ADVERTISEMENT

പാറശാല∙ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും രോഗികൾക്കും വ്യാപകമായി കോവിഡ് പടരുന്നു. പാറശാലയിലെ തിരക്കേറിയ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആരോഗ്യവകുപ്പ് 50 ജീവനക്കാരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ട് രോഗികളുടെയും എക്സ്റേ വിഭാഗത്തിലെ ഒരു ജീവനക്കാരിയുടെയും പരിശോധനാ ഫലം പോസിറ്റീവായി. കോവിഡ് കണ്ടെത്തിയ രോഗി ശസ്ത്രക്രിയയ്ക്ക് വേണ്ടി രണ്ടാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന വയോധികനാണ്. മറ്റെ‍ാരാൾ ഇന്നലെ കളിയിക്കാവിളയിൽ കോവിഡ് സ്ഥിരീകരിച്ച കടയുടമയുമായി ബന്ധമുള്ളയാളും. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെ മറ്റെ‍ാരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാർ ആശുപത്രിയിൽ പരിശോധന ആരംഭിച്ചത്.

ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ അടക്കം ദിവസവും 50 പേരുടെ വീതം പരിശോധനയാണ് നടക്കുന്നത്. ജീവനക്കാരിയടക്കം മൂന്നു പേർക്ക് കോവിഡ് കണ്ടെത്തിയ വിവരം ആരോഗ്യപ്രവർത്തകർ ജില്ലാമേധാവികളെ അറിയിച്ചിട്ടുണ്ട്. ഒട്ടേറെ ജീവനക്കാരുള്ള തിരക്കേറിയ ആശുപത്രികളിലെ ജീവനക്കാർക്ക് വൈറസ് ബാധയേൽക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കും. ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ രോഗി മരിച്ചതിനെ തുടർന്ന് പാറശാലയിലുള്ള ഒരു സ്വകാര്യആശുപത്രിയിൽ ഡോക്ടർമാരടക്കം മുപ്പതോളം പേർ ക്വാറന്റീനിലാണ്. പാറശാല മേഖലയിലെ സ്വകാര്യആശുപത്രികളിൽ ചികിത്സയിലുള്ളതിലധികംപേരും രോഗവ്യാപനമുള്ള തമിഴ്നാട് അതിർത്തികളിലുള്ളവരാണ്.

ഒരാഴ്ച മുമ്പ് പാറശാല താലൂക്ക് ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യന് രോഗം കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യആശുപത്രിയിലെ തമിഴ്നാട് സ്വദേശിയായ ഡോക്ടർക്കും കോവിഡ് പോസിറ്റീവായതായി അഭ്യൂഹങ്ങളുണ്ട്. ഡോക്ടർക്കെ‍‍ാപ്പം ജോലി ചെയ്ത ഏതാനും ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. സംസ്ഥാന അതിർത്തിയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. കളിയിക്കാവിള, പാറശാല മേഖലയിൽ മാത്രം ഉറവിടമറിയാതെ മൂന്ന് പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇഞ്ചിവിള സ്വദേശിയായ 78കാരനായ നാരങ്ങാവ്യാപാരി, കളിയിക്കാവിള ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന 52 വയസ്സുകാരൻ, ഭാര്യ എന്നിവർക്ക് രോഗം കണ്ടെത്തി. 

തമിഴ്നാട് അതിർത്തിയിൽ 

വളളവിള തദേപുരം കോളനിയിൽ പ്രസവം കഴിഞ്ഞ് പത്ത് ദിവസം മാത്രമായ മാതാവിനും, കെ‍ാല്ലങ്കോട് സ്വദേശിയായ 22കാരിയായ പെൺകുട്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ തീരമേഖല ഭീതിയിലാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമൂഹവ്യാപനത്തിൻെറ വക്കിലാണ് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും.

ആലത്തൂരിലും കോവിഡ്

വെള്ളറട∙ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ആലത്തൂരിലും കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായ 32 കാരിക്കാണ് രോഗബാധ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി ഡോക്ടറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെട്ടിരുന്ന ആളാണ്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവശേഖരണം നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com