ADVERTISEMENT

ബാലരാമപുരം∙ ആന്ധ്രയിൽ നിന്ന് രണ്ട് കാറുകളിലായി തിരുവനന്തപുരം നഗരത്തിലേക്ക് 203 കിലോ കഞ്ചാവ് കടത്തവെ രണ്ടു പേരെ വാഹനം തടഞ്ഞ് എക്സൈസ് സംഘം സാഹസികമായി പിടികൂടി. ഓടി രക്ഷപ്പെട്ട മൂന്നാമനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിന്തുടർന്ന് കാറുകൾ തടഞ്ഞുനിർത്തി  മൽപിടിത്തത്തിലൂടെയാണ് രണ്ടു പേരെ കീഴടക്കിയത്.  വഞ്ചിയൂർ സ്വദേശി സുരേഷ് കുമാർ, മെഡിക്കൽ കോളജ് സ്വദേശി ജോമിറ്റ്, സെന്റ് ആൻഡ്രൂസ് സ്വദേശി വിപിൻ രാജ് എന്നിവരാണ് പിടിയിലായത്. വിപിൻരാജിനെയാണ് നാട്ടുകാർ പിടികൂടിയത്

ബാംഗ്ലൂർ വഴി തിരുവനന്തപുരത്തേക്ക് വന്ന കാറുകളെ  എക്സൈസ് പിന്തുടർന്ന് ബാലരാമപുരം ജംക്‌ഷന് സമീപത്ത് കൊടിനടയിൽ രാവിലെ എട്ടുമണിയോടെ വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു.  വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച സംഘത്തിന്റെ ഒരു കാർ ഡിവൈഡറിലിടിച്ച് ടയർപൊട്ടി നിന്നതോടെ സംഘം പുറത്തിറങ്ങി. 

കഞ്ചാവ് കടത്തിയതിന് പിടിയിലായ കാറും രണ്ട് കാറുകളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവും
കഞ്ചാവ് കടത്തിയതിന് പിടിയിലായ കാറും രണ്ട് കാറുകളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവും

തുടർന്ന് എക്‌സൈസ് സംഘത്തെ  ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെ  നടുറോഡിൽ കീഴ്‌പ്പെടുത്തി.  കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട പെട്രോൾ പമ്പിന് സമീപത്ത് രാവിലെ 8 മണിയോടെയാണ് നാടകീയ സംഭവം.എൻഫോഴ്സ്മെന്റ് സിഐ ടി.അനികുമാറിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.

ചെരിപ്പില്ലാതെ അപരിചിതൻ; നാട്ടുകാർ സംശയിച്ചു

ബാലരാമപുരം∙  ഓടി രക്ഷപ്പെട്ട വിപിൻരാജിനെ നാട്ടുകാർ പിടികൂടിയത് ചെരിപ്പില്ലാതെ നടന്നു നീങ്ങുകയും വീട്ടുവളപ്പിൽ ഒളിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ.  മോഷ്ടാവെന്ന് കരുതി നാട്ടുകാർ പിടികൂടി കെട്ടിയിട്ടശേഷം പൊലീസിനെ വരുത്തി കൈമാറുകയായിരുന്നു. ഒരു വീട്ടിൽ ഒളിക്കാൻ ശ്രമിക്കവെയാണ് മോഷ്ടാവാണോയെന്ന് സംശയം തോന്നി വീട്ടുകാർ ബഹളം വച്ചത്.

കഞ്ചാവ് കടത്തിയതിന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്ത കാറുകൾ. ഇതിൽ ഒരെണ്ണത്തിന്റെ മുൻ വശം ഡിവൈഡറിൽ ഇടിച്ച് തകർന്നതും കാണാം.
കഞ്ചാവ് കടത്തിയതിന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്ത കാറുകൾ. ഇതിൽ ഒരെണ്ണത്തിന്റെ മുൻ വശം ഡിവൈഡറിൽ ഇടിച്ച് തകർന്നതും കാണാം.

അതോടെ സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറി.. തുടർന്ന് നാട്ടുകാർ എത്തി  പിടിച്ചുകെട്ടി. സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടെന്നും പൊലീസിനെ ഭയന്ന് ഓടിയതാണെന്നും ഇയാൾ നാട്ടുകാരോട് പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല. താൻ വെള്ളറട സ്വദേശിയാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് എക്സൈസ് സംഘം സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com