ADVERTISEMENT

തിരുവനന്തപുരം ∙ വഞ്ചിയൂർ അഡിഷൻ സബ്ട്രഷറിയിൽ നടന്ന 2 കോടിയുടെ ഞെട്ടിക്കുന്ന തട്ടിപ്പിനു വഴിയൊരുക്കിയത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്ന ഓൺലൈൻ ബാങ്കിങ്ങിലെ ഒരു പഴുത്. ഒരു അക്കൗണ്ടിൽ നിന്നു മറ്റൊരു അക്കൗണ്ടിലേയ്ക്കു പണം കൈമാറിയ ശേഷം ആ ഇടപാട് റദ്ദാക്കിയാൽ ഇരു അക്കൗണ്ടുകളിലും പണം അതേപടി തുടരുമെന്ന തിരിച്ചറിയാണ് സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ തട്ടിപ്പിനു സഹായിച്ചത്. 

trivandrum-bijulal
എം.ആർ.ബിജുലാൽ

2 കോടി കൈമാറ്റം ചെയ്യുന്നതിനു മുൻപും ബിജുലാൽ പരീക്ഷണ ഇടപാടുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് ട്രഷറി വിജിലൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. പൊലീസിനു പുറമെ ട്രഷറി ജോയിന്റ് ഡയറക്ടറും വിജിലൻസ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2 കോടി രൂപയാണ് കലക്ടറുടെ ഇൗ സ്പെഷൽ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത്. ഇതു മുഴുവൻ കൈമാറിയ ശേഷം ബിൽ റദ്ദാക്കിയാൽ പിടിക്കപ്പെടില്ലെന്നായിരുന്നു ബിജുലാലിന്റെ കണക്കുകൂട്ടൽ. 

എന്നാൽ ദിവസേനയും ചിലപ്പോൾ 2 ദിവസം കൂടുമ്പോഴുമുള്ള കണക്കെടുപ്പിൽ വരവും ചെലവും പൊരുത്തപ്പെട്ടില്ലെങ്കിൽ അതിനു കാരണം കണ്ടെത്താൻ അന്വേഷണം നടക്കും. അങ്ങനെ 2 കോടിയുടെ കുറവ് കണ്ടെത്താൻ നടത്തിയ അന്വേഷണത്തിലാണ് ബിജുലാലിന്റെ ഫണ്ട് കൈമാറ്റം പുറത്തായത്. ഭാര്യയുടെയും അക്കൗണ്ടിലേയ്ക്കു പണം കൈമാറിയതിനാൽ അവരും കേസിൽ പ്രതിയാകാനിടയുണ്ട്. 

തട്ടിപ്പിന്റെ വഴി 

1- തിരുവനന്തപുരം അഡിഷനൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ ജൂലൈ 27ന് സ്വന്തം യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് 2 കോടി രൂപ കലക്ടറുടെ അക്കൗണ്ടിൽ നിന്നു തന്റെയും ഭാര്യ ഹയർ‌ സെക്കൻഡറി സ്കൂൾ അധ്യാപികയായ സിനി എൻ.അംബിയുടെയും ട്രഷറി സേവിങ്സ് അക്കൗണ്ടുകളിലേയ്ക്കു കൈമാറ്റം ചെയ്യാൻ ഓൺലൈനായി ബിൽ സമർപ്പിച്ചു. 

2- ഫണ്ട് കൈമാറ്റം പൂർണമാകണമെങ്കിൽ മേലുദ്യാഗസ്ഥർ ഇൗ ഇടപാട് കംപ്യൂട്ടറിൽ അംഗീകരിക്കണം. അതിനായി വിരമിച്ച സബ് ട്രഷറി ഓഫിസറുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് 2 കോടിയുടെ പണം കൈമാറ്റം അംഗീകരിച്ചു. യൂസർനെയിമും പാസ്‌വേഡും താൻ കൈമാറിയിട്ടില്ലെന്നാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ മൊഴി. കംപ്യൂട്ടറിൽ തന്നെ പാസ്‌വേഡ് സേവ് ചെയ്തു വച്ചിരുന്നതാകാം ബിജുലാലിന് ലോഗിൻ ചെയ്യൽ എളുപ്പമാക്കാൻ കാരണമെന്നാണു സൂചന. 

3- ഇതിനു ശേഷം പണം കൈമാറ്റം ചെയ്ത ബിൽ ഓൺലൈനായി റദ്ദാക്കി. ഇതോടെ കലക്ടറുടെ അക്കൗണ്ടിൽ നിന്നു കൈമാറിയ 2 കോടിയും തിരികെയെത്തിയതായി കണക്കിൽ രേഖപ്പെടുത്തപ്പെട്ടു. എന്നാൽ ട്രഷറി ബാങ്കിങ് സോഫ്റ്റ്‍വെയറിലെ പോരായ്മ കാരണം പണം തിരികെ എത്തിയതായി കണക്കിലുണ്ടാകുമെങ്കിലും ആ തുക ബിജുലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ തന്നെയായിരുന്നു. മുൻപും സമാനതട്ടിപ്പു നടത്തിയാകാം സോഫ്റ്റ്‌വെയറിലെ ഇൗ പോരായ്മ ബിജുലാൽ കണ്ടെത്തിയതെന്നാണു സൂചന. 

4- ബിജുലാൽ തന്റെയും ഭാര്യയുടെയും ടിഎസ്ബി അക്കൗണ്ടിലെത്തിയ 2 കോടിയിൽ നിന്നു 62 ലക്ഷം രൂപ ഇരുവരുടെയും അടുത്ത ബന്ധുവായ സ്ത്രീയുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കു ഓൺലൈനായി കൈമാറി. ഇതിൽ എത്ര രൂപ പിൻവലിച്ചിട്ടുണ്ടെന്നു നാളെ ബാങ്കുകൾ തുറന്ന ശേഷമേ വ്യക്തമാകൂ. 

5- ട്രഷറി അക്കൗണ്ട് ക്ലോസ് ചെയ്തപ്പോൾ 2 കോടിയുടെ കുറവു കണ്ടെത്തി. അന്വേഷണത്തിൽ കലക്ടറുടെ അക്കൗണ്ടിൽ നിന്നുള്ള ഫണ്ട് ട്രാൻസ്റഫും അതു റദ്ദാക്കാൻ നടത്തിയ ശ്രമവും ശ്രദ്ധയിൽപ്പെട്ടത്. ജില്ലാ ട്രഷറി ഓഫിസറുടെ റിപ്പോർട്ടിൻമേൽ ബിജുലാലിനു സസ്പെൻഷൻ. ഭാര്യയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന് ട്രഷറി ഡയറക്ടർ നാളെ റിപ്പോർട്ട് നൽകും. ഇരുവരുടെയും ട്രഷറി അക്കൗണ്ടുകൾ മരവിപ്പിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ശാഖാ മാനേജർമാർക്കു കത്തു നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com