ADVERTISEMENT

വെള്ളറട ∙ വിമതരെ ഒതുക്കാൻ പാർ‌ട്ടികളുടെ നേട്ടോട്ടം. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3ന് അവസാനിക്കും. അതിനു മുൻപ് വിമതരെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇന്നലെ രാത്രി വൈകിയും പാർട്ടി നേതാക്കളുടെ സംഘം വാഗ്ദാനങ്ങളുമായി വിമത സ്ഥാനാർഥികളുടെ വീടുകളിലെത്തി ചർച്ച നടത്തുന്നുണ്ടായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കുടപ്പനമൂട് ഷാജഹാൻ ജില്ലാപഞ്ചായത്ത് വെള്ളറ‍ട ഡിവിഷനിൽ സ്വതന്ത്രനായി പത്രിക നൽകിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് അമ്പൂരി ഡിവിഷനിൽ സ്വതന്ത്രനായി വിജയിച്ച ഷാജഹാൻ ഇപ്പോൾ ജില്ലാ ഡിവിഷനിൽ മത്സരിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. നേരത്തേ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷാജഹാന് കഴിഞ്ഞ തവണ പാർട്ടി സീറ്റ് നൽകിയില്ല. തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. മുന്നണി സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തി. പക്ഷേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചു. ഇത്തവണ യുഡിഎഫിനോട് ജില്ലാപഞ്ചായത്ത് ഡിവിഷൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

തുടർന്നാണ് സ്വതന്ത്രനായി പത്രിക നൽകിയത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ വെള്ളറട ഡിവിഷനിൽ ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് എം.ശോഭകുമാരി സ്വതന്ത്രയായി മത്സരിക്കുന്നത് എൽഡിഎഫിന് തലവേദന. അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കിയിരിക്കുന്നതിനാൽ നടപടി സ്വീകരിക്കാനും പാർട്ടിക്ക് ആകുന്നില്ല. ഒറ്റശേഖരമംഗലം ഡിവിഷനിൽ യുഡിഎഫിനും വിമത ഭീഷണി നിലനിൽക്കുന്നു.

ഗ്രാമപ്പഞ്ചായത്തുകളിൽ യുഡിഎഫിനും എൽഡിഎഫിനും വിമതരുണ്ട്. ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിനെ കുറ്റിയായണിക്കാട്ടിലും യുഡിഎഫിനെ വെള്ളാങ്ങലിലും വിമതർ വലയ്ക്കുന്നു. ബിജെപിയെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് അമ്പൂരിയിലാണ്. പാർട്ടിയിൽ നിന്നും പിരിഞ്ഞ് 3 പേർ മത്സരിക്കുന്നു. ഇതിൽ 2 പേർ മുൻ പഞ്ചായത്ത് അംഗങ്ങളും ഒരാൾ മുൻ അംഗത്തിന്റെ ഭാര്യയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com