ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പൊന്നും നൽകാതെയും സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിലുള്ളവരുടെ ആവശ്യങ്ങൾ പൂർണമായും തള്ളിയും സർക്കാർ ഉത്തരവ്. ഇരുവിഭാഗം ഉദ്യോഗാർഥികളുമായും കഴിഞ്ഞ ശനിയാഴ്ച ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും എഡിജിപി മനോജ് ഏബ്രഹാമും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ സമരം തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചു. ഓഗസ്റ്റ് 4 വരെ കാലാവധിയുള്ള എൽജിഎസ് റാങ്ക് ലിസ്റ്റിൽ നിന്നു പരാമാവധിപ്പേർക്കു നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്നും ഇതിനായി ഒഴിവുകളെല്ലാം സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികളോടു നിർദേശിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരുടെ ഡ്യൂട്ടി സമയം മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് അനുസരിച്ച് 8 മണിക്കൂറായി പരിമിതപ്പെടുത്തി കൂടുതൽ പേരെ എൽജിഎസ് പട്ടികയിൽ നിന്നു നിയമിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പരിശോധിച്ചു വരികയാണ്. 6 മാസത്തിലേറെയായി താൽക്കാലികക്കാർ ജോലി ചെയ്യുന്നിടങ്ങളിൽ സ്ഥിര നിയമനത്തിനു പിഎസ്‌സിക്ക് വിടുക, ഹൈക്കോടതി ഉത്തരവു പ്രകാരം ഹയർ സെക്കൻഡറിയിൽ വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് ഒഎ തസ്തികകൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളും ഉദ്യോഗാർഥികൾ ഉന്നയിച്ചിരുന്നെങ്കിലും അക്കാര്യങ്ങളിൽ ഒരു തീരുമാനവും ഉത്തരവിലില്ല. സിപിഒ റാങ്ക് പട്ടികക്കാരുടെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.‘1200 പ്രതീക്ഷിത തസ്തികൾ (ട്രെയിനിങ് പർപസ്) പിഎസ്‌സിക്കു വിട്ടില്ലെന്ന സിപിഒ ഉദ്യോഗാർഥികളുടെ വാദം വസ്തുതാപരമല്ല.

അടുത്ത ഡിസംബർ വരെയുള്ള പ്രതീക്ഷിത ഒഴിവുകളെല്ലാം യഥാസമയം പിഎഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിപിഒ പ്രധാന ലിസ്റ്റിലുള്ള 7580 പേരിൽ 5609 പേർക്കും നിയമന ശുപാർശ നൽകി. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ അതിൽ നിന്ന് ഇനി നിയമനം നടത്താനാവില്ല’-ഉത്തരവിൽ വ്യക്തമാക്കുന്നു. ‌പ്രതീക്ഷയോടെ കാത്തിരുന്ന ഉത്തരവ് യോഗ മിനുട്സിന്റെ പകർപ്പു പോലെ ആയിപ്പോയെന്നും വ്യക്തമായ ഉറപ്പു ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് ഉദ്യോഗാർഥികൾ പറയുന്നു. മനുഷ്യത്വ രഹിത സമീപനമാണ് സർക്കാരിനെന്നാണ് സിപിഒ റാങ്ക് ജേതാക്കളുടെ പ്രതികരണം.

സാധ്യമായ പരിഹാരമേ പറ്റൂ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പിഎസ്‍സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് ഇനിയും ചർച്ച വേണമെങ്കിൽ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവ്യവസ്ഥ അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ സർക്കാരിനു കഴിയൂ.റദ്ദാക്കിയ സിപിഒ പട്ടികയിൽ നിന്നു നിയമനം സാധ്യമല്ല. ന്യായമായ ഒരു സമരത്തോടും സർക്കാർ മുഖം തിരിക്കില്ല. എന്നാൽ സാധ്യമായ പരിഹാരമേ നടപ്പാക്കാൻ കഴിയൂ. സർക്കാർ ഇടപെടാത്തതു കൊണ്ടല്ലേ സമരം നീളുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘‘ചോദ്യം ചോദിച്ചയാളുടെ മാനസികാവസ്ഥ കാണിക്കുന്നതാണല്ലോ അത്. കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല, പകരം അതെങ്ങനെ തെറ്റായി അവതരിപ്പിക്കാൻ കഴിയുമെന്നാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ആ ചോദ്യം’’.

പി.സി.ജോർജിന്റെ പൊന്നാട വേണ്ടെന്ന് റിജിൽ മാക്കുറ്റി 

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരപ്പന്തലിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയ പി.സി.ജോർജിന്റെ പൊന്നാട നിരസിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. റിജിലിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന മറ്റു രണ്ടു വൈസ് പ്രസിഡന്റുമാരായ എൻ.എസ്.നുസൂർ, റിയാസ് മുക്കോളി എന്നിവർ പൊന്നാട സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെ താൽപര്യമില്ലെന്നു പറഞ്ഞ് റിജിൽ ഒഴിയുകയായിരുന്നു.

‘വേണ്ടെങ്കിൽ വേണ്ട’ എന്നായിരുന്നു ജോർജിന്റെ പ്രതികരണം. ജോർജിന്റെ യുഡിഎഫ് പ്രവേശന നീക്കം അനിശ്ചിതമായി തുടരവെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് സമരത്തെ അനുമോദിച്ചും മുഖ്യമന്ത്രിയെയും ഡിവൈഎഫ്ഐയെയും വിമർശിച്ചുമായിരുന്നു ജോർജിന്റെ പ്രസംഗം. ഉദ്യോഗാർഥികളുടെ സമരപ്പന്തലിലും എത്തിയ ജോർജ് അടുത്ത നിയമസഭയിലും താൻ എംഎൽഎ ആയി ഉണ്ടാവുമെന്നും നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്നും വ്യക്തമാക്കി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com