ADVERTISEMENT

തിരുവനന്തപുരം∙ യുട്യൂബ് ചാനലുകളിലൂടെ അപകീർത്തികരമായ വിഡിയോകൾ  പോസ്റ്റ് ചെയ്തെന്ന പരാതിയിൽ വെള്ളായണി സ്വദേശി വിജയ് പി.നായർ, സിനിമ സംവിധായകൻ ശാന്തിവിള ദിനേശ് എന്നിവർക്കെതിരായ കേസുകൾ സൈബർ‌ പൊലീസിനു കൈമാറി.  കേസ് എടുത്ത മ്യൂസിയം പൊലീസ് വിജയ് നായർ നാലു വർഷമായി താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ലോഡ്ജിലെത്തി ച്ച് തെളിവെടുത്തു.  ക്യാമറ ട്രൈപോഡ് ഉൾപ്പെടെയുളള സാധനങ്ങൾ കസ്റ്റഡിലെടുത്തിട്ടുണ്ട്.

പ്രധാന തെളിവുകളായ ഫോണും ലാപ്ടോപും ഇയാളെ കൈകാര്യം ചെയ്യുന്നതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും കൈക്കലാക്കി തമ്പാനൂർ പൊലീസിനു  കൈമാറിയിരുന്നു. തെളിവെടുപ്പിനു ശേഷം  കോടതിയിൽ ഹാജരാക്കിയ വിജയിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ജയിലിലാക്കി.  ശാന്തിവിള ദിനേശ് മജിസ്ട്രേട്ട് കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി. വിജയിനെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും ശാന്തിവിള ദിനേശിനെതിനെ  ജാമ്യം ലഭിക്കുന്ന വകുപ്പുകളുമാണു ചുമത്തിയിരിക്കുന്നത്. 

പരാതിക്കാരുടെ മൊഴിയുമെടുത്തു. ഭാഗ്യലക്ഷ്മിയുടെ വീട്ടിലെത്തിയും  ഭാഗ്യലക്ഷ്മിക്കൊപ്പം  വിജയ് നായരെ ‘കൈകാര്യം’ ചെയ്ത സംഘത്തിലുണ്ടായിരുന്ന  ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയുമാണു മൊഴിയെടുത്തത്. വിജയിനെതിരെ ഇവർ മൂവരും ചേർന്നും ശാന്തിവിള ദിനേശിനെതിരെ  ഭാഗ്യലക്ഷ്മിയുമാണു പരാതി നൽകിയിരിക്കുന്നത്. അപകീർത്തികരമായ വിഡിയോ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ നിന്നു നീക്കം ചെയ്തെങ്കിലും  പിന്നീട് പോസ്റ്റ് ചെയ്ത വിഡിയോയിലും തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും ഭീഷണിയും  ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പൊലീസിനോട്  പറഞ്ഞു. 

അതേസമയം വിജയ്‌ നായരെ താമസ സ്ഥലത്ത് എത്തി കരി ഓയിൽ ഒഴിച്ചു തല്ലിയ സംഭവത്തിൽ തമ്പാനൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇതിൽ വിധി വന്ന ശേഷമേ  മറ്റു നടപടികളിലേക്കു കടക്കുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു. കവർച്ചയുടെ ഗണത്തിൽപെടുത്തി  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു പൊലീസ് ഇവർക്കെതിരെ  കേസെടുത്തിരിക്കുന്നത്.  

യൂട്യൂബ് ചാനൽ  വിജയിനെക്കൊണ്ടു തന്നെ പൂട്ടിച്ചു

തിരുവനന്തപുരം∙ വിജയ് പി.നായരുടെ  വിവാദ യൂട്യൂബ് ചാനൽ പൊലീസ് അയാളുടെ സഹായത്തോടെ തന്നെ പൊതുജനങ്ങൾക്കു കാണാനാവാത്ത വിധം പൂട്ടിച്ചു. പരാതിക്ക് ഇടയാക്കിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  ഹൈടെക് സെൽ യൂട്യൂബ് അധികൃതർക്ക് മെയിൽ അയച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞും മറുപടി ലഭിക്കാതെ വന്നതോടെയാണ്  അക്കൗണ്ട് ഉടമയെ ഉപയോഗിച്ചു ചാനൽ തന്നെ പൂട്ടിയത്.

തെളിവായും മറ്റും കേസിന് ആവശ്യമുള്ളതിനാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാതെ മറ്റാർക്കും കാണാനാവാത്ത വിധം പ്രൈവറ്റ് അക്കൗണ്ട് ആക്കി മാറ്റുകയായിരുന്നു.  വിജയിന്റെ പാസ്‌വേഡ് ഉപയോഗിച്ച് അക്കൗണ്ട് തുറന്നു  പാസ്‌വേർഡ് മാറ്റിയ ശേഷമാണ് പ്രൈവറ്റ് അക്കൗണ്ടാക്കി  മാറ്റിയത്. ഇതോടെ പ്രതിക്കും ഇനി ഈ  ചാനൽ തുറക്കാനാവില്ല. 

അശ്ലീലവും അപകീർത്തികരവുമായ ഒട്ടേറെ വിഡിയോകൾ ഈ ചാനലിലുണ്ടായിരുന്നു. കേസിന് ആസ്പദമായ വിഡിയോ മാത്രം നീക്കം ചെയ്യാനാണ് പൊലീസ് യൂട്യൂബിന് മെസേജ് അയച്ചത്. എന്നാൽ മറുപടി ലഭിക്കാൻ വൈകുകയും  ഈ വിഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ്  പൊലീസ് സ്വന്തം നിലയ്ക്ക് ചാനൽ പൂട്ടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com