ADVERTISEMENT

ആറ്റിങ്ങൽ∙ മണ്ഡലം മുഴുവൻ ഓട്ട പ്രദക്ഷിണം നടത്തി ഇതുവരെയും നേരിൽ കാണാത്ത വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ സ്ഥാനാർഥികളെല്ലാം. യു ഡി എഫ് സ്ഥാനാർഥി എ. ശ്രീധരൻ മണ്ഡലത്തിലെ സുഹൃത്തുക്കളെയും , പ്രാദേശികമായി സ്വാധീനമുള്ള പ്രമുഖരേയും നേരിൽ കണ്ട് വോട്ടു തേടാനുള്ള ശ്രമത്തിലായിരുന്നു. മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും ഇന്നലെ ഓടിയെത്തി വോട്ട് അഭ്യർഥിച്ചു ആറ്റിങ്ങൽ കോട്ടപ്പുറം കോളനിയിലും , കിളിമാനൂർ ചൂട്ടയിലെ കശുവണ്ടി ഫാക്ടറിയും സന്ദർശിച്ചു.

trivandrum-attingal-ldf-ambika
ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ഒ എസ് അംബിക തോട്ടയ്ക്കാട് മേഖലയിൽ വോട്ട് അഭ്യർഥിക്കുന്നു

എൽ ഡി എഫ് സ്ഥാനാർഥി ഒ എസ് അംബിക തോട്ടയ്ക്കാട്, വക്കം , മണമ്പൂർ മേഖലകളിലെ കോളനികൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു . പുതുശ്ശേരി മുക്കിൽ നടന്ന വിവാഹ സ്ഥലത്തും എത്തിച്ചേർന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽക്കണ്ട് വോട്ട് തേടാനുള്ള ശ്രമത്തിലായിരുന്നു എൻ ഡി എ സ്ഥാനാർഥി പി. സുധീർ . രാവിലെ വക്കം പഞ്ചായത്തിൽ നിന്നും പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ആറ്റിങ്ങൽ നഗരസഭയിലും സന്ദർശിച്ചു

trivandrum-attingal-nda-sudheer
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി പി. സുധീർ വക്കം അയ്യൻവിളാകം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അവിടെയുള്ളവരോട് വോട്ട് അഭ്യർഥിക്കുന്നു

ചിറയിൻകീഴ്∙ നിശ്ശബ്ദപ്രചാരണത്തിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ. ചിറയിൻകീഴിൽഇന്നലത്തെ പകൽ മുഴുവൻ മുന്നണി സ്ഥാനാർഥികൾ അവസാനവട്ട വോട്ടുറപ്പാക്കുന്നതിന്റെ തിരക്കിലായിരുന്നു. ബൂത്തുകളിൽ നേരിട്ടെത്തി ക്രമീകരണങ്ങൾ വിലയിരുത്താനും സ്ഥാനാർഥികൾ മറന്നില്ല. നിയോജക മണ്ഡലത്തിലെ ഗ്രാമപ്പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൻമാരെയും സ്ഥാനാർഥികൾ ഓട്ടപ്രദക്ഷിണത്തിലൂടെ നേരിൽകണ്ടു. വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വോട്ടർമാരെ പരമാവധി ബൂത്തുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷിച്ചു.

എൽഡിഎഫ് സ്ഥാനാർഥി വി.ശശി ഇന്നലെ തോന്നയ്ക്കൽ സായിഗ്രാമമടക്കം മണ്ഡലത്തിലെ ആരാധനാലയങ്ങളിലും ഉച്ചയ്ക്കു കോളനികളും സന്ദർശിച്ചു. മണ്ഡലത്തിലെ പ്രധാനികളുടെ വീടുകളിലും എത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി ബി.എസ്.അനൂപ് ബൂത്തുസന്ദർശനം നടത്തി പ്രവർത്തകരെ ഉഷാറാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി. കോളനി സന്ദർശനവും നടത്തി. പാർട്ടി ഭാരവാഹികളെ വീടുകളിലെത്തി വോട്ടർമാരെ യഥാസമയം പോളിംങ് കേന്ദ്രങ്ങളിലെത്തിക്കുന്നതിനെക്കുറിച്ചു ഓർമിപ്പിച്ചു. എൻഡിഎ സ്ഥാനാർഥി ജി.എസ്. ആശാനാഥ് ഇന്നലെ വൈകിയും മണ്ഡലത്തിൽ സജീവമായിരുന്നു.

പ്രധാന പ്രവർത്തകരുമായി ആശയവിനിമയം നടത്തി. മുഖ്യ ആരാധനാലയങ്ങളിലും കോളനികളിലും‍ സന്ദർശനം നടത്തിയും നിശബ്ദപ്രചാരണത്തിൽ പങ്കാളിയായി.   മൂന്നു മുന്നണി സ്ഥാനാർഥികളിൽ സ്വന്തം നിയോജക മണ്ഡലത്തിൽ വോട്ടുള്ളത് യുഡിഎഫ് സ്ഥാനാർഥി ബി.എസ്. അനൂപിനു മാത്രം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽപെടുന്ന വീടിനടുത്തുള്ള പഴഞ്ചിറ അങ്കണവാടിയിലെ ബുത്തിലെത്തി അനൂപ് സമ്മതിദാനാവകാശം രാവിലെ വിനിയോഗിക്കും.  എൽഡിഎഫ് സ്ഥാനാർഥി വി.ശശി തിരുവനന്തപുരം പട്ടം സെന്റ്മേരീസ് സ്കൂൾ ബൂത്തിൽ വോട്ടുരേഖപ്പെടുത്തും.  എൻഡിഎ സ്ഥാനാർഥി ജി.എസ്.ആശാനാഥ് തിരുവനന്തപുരം കൈമനം ഗവ.വനിത പൊളിടെക്നിക് കോളജ് ബൂത്തിലാണ് വോട്ടു ചെയ്യുക. 

പാലോട്∙  നിശബ്ദ പ്രചാരണത്തിന്റെ ദിനമായ ഇന്നലെ മാസ് സ്ക്വാഡുകളുമായി പ്രവർത്തകർ നാടു നിറഞ്ഞപ്പോൾ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർഥികൾ. പര്യടനത്തിനിടെ എത്താൻ കഴിയാത്ത സ്ഥലങ്ങൾ, വിട്ടുപോയ വ്യക്തികൾ, ചില കോളനി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വോട്ടഭ്യർഥന. പിന്നെ കല്യാണ മണ്ഡപങ്ങൾ, മരണം നടന്ന വീടുകൾ എന്നിവിടങ്ങളിൽ സന്ദർശനം. ഇതിനിടെ പോളിങ്ങിനുള്ള ഒരുക്കളും അങ്ങനെ ഊണും ഉറക്കവുമില്ലാത്ത ദിവസമായിരുന്നു ഇന്നലെ.

∙വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ അതിരാവിലെ മുതൽ തന്നെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും വിട്ടുപോയവരെ കണ്ടു വോട്ടുതേടി. പിന്നെ കല്യാണങ്ങളിലും പങ്കെടുത്തു. ആനാട് ജയൻ ആനാട് ഗവ.എൽപിഎസിൽ വോട്ട് ചെയ്യും. 

∙എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി രാവിലെ ഒന്നു രണ്ടു കല്യാണങ്ങളിൽ സംബന്ധിച്ച ശേഷം വിട്ടുപോയ കേന്ദ്രങ്ങളിൽ വോട്ടുതേടിയെത്തി. ഡി.കെ. മുരളി ആലന്തറ ഗവ. യുപിഎസിൽ വോട്ടു ചെയ്യും. 

∙എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ ഇന്നലെ നെല്ലനാട് പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വോട്ടു തേടി. തഴവ സഹദേവൻ ഇന്ന് കരുനാഗപ്പള്ളി തഴവ ഗവ.ഗേൾസ് എച്ച്എസിൽ വോട്ടു ചെയ്യും.

വെഞ്ഞാറമൂട്∙ വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ ജംക്‌ഷനുകളിലും പൊതു ഇടങ്ങളിലും സ്ഥാനാർഥികൾ എത്തി വോട്ടഭ്യർഥിച്ചു.എൽഡിഎഫ് സ്ഥാനാ‍ർഥി ഡി.കെ. മുരളി പാങ്ങോട്,കല്ലറ,പെരിങ്ങമ്മല പ‍ഞ്ചായത്തുകളിലെത്തി പ്രവർത്തകരുമായി ചേർന്ന് വോട്ടർമാരെ കണ്ടു. യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ പനവൂർ,പുല്ലമ്പാറ,നന്ദിയോട് മേഖലകളിലും എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ നെല്ലനാട് പ‍ഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സഞ്ചരിച്ചു വോട്ടഭ്യർഥിച്ചു.

എൽഡിഎഫ് സ്ഥാനാർഥി ഡി.കെ.മുരളി രാവിലെ 7.30ന് ആലന്തറ ഗവ.എൽപിഎസിലും യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ രാവിലെ 6ന് ആനാട് ഗവ.എൽപിഎസിലും എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ രാവിലെ 6ന് കൊല്ലം കരുനാഗപ്പള്ളി തഴവ ഗവ.ഗേൾസ് എച്ച്എസ്എസിലും വോട്ട് രേഖപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com