടെ ഇരുവശവും കോൺക്രീറ്റ് മതിൽ നിർമാണവും തുടങ്ങി. നരുവാമൂട്ടിലേയ്ക്കു തിരിയുന്ന റോഡിന്റെ അതേ ഉയരം സൂക്ഷിക്കുന്നതിനും അഴുക്കുചാലിൽ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പ്രാവച്ചമ്പലം ജംക്‌ഷനിൽ റോഡിന്റെ ഉയരം താഴ്ത്തുന്നത്.

എന്നാൽ, ഇതോടെ സമീപത്തെ ചില കടകൾ റോഡിൽ നിന്ന് ഇപ്പോഴുള്ളതിനെക്കാൾ ഉയരത്തിലാകും. നിർമാണം ചിലർ തടസ്സപ്പെടുത്താൻ ഒരു കാരണമിതാണ്. പ്രാവച്ചമ്പലത്തു നിന്നുള്ള ഇറക്കം മണ്ണിട്ട് ഉയർത്താനുള്ള നീക്കവും സമീപത്തെ ഏതാനും വീട്ടുകാർ തടഞ്ഞിരുന്നു. റോഡ് ഉയർത്തുന്നതോടെ വീടുകൾ താഴെയായിപ്പോകുമെന്നാണ് ഇവരുടെ വാദം. ജംക്‌ഷനിൽ ഒന്നര മീറ്റർ‌ ഉയർത്തണമെന്നും ഇറക്കത്തിൽ ഒന്നര മീറ്റർ താഴ്ത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

എന്നാൽ, പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള പാതയിൽ പലയിടത്തും നാട്ടുകാർ സമാനമായ പരാതികൾ ഉന്നയിച്ചിട്ടും ശാസ്ത്രീയമായി തയാറാക്കിയ ഡിസൈനിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പ്രാവച്ചമ്പലം ജംക്‌ഷനിൽ മാത്രമായി വിട്ടുവീഴ്ച സാധ്യമല്ലെന്നുമുള്ള നിലപാടിൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു. പ്രാവച്ചമ്പലത്ത് ഡിസൈനിൽ വെള്ളം ചേർത്താൽ മുന്നിലെ വാഹനങ്ങൾ കാണാൻ കഴിയാത്ത വിധം റോഡിൽ ബ്ലൈൻഡ് സ്പോട്ടുകൾ രൂപപ്പെടുമെന്നും ഇത് അപകടങ്ങൾക്കു വഴിയൊരുക്കുമെന്നും ആയിരുന്നു വിദഗ്ധരുടെ റിപ്പോർട്ട്.

മുൻപ് ഏതാനും കുടുംബങ്ങളുടെ രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയാണ് പ്രാവച്ചമ്പലം ജംക്‌ഷനിൽ വളവു നിവർത്തുന്നതിനു പകരം രാജപാത ഏറ്റെടുത്തത്. രണ്ടു പാത വന്നതോടെ നടുക്ക് ഒരു തുരുത്ത് രൂപപ്പെട്ടു. ഇരുവശത്തും ചീറിപ്പായുന്ന വാഹനങ്ങൾ തുരുത്തിലെ താമസക്കാരെ വീർപ്പുമുട്ടിക്കുന്ന അവസ്ഥയായി. നരുവാമൂട് ഭാഗത്തു നിന്നു വരുന്നവർക്ക് നഗരത്തിൽ പ്രവേശിക്കാൻ ദേശീയപാതയിൽ കയറി ബാലരാമപുരം ഭാഗത്തയ്ക്കു തിരിഞ്ഞ് വൺവേ ചുറ്റിവേണം ഇനി യാത്രചെയ്യാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com