ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണം ഏറെ വ്യത്യസ്തമാകും.  ആളുകളുടെ നേരിൽ കണ്ട് പ്രചാരണത്തിനു സാധ്യത കുറവായതിനാൽ ചുവരെഴുത്തുകളും പോസ്റ്ററുകളും കൂടുതലാകും. നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളുടെ സഹായം തേടാൻ തീരുമാനിച്ചു ബഹുദൂരം മുന്നോട്ടുപോയി. സമൂഹമാധ്യമങ്ങളിലൂടെ ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിഡിയോ പ്രചാരണങ്ങളാണു പ്രധാന മുന്നണികൾ ഉദ്ദേശിക്കുന്നത്.

സാധാരണ ജനത്തിന് അധികം ഇന്റർനെറ്റ് ഡേറ്റ ചെലവിടാതെ പ്രചാരണ വിഡിയോകൾ കാണാനാണ് ഈ തന്ത്രം. കവലകളിൽ യോഗങ്ങളും മറ്റും നടത്തുന്നതിനു പരിമിതി ഉള്ളതിനാൽ പ്രസംഗങ്ങളും കുറയും. വിഡിയോ വഴി നീണ്ട പ്രസംഗം കേൾക്കാൻ വോട്ടർമാർക്കു താൽപര്യമില്ലാത്തതാണ് ഒരു കാരണം. മറ്റൊന്നു സദസ്സിനെ കാണാതെയുള്ള പ്രസംഗം ഉഷാറാവില്ലെന്ന രാഷ്ട്രീയനേതാക്കളുടെ സ്വയം വിലയിരുത്തലും.

വീടുകളിൽ പ്രചാരണത്തിനു പോകുമ്പോൾ സ്ഥാനാർഥി ഉൾപ്പെടെ 3 പേർ മതി എന്നാണു സിപിഎം നിർദേശം. എന്നാൽ, മറ്റു പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച പരമാവധി 5 പേർ എന്ന മാനദണ്ഡം പിന്തുടരും. വീടുകളിൽ നോട്ടിസ് വിതരണം ചെയ്യുമ്പോൾ കയ്യുറ ധരിക്കാൻ പ്രവർത്തകരോട് എല്ലാ പാർട്ടികളും നിർദേശിച്ചിട്ടുണ്ട്. കഴിയുമെങ്കിൽ ഫെയ്സ് ഷീൽഡും ധരിക്കും. 

യുഡിഎഫ്

ഇത്തവണ ഡിജിറ്റൽ ബൂത്ത് എന്ന ആശയവുമായാണു യുഡിഎഫിന്റെ പ്രചാരണം. ഓരോ ദിവസവും പരമാവധി ആളുകളിൽ എത്തിക്കാൻ വാട്സാപ് ഗ്രൂപ്പുകൾ വാർഡ് തലംവരെ. വാർഡ്, ബൂത്ത് തലങ്ങളിൽ ഐടി കോഓർഡിനേറ്റർമാരെ നിയോഗിച്ചാകും കോ‍ൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അതതു ദിവസത്തെ പ്രചാരണ പരിപാടികൾ ചെറിയ സന്ദേശങ്ങളായി താഴെത്തട്ടിൽ വരെ എത്തിക്കും. സമൂഹമാധ്യമങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ സ്ഥാനാർഥികൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ബിജെപി

എല്ലാ വാർഡ് അടിസ്ഥാനത്തിലും വാട്‌സാപ് ഗ്രൂപ്പുകൾ. പാർട്ടി അനുഭാവികൾക്കൊപ്പം പൊതുജനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുക മുഖ്യലക്ഷ്യം. രാഷ്ട്രീയം ചർച്ച ചെയ്യരുതെന്നാണു നിർദേശം. സംസ്ഥാന തലത്തിൽ നിയന്ത്രിക്കാവുന്ന രീതിയിലാണു ക്രമീകരക്കുന്നത്.  എല്ലാ ഘടകങ്ങളും സ്വന്തമായി ഫെയ്‌സ്ബുക്കിൽ ഉൾപ്പെടെ അക്കൗണ്ടുകൾ തുറന്നു സജീവമാകും. പഞ്ചായത്ത്, മണ്ഡലം, ജില്ലാ അടിസ്ഥാനത്തിലാണിത്. ടെലഗ്രാം, ട്വിറ്റർ തുടങ്ങിയവയിലും അക്കൗണ്ടുകൾ തുടങ്ങും.

സിപിഎം

പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റർ, ജില്ലാ കമ്മിറ്റി ഓഫിസുകൾ, ഏരിയ കമ്മിറ്റി ഓഫിസുകൾ എന്നിവിടങ്ങളിൽ സ്റ്റുഡിയോകൾ സജ്ജീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളായി മാറുന്ന ലോക്കൽ കമ്മിറ്റി ഓഫിസുകളിൽ പ്രത്യേക സ്ക്രീൻ. വാർഡ് തലങ്ങളിൽ പാർട്ടി അംഗങ്ങളും അനുഭാവികളും ഉള്ളതും പാർട്ടി അംഗങ്ങൾ മാത്രമുള്ളതുമായ വാട്‌സാപ് ഗ്രൂപ്പുകൾ. എല്ലാ വീടുകളിലെയും ഒരു അംഗത്തിന്റെ എങ്കിലും ഫോൺ നമ്പറും ശേഖരിച്ചു. സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിൽ നിന്നുള്ള പാർട്ടി പ്രചാരണം താഴെത്തട്ടിൽ എത്തിക്കാനാണ് ഇത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com