ADVERTISEMENT

തിരുവനന്തപുരം ∙ ട്രെയിൻ സർവീസ് എന്നു പുനരാരംഭിക്കുമെന്നും റദ്ദാക്കിയ ടിക്കറ്റുകൾക്ക് എങ്ങനെ പണം തിരികെ കിട്ടുമെന്നും ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്കു റെയിൽവേയിലെ ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കിടെ മറുപടി പറഞ്ഞത് 1,85,000 പേർക്ക്. മുൻപേ തന്നെയുള്ള ഹെൽപ്‌ലൈൻ നമ്പരായ 139ലേക്കും ലോക്ഡൗണിനു ശേഷം റെയിൽവേ എർപ്പെടുത്തിയ 138  എന്ന നമ്പരിലേക്കും യാത്രക്കാർ വിളിച്ചപ്പോഴാണു മറുപടി നൽകിയത്.

ഇതിൽ രാജ്യത്താകെ 1.40 ലക്ഷം കോളുകൾക്കു ജീവനക്കാർ ഫോണിൽ നേരിട്ടു തന്നെ ഉത്തരം നൽകി. ബാക്കിയുള്ളവയ്ക്ക് മുൻകൂട്ടി റെക്കോ‍ർഡ് ചെയ്ത സംഭാഷണം കേൾപ്പിക്കുന്ന ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സിസ്റ്റം (ഐവിആർഎസ്) വഴിയും ഉത്തരമേകി. 138ലേക്കു വിളിക്കുന്ന കോളുകൾ വിളിക്കുന്ന ആളുടെ ജിയോ ലൊക്കേഷൻ മനസ്സിലാക്കി അതതു ഡിവിഷനുകൾക്ക് ഉത്തരം നൽകാൻ കൈമാറി.  ഇതിനു പുറമേ

ട്വിറ്റർ, railmadad@rb.railnet.gov.in എന്ന ഇമെയിൽ എന്നിവ വഴിയും സംശയങ്ങൾ ദൂരീകരിച്ചു. ഇതടക്കം ആകെ 2.05 ലക്ഷം അന്വേഷണങ്ങളാണ് റെയിൽവേ കൈകാര്യം ചെയ്തത്.  അവശ്യസാധനങ്ങൾ എത്തിക്കാൻ ചരക്കു ട്രെയിനുകൾ ഓടിച്ചത്, ചരക്കുസംബന്ധമായ വിവിധ പിഴ ഒഴിവാക്കൽ, കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റൽ, കോവിഡ് ചികിത്സയ്ക്കായി ആരോഗ്യപ്രവർത്തകൾക്കുള്ള പിപിഇ സുരക്ഷാവകവചം നിർമാണം എന്നിവയുടെ പേരിൽ അഭിനന്ദനങ്ങളും റെയിൽവേക്കു ലഭിച്ചു.

10.2 ലക്ഷം പേർക്ക് ഭക്ഷണം

തിരുവനന്തപുരം∙ റെയിൽവേ രണ്ടാഴ്ച കൊണ്ടു 10.2 ലക്ഷം പേർക്കു സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. രാജ്യത്താകമാനമുള്ള ഐആർസിടിയുടെ ബേസ് കിച്ചനുകളിൽ ചൂടോടെ തയാറാക്കുന്ന ഭക്ഷണം ഉച്ചയ്ക്കും രാത്രിയും പൊതികളിലാക്കി പേപ്പർ പ്ലേറ്റുകളും ഒപ്പം വച്ചാണു നൽകുന്നത്.

റെയിൽവേ സ്റ്റേഷനിലും സമീപത്തുമായുള്ള പാവപ്പെട്ടവർ, കുട്ടികൾ, ചുമട്ടു തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, ലോക്ഡൗൺ മൂലം കുടുങ്ങിപ്പോയവർ എന്നിവർക്കാണു വിതരണം. 60% ചെലവും ഐആർസിടിയുടെ വകയാണ്. 2.3 ലക്ഷം ഭക്ഷണപ്പൊതികളുടെ ചെലവ് ആർപിഎഫും 2 ലക്ഷം പൊതികളുടെ ചെലവ് സന്നദ്ധ സംഘടനകളുമാണു വഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com