ADVERTISEMENT

പാലോട് ∙ എൽഡിഎഫ് വരുമ്പോൾ സമരപ്പന്തൽ പൊളിക്കും, യുഡിഎഫ് വന്നാൽ കെട്ടി ഉയർത്തും– ഈ സമരത്തിന്റെ പേരാണ് പൊട്ടൻചിറ ആദിവാസി ഭൂസമരം. ഇത്തിരി മണ്ണിനും അടച്ചുറപ്പുള്ള ഒരു കൂരയ്ക്കും വേണ്ടി പാവപ്പെട്ട ആദിവാസികൾ പൊട്ടൻചിറ സർക്കാർ ഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചിട്ട് 18 വർഷം തികയുന്നു. ഇത്രയും കാലം സമരക്കാരോട് സിപിഎമ്മിന്റെ ആദിവാസി സംഘടനയായ ആദിവാസി ക്ഷേമസമിതി കാണിച്ച വഞ്ചന തിരഞ്ഞെടുപ്പിൽ ആദിവാസികൾക്കിടയിൽ ചർച്ചയാവുകയാണ്.

2003 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ചെറ്റച്ചൽ ഡയറി ഫാമിന്റെ 28 ഹെക്ടർ ഭൂമി പതിച്ചു കിട്ടണം എന്നാവശ്യപ്പെട്ടു ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൂറിലേറെ കുടിലുകൾ കെട്ടി സമരം ആരംഭിച്ചു. ഈ ഭൂമി പതിച്ചു നൽകാൻ കഴിയില്ലെന്ന തിരിച്ചറിവില്ലാത്തവരല്ല ഇതിനു നേതൃത്വം നൽകിയവർ. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ആറു മാസത്തിനുള്ളിൽ ഭൂമി പതിച്ചു നൽകുമെന്നു പറഞ്ഞെങ്കിലും വി.എസ് അച്യുതാനന്ദൻ മന്ത്രിസഭ അധികാരത്തിൽ വന്നു നാലു വർഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല.

പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി മന്ത്രി എ.കെ. ബാലൻ സമര ഭൂമി സന്ദർശിച്ചു ഭൂമി പതിച്ചു നൽകുമെന്നു പറഞ്ഞു. ആ അഞ്ചു വർഷം ഒന്നും നടന്നില്ല സമരവും. പിന്നാലെ ഉമ്മൻചാണ്ടി അധികാരത്തിൽ വന്നപ്പോൾ വീണ്ടും സമരപ്പന്തൽ ഉയർന്നു. പിന്നെ അഞ്ചു വർഷക്കാലം ഭൂമിക്കു വേണ്ടി സമര നേതാക്കൾ ഉറഞ്ഞു തുള്ളി. കഴിഞ്ഞ അഞ്ചു വർഷവും ഇവർക്ക് ഭൂമി ലഭിച്ചില്ല.  പിന്നാലെ പിണറായി സർക്കാർ വന്നതോടെ സമര പന്തൽ പൊളിച്ചു. ഇപ്പോൾ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല.

എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയ വാഗ്ദാനങ്ങളുമായി പലരും എത്തിത്തുടങ്ങി ഭൂമിയില്ലാത്തതു മൂലം പല ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. തങ്ങളെ കബളിപ്പിക്കുന്നത് തിരിച്ചറിഞ്ഞു ഒട്ടേറെ പേർ സമര ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോയി. മുപ്പതോളം കുടുംബങ്ങൾ ദുരിതങ്ങൾ പേറി കൃഷിയും കാലിവളർത്തലുമൊക്കെയായി ഇവിടെ കഴിയുന്നു. ഹൈടെക് വികസനം പറയുമ്പോൾ 18 വർഷമായിട്ടും ഈ പാവങ്ങൾക്ക് വാസയോഗ്യമായ ഭൂമി വാങ്ങി നൽകി ഫ്ലാറ്റോ വീടോ നിർമിച്ചു നൽകാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. അങ്ങനെ ഉയർന്നാൽ പിന്നെ സമര വേദികൾ ഉണ്ടാവില്ലല്ലോ എന്ന മറുചോദ്യവും അറിയാത്തവരല്ല ആദിവാസികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com