ലോക്ഡൗൺ കാലത്ത് ആദിവാസികളെ വറുതിയുടെ പിടിയിൽ വിടാതെ ‘വനിക’

ആദിവാസികളുടെ കാർഷിക വിളകൾ നഗരത്തിലെ വീട്ടുപടിക്കലെത്തിക്കുന്ന വനപാലകർ.
ആദിവാസികളുടെ കാർഷിക വിളകൾ നഗരത്തിലെ വീട്ടുപടിക്കലെത്തിക്കുന്ന വനപാലകർ.
SHARE

കാട്ടാക്കട∙ ലോക് ഡൗൺ കാലത്ത് ആദിവാസികളെ വറുതിയുടെ പിടിയിലേക്ക് വിടാതെ വനിക. ഇവരുടെ കാർഷിക വിളകൾ വിപണനത്തിനായി ചെറുപ്പക്കാരായ വനപാലകരുടെ ആശയമായ ഓൺ ലൈൻ വിപണി ‘വനിക’യുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. വിഷം തീണ്ടാതെ കരിമണ്ണിൽ മുളപൊട്ടുന്ന വന വിഭവങ്ങളും കാർഷിക വിളകളും ആവശ്യക്കാരുടെ വീട്ട മുറ്റത്തെത്തിച്ച് മികച്ച വില ആദിവാസികൾക്ക് ലഭ്യമാക്കുകയാണ് വനികയുടെ സാരഥികൾ. വനത്തിൽ വിളഞ്ഞ ഉൽപന്നങ്ങളുമായി എത്തുന്ന വനം വകുപ്പിന്റെ വാഹനം കാക്കുകയാണ് ലോക്ക് ഡൗൺ കാലത്ത് നഗരവാസികൾ പോലും.

ആദിവാസികളുടെ വിളകൾക്ക് യഥാർഥ വില ലഭ്യമാക്കുക പ്രധാന ലക്ഷ്യം. വിപണനത്തിനുള്ള വിളകൾക്ക് രൊക്കം പണം നൽകി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി ശേഖരിക്കും.ഇവ ആവശ്യക്കാർക്ക് വീട്ടുപടിക്കലെത്തിക്കും.വാട്ട്സ് ആപ് ഗ്രൂപ്പ് വഴിയാണ് വിപണനം. ആഴ്ചയിൽ രണ്ട് ദിവസം വിഭവങ്ങൾ ശേഖരിക്കാൻ വനം വകുപ്പ് വാഹനം അഗസ്ത്യ വന ഊരുകളിലെത്തും. ലഭ്യമായ സാധനങ്ങൾ വാട്സ് ആപ് ഗ്രൂപ്പ് വഴി അറിയിക്കും.ആവശ്യമുള്ളവ ഓർഡർ അനുസരിച്ച് വീട്ടിലെത്തിക്കും.

വന വിഭവങ്ങൾ വനപാലകരും ഇഡിസി പ്രവർത്തകരുമെത്തി കോട്ടൂരിലെ കാണി ചന്തയിലെത്തിക്കും. ഓൺ ലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് ആദ്യ പരിഗണന.ശേഷിക്കുന്നവ കോട്ടൂരിലെ കാണി ചന്തയിലെത്തുന്നവർക്ക്.തങ്ങളുടെ വിളകൾ വിൽക്കാൻ ആദിവാസികൾ പുറം നാട്ടിലെത്തണ്ട.അതാത് കേന്ദ്രത്തിൽ വച്ച് തന്നെ അർഹമായ വില കയ്യിൽ കിട്ടും.ചൂഷണ മില്ലാതെ ആദിവാസികൾക്ക് തങ്ങളുടെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നു.

ഇങ്ങനെ ശേഖരിക്കുന്ന വന വിഭവങ്ങൾ നഗരത്തിലും നാട്ടിൻ പുറങ്ങളിലും വീട്ടുപടിക്കലെത്തുന്നു പുതിയ സംരംഭത്തിലൂടെ.ലോക്ക് ഡൗൺ കാലത്ത് യുവ വന പാലകരായ സെക്ഷൻ ഓഫീസർ സി.കെ.സിനു,ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഗോപിക സുരേന്ദ്രൻ,പി.പി.പ്രശാന്ത് എന്നിവരുടെ മനസിലുദിച്ച ആശയത്തിന് പിന്തുണയും സഹായവുമായി വാർഡൻ ജെ.ആർ.അനി കൂടെ കൂടിയപ്പോൾ വനിക ആദിവാസികളുടെ അതിജീവനത്തിനുള്ള പുതിയ മാതൃകയായി.

ചക്ക തൊട്ട്  മഞ്ഞൾ വരെ 

∙കുരുമുളക്,മാങ്ങ,നാരങ്ങ,കശുവണ്ടി,തേൻ,കസ്തൂരി മഞൾ,കറി മഞൾ,കുടം പുളി,കപ്പ,ചക്ക,വാഴ കുല,ചേന,ചേമ്പ്,വാഴകൂമ്പ്, പയർ,വാഴ പിണ്ടി തുടങ്ങി അത്യാവശ്യം വേണ്ട എല്ലാം ആദിവാ സികൾ വിപണനത്തിനെത്തിക്കുന്നു.കുട്ട,വട്ടി തുടങ്ങി യവയും വനികയിൽ വിൽപനയ്ക്ക് വരുന്നുണ്ട്. എല്ലാ ദിവസവും എല്ലാ വിഭവങ്ങളും ലഭ്യമാകണമെന്നില്ല.ഇന്നലെ തേൻ പേരിനു പോലും ഇല്ല. ഏത്തകുലയും കശുവണ്ടിയും കമ്മി.പക്ഷേ വരും നാളുകളിൽ ഏറെ വിളകളും വിഭവങ്ങളും എത്തും.

ഇത് ന്യായ വിലക്ക് വീട്ടുപടിക്കലെത്തും.പുറം നാട്ടിൽ കിട്ടുന്ന വിലയ്ക്ക് തങ്ങളുടെ അധ്വാനം നൽകി മടങ്ങിയിരുന്ന ആദിവാസികൾക്ക് പുതിയ സംരംഭം ഏറെ പ്രയോജന പ്രദമാണ്.ആദ്യ ദിനം 23,000ത്തിലേറെ രൂപയുടെ സാധനങ്ങളാണ് വിറ്റ് പോയതെങ്കിൽ രണ്ടാമത്തെ മാർക്കറ്റിൽ മുപ്പതിനായിരത്തിലേറെയായി ഉയർന്നു. വീട്ടുപടിക്കലെത്തുന്ന വിഷ രഹിത ഉൽപന്നം  ഉപഭോക്താക്കൾ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഗോപിക സുരേന്ദ്രനും വാച്ചർമാരായ രാമചന്ദ്രൻ കാണിയും ഷീബയും സാക്ഷ്യപെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA