ADVERTISEMENT

പാറശാല ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ അപരൻമാർ നിർണായകം. സാമ്യമുള്ള പേരുള്ളവരെ സ്ഥാനാർഥി പട്ടികയിൽ എത്തിച്ച് വോട്ട് വഴി മാറ്റുന്ന പഴയ തന്ത്രങ്ങൾക്ക് ഇക്കുറിയും സജീവം.  കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒട്ടേറെ സ്ഥാനാർഥികളുടെ തലവര മാറ്റി മറിച്ചത് അപരൻമാർ ആയിരുന്നു. അപര സാന്നിധ്യത്തിൽ ഭരണം വരെ നഷ്ടമായ പഞ്ചായത്തുകൾ ഉണ്ട്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാർഡുകളിൽ ആണ് അപരൻമാർ സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. 

വോട്ടർപട്ടിക നോക്കി ആണ് രാഷ്ട്രീയ പാർട്ടികൾ ഒരേ പേരുള്ള ആൾക്കാരെ തപ്പി എടുക്കുന്നത്. സൂക്ഷ്മപരിശോധന ദിവസം മാത്രമേ അപരനെ കുറിച്ച് സ്ഥാനാർഥിക്ക് വിവരം ലഭിക്കൂ. പത്രിക പിൻവലിക്കാൻ പ്രലോഭനം മുതൽ ഭീഷണി വരെ മുൻകൂട്ടി കണ്ട് മുങ്ങുന്ന അപരൻ പിന്നെ പെ‍ാങ്ങുന്നത് പിൻവലിക്കൽ ദിവസം കഴിഞ്ഞായിരിക്കും. വാർഡുകളിലെ രാഷ്ട്രീയ സ്ഥിതി കണക്കാക്കി പതിനായിരം മുതൽ ലക്ഷങ്ങൾ വരെ അപരന് വിലയുണ്ട്. 

2015ലെ ജില്ലാ പഞ്ചായത്ത് പാറശാല ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.വത്സലന്റെ പേരുമായി സാദൃശ്യം തോന്നുന്ന വത്സലം നേടിയത് 1246 വോട്ടാണ്. 5252 വോട്ടിന്റെ ഭൂരിപക്ഷം വിജയിച്ച സ്ഥാനാർഥിക്ക് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയുടെ അപരൻ നേടിയ 1246 വോട്ട് തിരഞ്ഞെടുപ്പിലെ അപരന്റെ ശക്തി വ്യക്തമാക്കുന്നതാണ്. അപര ശല്യം രൂക്ഷമായ കാരോട് പഞ്ചായത്തിൽ പത്രിക സമർപ്പണത്തിന്റെ സമാപന ദിവസം മുന്നണി സ്ഥാനാർഥികൾ അപരൻമാർ എത്തുന്നതും കാത്ത് അവസാന സമയം വരെ ഒ‍ാഫീസിൽ ഉണ്ടായിരുന്നു.

മാറാടി വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പേരുമായി സാദൃശ്യം തോന്നുന്ന പേരുള്ള ആൾ പത്രിക സമ്ര‍പ്പിക്കാൻ എത്തിയപ്പോൾ മിനിറ്റുകൾ വൈകി. സമയം കഴിഞ്ഞതിനാൽ പത്രിക സ്വീകരിക്കുന്നത് ചട്ടലംഘനം ആണെന്ന വാദം ഉയർന്നതോടെ ജീവനക്കാർ കൈപ്പറ്റിയില്ല. പത്രിക നൽകാൻ കഴിയാതെ നിരാശനായി തിരിച്ചുപോയ അപരന്റെ വാഹനം പഞ്ചായത്ത് ഒ‍ാഫീസ് വളപ്പിൽ സ്റ്റാർട്ട് ആകാതെ വന്നതോടെ യഥാർഥ പേരുള്ള സ്ഥാനാർഥിയുടെ അനുയായികൾ തന്നെ തള്ളി കെ‍ാടുത്തത് കാഴ്ചക്കാർക്ക് ചിരിക്കാൻ വക നൽകി. ചില സ്ഥലങ്ങളിൽ അപരനെ തേടി സ്ഥാനാർഥികളുടെ അനുയായികൾ അരിച്ചുപെ‍ാറുക്കിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com