ADVERTISEMENT

പതുക്കെ തുടങ്ങിയ വർക്കല

വർക്കല ∙ നിയോജകമണ്ഡലത്തിൽ രാവിലെ 7 മുതൽ ആരംഭിച്ച പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്. ചില ബൂത്തുകളിൽ രാവിലെ അൽപം തിരക്ക് അനുഭവപ്പെട്ടെങ്കിലും മിക്കവാറും സ്ഥലങ്ങളിൽ ഉച്ചവരെ ആൾത്തിരക്ക് കുറവായിരുന്നു. ഒരു മണിവരെ 43.26 ശതമാനം പോളിങ് നടന്നു. ഉച്ചവരെ വോട്ടർമാർ മാറി നിന്നത് ഉയർന്ന അന്തരീക്ഷ താപനിലയും കാരണമായെന്നാണ് കരുതുന്നത്. ഉച്ചയ്ക്കു ശേഷമാണ് പല ബൂത്തുകളിലും ആൾത്തിരക്ക് ഏറിയത്. 

trivandrum-varkala-candidates-JPG
വർക്കലയിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി, പെരുങ്ങുഴി വിപിയുപി സ്കൂളിലും എൻഡിഎ സ്ഥാനാർഥി അജി.എസ്.ആർ.എം,ആറ്റിങ്ങൽ വടശ്ശേരിക്കോണം ശ്രീനാരായണപുരം സ്കൂളിലും വോട്ട് ചെയ്യുന്നു

15 ബൂത്തുകളിൽ വോട്ടർ മെഷീനുകൾ തകരാർ കാണിച്ചു. ബൂത്ത് നമ്പർ 136 പനയറ ഗവ.എൽപിഎസ്, 150 എ കുരയ്ക്കണ്ണി എൻഎസ്എസ് കരയോഗം മന്ദിരം എന്നിവിടങ്ങളിൽ മെഷീൻ പൂർണമായി പണിമുടക്കി. മെഷീന്റെ കൺട്രോൾ യൂണിറ്റ്(സിയു) സംവിധാനം ബൂത്ത് നമ്പർ 61 നാവായിക്കുളം ഗവ.എച്ച്എസ്എസ്, ബൂത്ത് നമ്പർ 132 മുട്ടപ്പലം ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്റർ, ബൂത്ത് നമ്പർ 135എ പനയറ എസ്എൻവിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ മാറേണ്ടിവന്നു. കൂടാതെ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ(വിവിപിഎടി) പത്ത് ബൂത്തുകളിലും മാറേണ്ടി വന്നു. 

രാവിലെ 11 മണിയോടെ ശ്രീനിവാസപുരം ഗവ.എൽപി സ്കൂളിന് മുന്നിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിന്ന എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഇലകമണിലെ ഗവ.എംപിൽപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ വയോധിക വിരലിൽ മഷി പുരട്ടിയ ശേഷം ഓപ്പൺ വോട്ട് ചെയ്യണമെന്ന ആവശ്യത്തിന് പ്രിസൈഡിങ് ഓഫിസർ അനുമതി നിഷേധിച്ചത് എൽഡിഎഫ് എതിർത്തത് വാക്ക് തർക്കത്തിന് ഇടയാക്കിയെങ്കിലും വയോധിക വോട്ടു ചെയ്തു മടങ്ങി.

മുന്നണി സ്ഥാനാർഥികൾ എല്ലാവർക്കും മണ്ഡലത്തിന് പുറത്തായിരുന്നു വോട്ട് ചെയ്തത്. എൽഡിഎഫിലെ വി.ജോയി പെരുങ്ങുഴിയിലും യുഡിഎഫിലെ ബി.ആർ.എം.ഷഫീർ അരുവിക്കരയിലും വോട്ട് രേഖപ്പെടുത്തി. എൻഡിഎയുടെ അജി എസ്.ആർ.എമ്മിന് ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു വോട്ട്. ശിവഗിരി മഠത്തിൽ നിന്നു ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സ്വാമിമാരായ ശാരദാനന്ദ, ഋതംഭരാനന്ദ, വിശാലാനന്ദ, ഗുരുപ്രസാദ്, വിദ്യാനന്ദ, അനപേക്ഷാനന്ദ, അമേയാനന്ദ തുടങ്ങിയവർ ശിവഗിരി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി.

trivandrum-attingal-candidates-JPG
എൽഡിഎഫ് സ്ഥാനാർഥി ഒ.എസ്അംബിക ചകോരാണി അംബേദ്കർ യുപിഎസിലും യു ഡി എഫ് സ്ഥാനാർഥി എ ശ്രീധരൻ കുന്നുവാരം വിദ്യാധിരാജ സ്കൂളിലും എൻഡിഎ സ്ഥാനാർഥി പി.സുധീർ ചെമ്പഴന്തി മണക്കൽ എൽ പി എസ്സിലും വോട്ടു ചെയ്യുന്നു

ആഘോഷമാക്കി ആറ്റിങ്ങൽ

ആറ്റിങ്ങൽ ∙ ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരം. മിക്ക ബൂത്തുകളിലും 28 ശതമാനം വരെ വോട്ടുകൾ പത്ത് മണിക്കുള്ളിൽ പോൾ ചെയ്തു. തുടർന്ന് മന്ദഗതിയിലായ പോളിങ് ഉച്ചയ്ക്ക് ശേഷം കുതിച്ചുയർന്നു. ആറ് മണിയായപ്പോഴേക്കും 69.08 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ നിയമസഭ തിര‍ഞ്ഞെടുപ്പിൽ 68 ശതമാനമായിരുന്നു ആറ്റിങ്ങലിലെ പോളിങ്. പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ അത് 72 ശതമാനമായിരുന്നു.

ആറ്റിങ്ങൽ കുന്നുവാരം എൽപിഎസിൽ വോട്ടിങ് യന്ത്രം 3 തവണ തകരാറിലായി. വോട്ടിങ് ആരംഭിക്കുന്നതിന് മുൻപ് തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടരുന്നതിനിടയിൽ വീണ്ടും തകരാറിലായി. ഇതും പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും പത്തരയോടെ മൂന്നാമതും തകരാറിലായി. തുടർന്ന് മറ്റൊരു യന്ത്രം എത്തിച്ച് വോട്ടിങ് തുടർന്നു. 

സ്ഥാനാർഥി വോട്ട് 

മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.ശ്രീധരന് മാത്രമാണ് മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നത്. രാവിലെ ഏഴരയോടെ കുന്നുവാരം വിദ്യാധിരാജ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി ഒ.എസ്.അംബിക ചിറയിൻകീഴ് മണ്ഡലത്തിലെ കോരാണി അംബേദ്കർ യുപിഎസ്സിൽ ആണ് വോട്ട് ചെയ്തത്.  എൻഡിഎ സ്ഥാനാർഥി പി.സുധീറിന് കഴക്കൂട്ടം മണ്ഡലത്തിലാണ് വോട്ട്. ചെമ്പഴന്തി മണക്കൽ എൽപിഎസിൽ രാവിലെ ഏഴോടെ വോട്ട് രേഖപ്പെടുത്തിയ ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും ഉള്ള പോളിങ് ബൂത്തുകൾ സന്ദർശിച്ചു. 

യന്ത്രങ്ങൾ ഇവാനിയസ് കോളജിലേക്ക് മാറ്റി 

വോട്ടിങ് യന്ത്രങ്ങൾ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും , ചിറയിൻകീഴ് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ ആറ്റിങ്ങൽ ഗവ. കോളജിലും പോളിങ് ഉദ്യോഗസ്ഥർ തിരികെ എത്തിച്ചു.  തിരുവനന്തപുരം മാർ ഇവാനിയസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊലീസ് സംരക്ഷണയിൽ മാറ്റി.

trivandrum-chirayinkeezhu-candidates-JPG
ചിറയിൻകീഴ് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ശശി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ബി.എസ്. അനൂപ് പഴഞ്ചിറ അംഗനവാടി ബൂത്തിലും എൻഡിഎ സ്ഥാനാർഥി ജി.എസ്.ആശാനാഥ് കൈമനം ഗവ.വിമൻസ് പോളിടെക്നിക് കോളജ് ബൂത്തിലും വോട്ട് ചെയ്തു

ചിന്താവിഷ്ടയായി ചിറയിൻകീഴ്

ചിറയിൻകീഴ് ∙ നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരം. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കഠിനംകുളം, മുദാക്കൽ ഗ്രാമപഞ്ചായത്തുകളിലെ ചില ബൂത്തുകളിലെ തർക്കങ്ങൾ പൊലീസെത്തി പരിഹരിച്ചു. അഞ്ചോളം ബൂത്തുകളിൽ വോട്ടിംങ് യന്ത്രം പിണങ്ങിയതുമൂലം ഇടയ്ക്കു വോട്ടെടുപ്പു തടസപ്പെട്ടിരുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫിസിലെ 73നമ്പർ ബൂത്തിൽ വോട്ടിംങ് യന്ത്രം അടിക്കടി പ്രവർത്തനം നിലച്ചതു വ്യാപക പ്രതിഷേധങ്ങൾക്കു കാരണമായി.

യന്ത്രം മുടങ്ങുന്നതു സ്വാഭാവികമാണെന്നും കേടുപാടുകൾ തീർന്നാലുടൻ വോട്ടിങ് തുടരുമെന്നുമുള്ള പോളിങ് ഓഫിസറുടെ പ്രതികരണം സ്ഥലത്തു തർക്കങ്ങൾക്കിടയാക്കി. ഇടയ്ക്കിടെ വോട്ടെടുപ്പു നിറുത്തിവയ്ക്കേണ്ടി വന്നതു വോട്ടർമാർ ഏറെസമയം കാത്തുനിൽക്കുന്നതിനും വഴിയൊരുക്കി.  മുദാക്കൽ ഗ്രാമപഞ്ചായത്തിലെ താഴെഇളമ്പ അംഗനവാടി ബൂത്തിലും ചെമ്പൂര് 102 നമ്പർ ബൂത്തിലെ പോളിംങ് ഓഫിസർ കുഴഞ്ഞുവീണതുമൂലവും 15മിനിറ്റിലേറെ വോട്ടിംങ് നിറുത്തിവച്ചു.

വക്കത്തു റൈറ്റർവിള യുപി സ്കൂൾ ബൂത്തിലും ചിറയിൻകീഴ് 53നമ്പർ ബൂത്തിലും വോട്ടിംങ് യന്ത്രത്തിൽ തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്നു വോട്ടെടുപ്പ് തടസപ്പെട്ടു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പടനിലം ഗവ.എൽപി സ്കൂളിലെ 41നമ്പർ ബൂത്തിൽ കോറോണ ബാധിതരായ ദമ്പതിമാർ പിപിഇ കിറ്റുകൾ ധരിച്ചെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com