ADVERTISEMENT

ആറ്റിങ്ങൽ∙ പൂവമ്പാറ – മൂന്നുമുക്ക് ദേശീയപാത വീതികൂട്ടുന്നതിനായി കച്ചേരി ജംക്‌ഷൻ മുതൽ– പൂവമ്പാറ വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും , മുന്നറിയിപ്പില്ലാതെ അധികൃതർ ദേശീയപാതയുടെ ഒരുഭാഗം  അടച്ചിടുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തതോടെ മണിക്കൂറുകളോളം പൊതുജനം പൊതുവഴിയിൽ അലയേണ്ട ദുരവസ്ഥ നേരിടേണ്ടിവന്നു. ഇടറോഡുകളിലും ആറ്റിങ്ങൽ പട്ടണത്തിലും പരിസരപ്രദേശത്തും മണിക്കൂറുകളോളം നീണ്ടു നിന്ന ഗതാഗത സ്തംഭിച്ചു. അശാസ്ത്രീയമായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം കാരണം യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.

രാവിലെ എട്ടോടെ ആരംഭിച്ച ഗതാഗത സ്തംഭനം ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു നിന്നു. തിരക്ക് കുറഞ്ഞതിനെ തുടർന്ന് അടച്ചിട്ട ഭാഗം തുറക്കുകയും വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് അവസാനിപ്പിക്കുകയും ചെയ്തു . ആറ്റിങ്ങൽ പട്ടണം താണ്ടാൻ രണ്ടു മണിക്കൂറിലധികം എടുത്തതായി യാത്രക്കാർ പരാതിപ്പെട്ടു. ഗതാഗതക്കുരുക്കഴിക്കാൻ ആറ്റിങ്ങൽ സി ഐ എസ്.ഷാജിയുടെ നേതൃത്വത്തിൽ പരിമിതമായ പൊലീസുകാരും ചുരുക്കം ട്രാഫിക് ഗാർഡുകളും മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. ദേശീയപാതയിൽ ആലംകോടു നിന്നും  കോരാണിയിൽ നിന്നും മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടത് യാത്രക്കാരെ വലച്ചു.

മൂന്ന് മാസം മുൻപ് സമാനമായ രീതിയിൽ റോഡ് അടച്ചിടുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്ത് റോഡ് കുഴിച്ച് നിർമാണ പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽപെട്ട മന്ത്രി ജി. സുധാകരൻ പണി തടയുകയും ഗതാഗതം വഴിതിരിച്ചു വിടരുതെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്ക് ഒടുവിൽ റോഡുപണി പുനരാരംഭിച്ചെങ്കിലും ഗതാഗതം വഴിതിരിച്ചു വിട്ടില്ല. കച്ചേരി ജംക്‌ഷൻ മുതൽ പൂവമ്പാറ വരെയുള്ള പാതയുടെ പടിഞ്ഞാറു ഭാഗത്ത് 25 ന് രാത്രി 6 മുതൽ ടാറിങ് ജോലികൾ ആരംഭിച്ചിരുന്നു. 29 വരെ പണി നീണ്ടു നിൽക്കുമെന്നാണു അധികൃതർ അറിയിച്ചിട്ടുള്ളത്.

എന്നാൽ ടാറിങ് ജോലികൾ നടക്കുന്ന റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് ഗതാഗതം അനുവദിക്കില്ലെന്നും  പാതയുടെ പണി പൂർത്തിയായ കിഴക്കുഭാഗത്തു കൂടി ഇരുവശത്തേക്കും സഞ്ചരിക്കാമെന്നും ദേശീയപാത വിഭാഗവും  ബി സത്യൻ എംഎൽഎയും അറിയിച്ചിരുന്നു.‌ എന്നാൽ അറിയിപ്പുകൾക്ക് വിപരീതമായാണ് വെള്ളിയാഴ്ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. അസാധാരണമായ വിധത്തിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയത് കുരുക്ക് രൂക്ഷമാകാൻ കാരണമെന്നാണ് അധികൃതർ നിരത്തുന്ന വാദം.

കൊല്ലം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടാതെ കച്ചേരി ജംക്‌ഷനിലും മാർക്കറ്റ് റോഡിന് സമീപത്തും ബാരിക്കേഡുകൾ നിരത്തി ദേശീയപാത അടയ്ക്കുകയും വാഹനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. ദേശീയപാതയ്ക്കു പുറമേ അയിലം– കിഴക്കേ നാലുമുക്ക് റോഡ്, പാലസ് റോഡ് ഇവയും മണിക്കൂറുകളോളം സ്തംഭിച്ചു. പ്രദേശത്തെ ഇട റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഗതാഗതക്കുരുക്കിൽ നിരവധി ആംബലുൻസുകളും കുടുങ്ങി.

ഇന്നു മുതൽ ഗതാഗതം വഴിതിരിച്ചു വിടില്ലെന്ന്

ആറ്റിങ്ങൽ∙ വെള്ളിയാഴ്ച അനിയന്ത്രിതമായ തിരക്കു കാരണം വാഹനങ്ങൾ വഴിതിരിച്ചു വിട്ടതും കൊല്ലം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടാതെ തടഞ്ഞതും പൊലീസെന്ന് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വിശ്വലാൽ പറഞ്ഞു. അപ്രതീക്ഷിതമായി കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായി. തിരക്ക് ഒഴിവാക്കുന്നതിനാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത്.

കൂടുതൽ വാഹനങ്ങൾ എത്തിയതോടെ ദേശീയപാതയുടെ കിഴക്കു ഭാഗത്തുകൂടി രണ്ട് വശത്തേക്കുമുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി . തുടർന്നാണ് ദേശീയപാതയുടെ ഒരുഭാഗം കച്ചേരി ജംക്‌ഷനിൽ അടച്ചിട്ടതും കൊല്ലം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതുമെന്ന് ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ എസ് .ഷാജി പറഞ്ഞു. ഇന്നു മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ട സാഹചര്യമില്ലന്ന് പൊലീസ് അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com