ADVERTISEMENT

കുടവൂർ പാടം  വെള്ളത്തിൽ

കല്ലമ്പലം ∙ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ നാവായിക്കുളം കുടവൂർ പാടശേഖരത്തിലെ കതിരണിഞ്ഞ പാടങ്ങൾ വെള്ളത്തിനടിയിലായി.ഇതോടെ കർഷകരുടെ പ്രതീക്ഷകളും നനഞ്ഞ നിലയിലാണ്. കടംവാങ്ങിയും പലിശയ്ക്കെടുത്തും കൃഷിയിറക്കിയ കർഷകരുടെ പ്രശ്നങ്ങളിലിടപെടാനോ ഇവർക്ക് താങ്ങാവാനോ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ലാത്തതിനാൽ കടുത്ത നിരാശയിലാണ് കൃഷിക്കാർ. കാലംതെറ്റിവന്ന മഴക്കാലം കർഷകർക്ക് നൽകിയത് തീരാവേദന. ‍

കൃഷി തൊഴിലാക്കി അതിനെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം കർഷകരാണ് നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ താമസിക്കുന്നത്. കോവിഡ് പടർന്നു പിടിച്ചതോടെ ജോലിയും കൂലിയും നഷ്ടപ്പെട്ട ഒട്ടേറെ പേർ കാർഷിക മേഖലയിലേക്ക് തിരിഞ്ഞ സമയവും കൂടിയായിരുന്നു.  എന്നാൽ വിളവെടുപ്പിന് മുൻപേ അപ്രതീക്ഷിതമായ പേമാരി കർഷകരുടെ അന്നം മുട്ടിച്ചു. പാകമായ നെൽക്കതിരുകൾ, വാഴകൾ, കിഴങ്ങു വർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയാണ് പലയിടങ്ങളിലും വെള്ളത്തിലാവുകയും നശിക്കുകയും ചെയ്തത്.

നെൽക്കതിരുകൾ അധികനാൾ വെള്ളത്തിൽ കിടന്നാൽ മുളച്ചു തുടങ്ങും. കുടവൂർ രഞ്ചു ഭവനിൽ രവീന്ദ്രനാശാരി, റോഡുവിള വീട്ടിൽ ചന്ദ്രിക, കരിമ്പുവിള സ്വദേശികളായ അലിയാരുകുഞ്ഞ്, സിദ്ദിഖ്, കുടവൂർ കല്ലറവീട്ടിൽ ബാബു തുടങ്ങി ഒട്ടേറെ പേരുടെ വിളകളാണ് നശിച്ചത്.  നാവായിക്കുളം പഞ്ചായത്തിൽ നിന്നും കർഷകശ്രീ അവാർഡ് നേടിയ രവീന്ദ്രനാശാരിയുടെ നാൽപ്പതോളം വാഴകളും മരച്ചീനി, പയർ, വെണ്ട, ചീര തുടങ്ങിയവയും പത്തുപറ കണ്ടത്തിലെ നെൽക്കൃഷിയും പൂർണമായി നശിച്ചു.

മഴ മാറുമെന്നും പാടങ്ങളിൽ നിന്നും വെള്ളമിറങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് ഭൂരിഭാഗം കർഷകരും. വെള്ളമിറങ്ങിയാൽ കുറച്ചെങ്കിലും കറ്റകൾ കൊയ്തെടുക്കാനാകും. മഴ തുടർന്നാൽ വൻ സാമ്പത്തിക ബാധ്യതയായിരിക്കും നേരിടേണ്ടി വരുന്നത്.  സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ നെൽപ്പാടങ്ങളും, കുളങ്ങളും, തോടുകളും നീർച്ചാലുകളുമുള്ള നാവായിക്കുളം പഞ്ചായത്തിൽ  മഴക്കാലത്ത് വെള്ളം നിയന്ത്രിക്കാനുള്ള  പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാത്തതു തിരിച്ചടിയായി. സമയാസമയങ്ങളിൽ തോടുകളും നീർച്ചാലുകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാത്തതിനാലാണ് പാടങ്ങളിലേക്ക് വെള്ളം കയറുന്നതെന്ന് കർഷകർ പറയുന്നു.

thiruvanthapuram-a
1.ശക്തമായ മഴയിൽ തകർന്നു വീണ കൊച്ചാലുംമൂട് വാഹശ്ശേരി വടക്കുംകര വീട്ടിൽ ശ്രീജയുടെ വീട്. 2.വർക്കല കണ്ണംബയിൽ കനത്ത മഴയിൽ തകർന്ന വീട്. വീട്ടുടമയായ ശിവൻപിള്ളയ്ക്കു(85) പരുക്കേറ്റു

വർക്കലയിൽ  വീട് തകർന്ന്  വയോധികന് പരുക്ക്

വർക്കല ∙ കണ്ണംബ ചാലുവിളയിൽ കാട്ടുവിളവീട്ടിൽ ശിവൻ പിള്ളയുടെ(85) ഓട് പാകിയ വീട് വെളുപ്പിന് കനത്തമഴയിൽ തകർന്നു. അപകടത്തിൽ കൈ ഒടിയുകയും മുഖത്ത് പരുക്കേൽക്കുകയും ചെയ്ത ശിവൻപിള്ളയെ(85) വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഭാര്യ രാധയ്ക്കും(75) പരുക്കുണ്ട്. മറ്റൊരു മുറിയിലുണ്ടായിരുന്ന മരുമകളും 3 കുട്ടികളും പരുക്കില്ലാതെ രക്ഷപ്പെട്ടു.  വീടിന്റെ പിറകിലുള്ള മൂന്നു മുറികളും അടുക്കളയും പൂർണമായി തകർന്നിട്ടുണ്ട്. വർക്കല അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി. 

ആറ്റിങ്ങലിലും  പാങ്ങോട്ടും  വീടുകൾ തകർന്നു

ആറ്റിങ്ങൽ∙ കീഴാറ്റിങ്ങൽ തിനവിള വീട്ടിൽ ശിവദാസന്റെ വീട് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്നു. വീടിന്റെ അടുക്കളയുടെ ചുമര് പൂർണ്ണമായും തകർന്നുവീണു. ആർക്കും പരുക്കില്ല

പാങ്ങോട് ∙ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ വീട് തകർന്നു വീണു. കൊച്ചാലുംമൂട് വാഹശ്ശേരി വടക്കുംകര വീട്ടിൽ ശ്രീജയുടെ വീടാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. സംഭവ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com