ADVERTISEMENT

ആറ്റിങ്ങൽ∙ തിരഞ്ഞെടുപ്പ് തിരക്കുകൾ ഒഴിഞ്ഞതോടെ ഇന്നലെ സ്ഥാനാർഥികൾക്കും നേതാക്കൾക്കും വിശ്രമത്തിന്റെ ദിവസമായിരുന്നു.മണ്ഡലത്തിലെ 307 ബൂത്തുകളിലും വ്യക്തമായ മുന്നേറ്റം നേടാനായെന്ന് മൂന്ന് മുന്നണികളും പറയുന്നു. മുന്നണി നേതൃത്വങ്ങളും സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ. തിരഞ്ഞെടുപ്പിന്റെ ഓട്ടപ്പാച്ചിലുകൾ കഴിഞ്ഞതോടെ ഇന്നലെ പ്രമുഖ നേതാക്കളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് അവലോകന ചർച്ചകൾക്കും, വിശ്രമത്തിനുമായി മാറ്റിവച്ചു. എന്നാൽ മുന്നണികളുടെ ക്യാംപുകളിൽ തിരക്കിട്ട കൂട്ടിക്കിഴിക്കലുകളും, തിരഞ്ഞെടുപ്പ് അവലോകന ചർച്ചകളും സജീവമായി നടന്നു

എൽഡിഎഫ് സ്ഥാനാർഥി ഒ .എസ് .അംബിക ഇന്നലെ വിശ്രമത്തിനായി മാറ്റിവച്ചു. നഗരൂരിലും കരവാരത്തും രണ്ട് മരണ വീടുകളും ഇന്നലെ സന്ദർശിച്ചു. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ അപൂർവമായി മാത്രമാണ് കഴിഞ്ഞ ഒരുമാസത്തിനിടെ ബ്ലോക്ക് പഞ്ചായത്തിൽ പോയത്. ഇന്നു മുതൽ ബ്ലോക്ക് പഞ്ചായത്തിൽ പോകുന്നതിനും ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ ഊർജിതമായി ഇടപെടാനുമാണു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒ. എസ് .അംബികയുടെ ശ്രമം.

എൻഡിഎ സ്ഥാനാർഥി പി.സുധീർ ഇന്നലെ പഞ്ചായത്തുതലങ്ങളിലും, വൈകിട്ട് നടന്ന മണ്ഡലം തല അവലോകന ചർച്ചകളിലും സജീവമായി പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥി എ. ശ്രീധരൻ തിരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ സജീവമായി പങ്കെടുത്തു. രണ്ടു പേരും മറ്റു പരിപാടികളിലൊന്നും ഇന്നലെ പങ്കെടുത്തില്ല. മുന്നണി പ്രവർത്തകർ ഇന്നലെ മുതൽ കൂട്ടിക്കിഴിക്കലുകൾ ആരംഭിച്ചു. മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് യുഡിഎഫിന്റെയും , എൻഡിഎ യുടേയും വിലയിരുത്തലുകൾ. എന്നാൽ ഇത്തവണയും ആറ്റിങ്ങൽ മണ്ഡലം ചുവക്കും എന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം . 

വർക്കല

വർക്കല∙ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രതീക്ഷിക്കുന്ന വോട്ടുകളിൽ കൂട്ടലും കിഴിക്കലും നടത്തി ആത്മവിശ്വാസത്തോടെ ഫലം കാക്കുകയാണ് മുന്നണികളുടെ സ്ഥാനാർഥികൾ.  എഴുപത് ശതമാനം പിന്നിട്ട പോളിങിൽ വിജയം ഉറപ്പാണെന്നു എൽഡിഎഫിലെ വി.ജോയി പറയുന്നത്. തൽക്കാലം മനസ് തണുപ്പിക്കുന്നതിന്റെ ഭാഗമായി അവധിയെടുക്കാനുള്ള സാഹചര്യമില്ലെന്നും ഫലം വരുന്നത് വരെ സ്ഥലത്ത് തന്നെയുണ്ടാകുമെന്നു ജോയി അറിയിച്ചു.  

തിരഞ്ഞെടുപ്പിന്റെ അവസാനദിവസം എൽഡിഎഫ് അഴിച്ചുവിട്ട കുപ്രചാരണങ്ങൾ വിലപ്പോയില്ലെന്നും 3000നും 5000നും ഇടയിൽ വോട്ട് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായി യുഡിഎഫിലെ ബി.ആർ.എം.ഷഫീർ പറയുന്നു.  തിരഞ്ഞെടുപ്പ് കാലത്തെ ചൂട് കുറയ്ക്കാൻ തൽക്കാലം അവധിയെടുക്കാനോ മാറിനിൽക്കാനോ സ്ഥാനാർഥിയുടെ ആലോചനയിലില്ല. 

ബൂത്ത് തലങ്ങളിലിലെല്ലാം സ്ഥാനാർഥിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായതിനാൽ ഇത്തവണയും കൂടുതൽ വോട്ട് നേടി വിജയപ്രതീക്ഷ പുലർത്തുകയാണ് എൻഡിഎ സ്ഥാനാർഥി അജി എസ്.ആർ.എം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാൽ വിരലിൽ ആണി കൊണ്ടു മുറിഞ്ഞതിനെത്തുടർന്നു ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. മുറിവ് പൂർണമായി ഉണങ്ങാത്തതിനാൽ ഡോക്ടർമാരുടെ നിർദേശാനുസരണം വർക്കലയിൽ വിശ്രമം തുടരും. ഇന്നലെ വൈകിട്ട് മുന്നണിയുടെ അവലോകനയോഗത്തിൽ  പങ്കെടുത്തു.

വാമനപുരം 

വെഞ്ഞാറമൂട്∙ വോട്ടെടുപ്പു കഴിഞ്ഞെങ്കിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ.വാമനപുരം നിയോജകമണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ഡി.കെ.മുരളി രാവിലെ വെഞ്ഞാറമൂട് സിപിഎം ഓഫിസിലെത്തി ദൈനംദിന കാര്യങ്ങളിൽ മുഴുകി. പോസ്റ്റൽ വോട്ടുകളുടെ കണക്കെടുപ്പു നടത്തി. മരണ വീടുകളിൽ സന്ദർശനം നടത്തി. വൈകിട്ട് സ്വകാര്യ ആവശ്യത്തിനായി കേശവദാസപുരത്ത് പോയി.

യുഡിഎഫ് സ്ഥാനാർഥി ആനാട് ജയൻ വിവിധ ആവശ്യങ്ങൾക്കായി വീട്ടിലെത്തിയവർക്ക് സഹായം നൽകിയാണ് ഇന്നലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ആനാട്, പനവൂർ, പുല്ലമ്പാറ,നെല്ലനാട് പഞ്ചായത്തുകളിലെ പാർട്ടി പ്രവർത്തകരെ നേരിൽ കണ്ടു. കൂട്ടത്തിൽ വ്യാപാരികൾ ,യാത്രക്കാർ തുടങ്ങിയവരെ കണ്ടു ക്ഷേമാന്വേഷണം നടത്തി.പിന്നീട് മരണ വീട് സന്ദർശിക്കുന്നതിനായി കല്ലമ്പലത്തു പോയി. എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ പെരിങ്ങമ്മല പ‍ഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.ഞാറനീലി ആദിവാസി കോളനിയിലെത്തി .

നെടുമങ്ങാട് 

നെടുമങ്ങാട്∙ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്നലെ നെടുമങ്ങാട് മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികൾ, മൂവരും വിജയ പ്രതീക്ഷയിലാണ്. യുഡിഎഫ് സ്ഥാനാർഥി പി.എസ്.പ്രശാന്ത് ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ എല്ലാ ഘടകകക്ഷി നേതാക്കളെയും, പാർട്ടി ഭാരവാഹികളെയും അടക്കമുള്ളവരെ ഉച്ച വരെ ഫോണിൽ ബന്ധപ്പെട്ട് നന്ദി അറിയിക്കുകയായിരുന്നു പരിപാടി. തുടർന്ന് എല്ലാവരുമായി അവലോകന ചർച്ചയിൽ ഏർപ്പെട്ടു.

എൽഡിഎഫ് സ്ഥാനാർഥി ജി.ആർ.അനിൽ രാവിലെ മുതൽ മണ്ഡലത്തിലെ പല ഭാഗങ്ങളിലുമായി പത്തോളം മരണ വീടുകൾ സന്ദർശിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഗരസഭാ മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവനെ സന്ദർശിച്ചു.  അതിനുശേഷം കോവിഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് എടുത്തു. അതുകഴിഞ്ഞ് എൽ.ഡി.എഫ് ഇലക്‌ഷൻ അവലോകനത്തിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി ജെ.ആർ.പത്മകുമാർ മണ്ഡലത്തിൽ പലരെയും സന്ദർശിച്ചു. വേങ്കോട്ടും, പ്ലാത്തറയിലും മരണവീടുകളിൽ എത്തി. പരിയായത്ത് രോഗിയെ സന്ദർശിച്ചു.

കാട്ടാക്കട

കാട്ടാക്കട ∙ കാട്ടാക്കട മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ഐ.ബി.സതീഷ് ഇന്നലെ രാവിലെ മരണ വീടുകൾ സന്ദർശിച്ചു.സിപിഎം ഏരിയ കമ്മിറ്റിയിൽ പങ്കെടുത്തു.വിവിധ പഞ്ചായത്തുകളിലെ പ്രധാന പ്രവർത്തകരും നേതാക്കളുമായി ആശയ വിനിമയം നടത്തി. മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും വിവിധ സാമുദായിക സംഘടന നേതാക്കളെയും വിളിച്ചു. വൈകിട്ട് പിടിപി നഗറിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മാസങ്ങൾക്ക് ശേഷം കുടുംബവുമൊത്ത് പുറത്ത് പോയി ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തി.

എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് രാവിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നേതാക്കളുമൊത്ത് അനൗപചാരിക തിരഞ്ഞെടുപ്പ് അവലോകനം നടത്തി.പിന്നാലെ പത്ര സമ്മേളനം. ഉച്ചയോടെ കാട്ടാക്കടയെത്തി വിവിധ പഞ്ചായത്തുകളിലെ പ്രവർത്തകരുമായി ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്ക് പറ്റിയ പ്രവർത്തകന്റെ വീട്ടിലെത്തി. മാറനല്ലൂരിൽ അസുഖ ബാധിതയായ പഞ്ചായത്ത് അംഗത്തിന്റെ  വീട്ടിലെത്തി.

പ്രധാന വ്യക്തികളെയും നേതാക്കളെയും വിളിച്ചു. മൂന്നു മാസമായി മണ്ഡലത്തിലുള്ള പി.കെ.കൃഷ്ണദാസ് 12നു ശേഷമെ തലശ്ശേരിക്ക് മടങ്ങു. യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള മരണവീടുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു.പ്രധാന പ്രവർത്തകരെ വിളിച്ച് പോളിങ് സംബന്ധിച്ചുള്ള ആശയ വിനിമയം നടത്തി.ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു.

പാറശാല

പാറശാല∙ ഒരു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾക്ക് ഇന്നലെയും വിശ്രമം അകലെ തന്നെ. വിവാഹ, മരണ വീടുകളിൽ സന്ദർശനവും, പാർട്ടി ഒ‍ാഫിസുകളിൽ നടന്ന പ്രാഥമിക കണക്കെടുപ്പുകളിൽ പങ്കെടുക്കാനും ആണ് ഭൂരിഭാഗം പേരും സമയം വിനിയോഗിച്ചത്. എൽഡിഎഫ് സ്ഥാനാർഥി സി.കെ ഹരീന്ദ്രൻ ഉച്ചവരെ നെയ്യാറ്റിൻകരയിലെ വീട്ടിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് വെള്ളറട തിരഞ്ഞെടുപ്പ് കമ്മിറ്റി ഒ‍ാഫീസിൽ നടന്ന നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു. 

യുഡിഎഫ് സ്ഥാനാർഥി അൻസജിതാറസലിന് ഇന്നലെയും തിരക്കിന് കുറവില്ല. രാവിലെ മണ്ഡലത്തിലെ ഏതാനും വിവാഹങ്ങളിൽ പങ്കെടുത്ത ശേഷം മരണ വീടുകൾ സന്ദർശിച്ചു. വൈകിട്ട് സ്ഥാനാർഥിയുടെ കുന്നത്തുകാലിലെ റോഡ് ഷോയ്ക്കിടെ നടന്ന സംഘട്ടനത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ എത്തി. 

എൻഡിഎ സ്ഥാനാർഥി കരമന ജയന് ഇന്നലെയും തിരക്ക് തന്നെ. രാവിലെ കുറൂങ്കുട്ടിയിലെ താമസസ്ഥലത്ത് പ്രവർത്തകർക്ക് ഒപ്പം ബൂത്തുതല കണക്കെടുപ്പിൽ അൽപ സമയം പങ്കെടുത്ത ശേഷം മണ്ഡലത്തിലെ ഏതാനും മരണവീടുകൾ സന്ദർശിച്ചു. ഉച്ചയ്ക്ക് പെരുങ്കടവിളയിൽ പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീണ്ടും കുറുങ്കുട്ടിയിൽ എത്തി ചർച്ചകളിൽ മുഴുകി.

നെയ്യാറ്റിൻകര

നെയ്യാറ്റിൻകര ∙ തിരഞ്ഞെടുപ്പിന്റെ പിറ്റേന്നും നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ. ആൻസലന്റെ പതിവുകൾക്കു മാറ്റമില്ല. യുഡിഎഫിലെ ആർ. സെൽവരാജും എൻഡിഎയിലെ എസ്. രാജശേഖരൻ നായരും മറ്റു പരിപാടികൾ ഒഴിവാക്കി വൈകിട്ടു വരെ വീട്ടിൽ തന്നെയിരുന്നു. കെ. ആൻസലൻ, രാവിലെ എട്ടരയോടെ വീട്ടിൽ നിന്നും ഇറങ്ങി. പൂഴിക്കുന്നിൽ ഒരു മരണ വീട്ടിൽ പോയി. അവിടെ നിന്നും കാരോടിലും കുളത്തൂരിലും ഒരോ പരിപാടികളിൽ പങ്കെടുത്തു.

കോൺഗ്രസിന്റെ ആർ. സെൽവരാജ് വീട്ടിൽ തന്നെയായിരുന്നു. പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ മണ്ഡലത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ‘ഞാനിതാ ഇറങ്ങി’യെന്നും സെൽവരാജ് പറഞ്ഞു നിർത്തി. എൻഡിഎയുടെ സീറ്റിൽ മത്സരിച്ച എസ്. രാജശേഖരൻ നായർ കുറച്ച് അധികം നേരം വീട്ടിൽ കിടന്നുറങ്ങി. കുറച്ചുനാളായി ഇതിനുള്ള അവസരം ഇല്ലാതിരുന്നുവെന്നു പറഞ്ഞ അദ്ദേഹം വൈകിട്ട് പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗമുണ്ടെന്നും അറിയിച്ചു.

അരുവിക്കര 

ആര്യനാട്∙ അരുവിക്കര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരീനാഥൻ രാവിലെ മണ്ഡലത്തിൽ ഉണ്ടായിരുന്നു. ഉഴമലയ്ക്കൽ പുതുക്കുളങ്ങരയിൽ ഫുട്ബോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് വിവാഹ, മരണ വീടുകളിൽ എത്തി. പ്രവർത്തകരെയും കണ്ടു. മണ്ഡലത്തിലെ പ്രധാന ജംക്‌ഷനിലൂടെ സഞ്ചരിച്ചു. ഉച്ചയ്ക്ക് ശേഷം ഡിസി ബുക്സിന്റെ ഓഫിസിൽ നിന്ന് രണ്ട് പുസ്തകങ്ങൾ വാങ്ങി.  രാവിലെ മണ്ഡലത്തിൽ ഉണ്ടാകുമെന്നും ശബരീനാഥൻ പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി ജി.സ്റ്റീഫൻ രാവിലെ വീട്ടിൽ സന്ദർശകരെ സ്വീകരിച്ചു. ചായ്ക്കുളം ഭാഗത്തെ രണ്ട് മരണ വീടുകളിൽ എത്തി. ഉച്ചയ്ക്ക് ശേഷം പാർട്ടി ഏരിയ കമ്മിറ്റിയിലും വൈകിട്ട് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി സി.ശിവൻകുട്ടി രാവിലെ മണ്ഡലത്തിൽ എത്തി. വീരണകാവിൽ ഒരു വിവാഹത്തിൽ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരുടെ അവലോകനയോഗത്തിൽ പങ്കെടുത്തു. പ്രവർത്തകരെയും കണ്ടു. കുറച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com