ADVERTISEMENT

നെടുമങ്ങാട്∙ കോവിഡ് –19 രോഗ വ്യാപനം കൂടുതലായുള്ള നെടുമങ്ങാട് നെട്ട പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.  രോഗ വ്യാപനം കൂടുതലുള്ള കൊല്ലംകാവ്, മേലാംകോട് പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്ന് കലക്ടർക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നെടുമങ്ങാട് നഗരസഭ പ്രദേശത്ത് കടകൾ ഇന്ന് മുതൽ രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്നും ഹോട്ടലുകളിൽ 8 മണിക്ക് ശേഷം 9 വരെ പാഴ്സലുകൾ മാത്രം നൽകാമെന്നും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും തഹസിൽദാർ എം.കെ.അനിൽകുമാറും അറിയിച്ചു. രോഗ വ്യാപനം കൂടുതലുള്ള നെട്ട, കൊല്ലംകാവ്, മേലാംകോട് പ്രദേശങ്ങൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കാണ് ഇന്നലെ വരെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

കണ്ടെയ്ൻമെന്റ്  സോണുകളിൽ ഇളവ്

വിതുര∙ ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരെ ഉൾപ്പെടുത്തി ചേർന്ന അവലോകന യോഗത്തിലെ തീരുമാന പ്രകാരമാണു ഇളവ് ഏർപ്പെടുത്തിയത്.  നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി കൊപ്പം വാർഡിനെ പൂർണമായി കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുന്നതു സംബന്ധിച്ച നിർദേശം കലക്ടർക്ക് അയയ്ക്കാൻ യോഗത്തിൽ തീരുമാനിച്ചു. 

കൊപ്പത്തു വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ടു ഏഴ് വരെ പ്രവർത്തിക്കും.  കണ്ടെയ്ൻമെന്റ് സോണിൽ തുടരുന്ന മണിതൂക്കി, വിതുര, മുളയ്ക്കോട്ടുകര വാർഡുകളിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ടു 6 വരെയായിരിക്കും പ്രവർത്തിക്കുക. ഇവിടങ്ങളിലെ പാസഞ്ചർ ഓട്ടോ ഒരു സ്റ്റാൻഡിൽ 10 വീതവും ഗുഡ്സ് ഓട്ടോ 5 വീതവും ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. 

യോഗത്തിനു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണ കുമാരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാഹുൽനാഥ് അലിഖാൻ, വിതുര സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, മെഡിക്കൽ ഓഫിസർ ഡോ. ശശി, ഹെൽത്ത് ഇൻസ്പെക്ടർ എസ്.വി. രാജേഷ് എന്നിവർ സംബന്ധിച്ചു. 

5 പേർക്ക് കൂടി കോവിഡ്

വിതുര∙ ഗ്രാമ പഞ്ചായത്ത് പരിധിയിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേരിൽ നടത്തിയ ടെസ്റ്റിലാണു 5 പേർക്ക് കൂടി സ്ഥിരീകരിച്ചത്. ഇതോടെ വിതുര പഞ്ചായത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 34 ആയി. ഇന്നലെ ഒരാൾക്കു രോഗം ഭേദമായിട്ടുണ്ട്.  പഞ്ചായത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. ഇന്നലത്തേതു കൂടി ചേർത്തു 104 പേർക്കാണു രോഗം ബാധിച്ചത്. ഇതിൽ 68 പേരുടെ രോഗം ഭേദമായി. രണ്ട് പേർ മരിച്ചു.

പൂവച്ചൽ,കുറ്റിച്ചൽ,കള്ളിക്കാട്  42 പേർക്ക് കോവിഡ്

കാട്ടാക്കട∙ പൂവച്ചൽ,കള്ളിക്കാട്,കുറ്റിച്ചൽ പഞ്ചായത്തുകളിൽ ഇന്നലെ 42പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വൈറസ് സ്ഥിരീകരിച്ച 16 പേരിൽ ചിലർ സമരങ്ങളിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. കുറ്റിച്ചലിൽ 35 പേരുടെ പരിശോധനയിൽ ഒൻപതു പേരാണ് കോവിഡ് പോസിറ്റീവായത്.കള്ളിക്കാട് പഞ്ചായത്തിൽ 17 പേരുടെ പരിശോധന ഫലം പോസിറ്റീവായി.45 പേരുടെ സാംപിളാണ് ഇന്നലെ പരിശോധിച്ചത്.കാട്ടാക്കട പഞ്ചായത്തിൽ ഇന്നലെ പരിശോധനയില്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com