ADVERTISEMENT

വർക്കല∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് റോഡരികിലെ കൂറ്റൻ പ്ലാവ് കടപുഴകി വീണു ഡ്രൈവർ മരിച്ചു. യാത്രക്കാരായ രണ്ടു ബന്ധുക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു  അഞ്ചുതെങ്ങ് കായിക്കര പാണിയിൽ വീട്ടിൽ ദുഷന്തന്റെയും ഉഷയുടെയും മകൻ വിഷ്ണുവാണ്(30) മരിച്ചത്.  ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മരക്കടമുക്ക്–ചെറുന്നിയൂർ ദളവാപുരം റോഡിൽ അപകടം നടന്നത്. ഡ്രൈവർ സീറ്റിന്റെ ഭാഗത്താണ് പ്ലാവ് വീണത്. ഓട്ടോയിൽ കുടുങ്ങിയ വിഷ്ണുവിനെ മരം മുറിച്ചുമാറ്റി വർക്കല അഗ്നിശമനസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 മീറ്റർ ഉയരമുള്ള പ്ലാവാണ് മഴയിൽ കടപുഴകിയത്. യാത്രക്കാരായ വിഷ്ണുവിന്റെ ബന്ധുക്കളായ മനു(37), ശരത്(32) എന്നിവർ നിസാര പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. സഹോദരി: തുഷാര.

അസാധാരണ അപകടം; അവിശ്വസനീയത, നടുക്കം... 

വർക്കല∙ മകരവിളക്കിനോടനുബന്ധിച്ചു കായിക്കരയിലെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിൽ  അന്നദാനം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾക്കായി സാധനങ്ങൾ വാങ്ങാനിറങ്ങിയതാണ്  വിഷ്ണു(29). വിഷ്ണുവിന്റെ ജീവനെടുത്ത ഈ അസാധാരണ ദുരന്തത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല, കൂടെയുണ്ടായിരുന്ന ബന്ധുക്കളായ യുവാക്കൾക്ക്.  വിഷ്ണുവിന്റെ അമ്മയുടെ സഹോദരൻ മനു(37) ഉൾപ്പെടെ രണ്ടു പേർ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്. നാട്ടുകാർക്കും മാറുന്നില്ല അമ്പരപ്പും അവിശ്വസനീയതയും.

വർക്കല മരക്കടമുക്കിൽ നിന്നു പച്ചക്കറി സാധനങ്ങളുമായി റോഡിന്റെ ഇറക്കം ഇറങ്ങി വരവേയാണ് അപകടം. വർഷങ്ങളായി ചാഞ്ഞുനിന്നിരുന്ന പ്ലാവ് കടപുഴകി ഓട്ടോയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മരത്തിനടിയിൽ കുടുങ്ങിയ വിഷ്ണുവിനെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയ നാട്ടുകാർക്ക് സാധിച്ചില്ല. ഫയർഫോഴ്സ് അംഗങ്ങൾക്കും മരംമുറിക്കാതെ ഒന്നും ചെയ്യാനാവുമായിരുന്നില്ല. 

രക്ഷാപ്രവർത്തനത്തിൽ അഗ്നിശമന സേനയ്ക്കൊപ്പം നാട്ടുകാരും പങ്കാളികളായി വിഷ്ണുവിനെ ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളജിലേക്ക് ഫയർഫോഴ്സിന്റെ ആംബുലൻസിൽ വിഷ്ണുവിനെ മാറ്റാനുള്ള ഒരുക്കത്തിനിടെ വിഷ്ണു ജീവൻ വെടിഞ്ഞു..അവിവാഹിതനായ വിഷ്ണു എസി മെക്കാനിക്കുകൂടിയാണ്. ജീവിതച്ചെലവ് കണ്ടെത്താൻ ഓട്ടോയും ഓടിക്കും. നാലംഗം കുടുംബത്തിന്റെ ആശ്രയമായിരുന്നു.  സംസ്കാരം പിന്നീട് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com