മലയിൻകീഴ് ∙ വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിരാശരായവർക്ക് സമപ്രായക്കാരുമായി സല്ലപിച്ചിരിക്കാനും റേഡിയോ ഗാനങ്ങൾ ആസ്വദിക്കാനും വായനയുടെ ലോകത്തേക്കു പോകാനും ഒരിടം. അതു പൊലീസ് സ്റ്റേഷൻ പരിസരത്തായാലോ ?. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ വയോജന സമിതിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ‘സായാഹ്ന കൂട്’ പുരോഗമിക്കുന്നു. ജില്ലയിലെ തന്നെ ആദ്യ സംരംഭമാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്നത്.
ജീവിത സായാഹ്നത്തിൽ എത്തിയവർക്കു വേണ്ടിയുള്ള ഈ ‘കൂടി’ൽ കാറ്റും വെളിച്ചവും കടക്കുന്ന തരത്തിൽ പണിത ചെറിയ കെട്ടിടം ആണ് പ്രധാന ആകർഷണം. ഇതിലെ സോപാനത്തിലും തറയിലും മനോഹരമായ ടൈലുകൾ പാകി മോടി പിടിപ്പിച്ചുണ്ട്. ഇതിൽ റേഡിയോയും ചെറിയ വായനശാലയും സ്ഥാപിക്കും. തൊട്ടു മുൻപിലുള്ള പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും ചെറിയ കുളവും എല്ലാം ഉണ്ട്. ഇവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
24 മണിക്കൂറും വയോധികർക്ക് ഇവിടെ വന്നിരിക്കാം. വിശ്രമിക്കുന്നതിനിടെ അവർ നേരിടുന്ന പ്രശ്നങ്ങൾ പൊലീസുമായി പങ്കുവച്ച് പരിഹാരം കാണാം. സ്റ്റേഷനു കീഴിലെ വയോജന സമിതിയിൽ സ്ത്രീകൾ അടക്കം 20 അംഗങ്ങൾ ആണ് ഉള്ളത്. സിഐ ബി.അനിൽകുമാർ (ചെയർമാൻ), എസ്ഐ എസ്.വി.സൈജു (വൈ. ചെയർമാൻ), വി.കെ.സുധാകരൻ ( കൺ ), ബാബു രാജ് ( ജോ.കൺ) എന്നിവരടങ്ങുന്ന സംഘമാണ് മാതൃകാ സംരംഭത്തിനു പിന്നിൽ. നാട്ടുകാരുടെ പൂർണ പിന്തുണയും ഒപ്പമുണ്ട്.