ADVERTISEMENT

നെയ്യാറ്റിൻകര ∙ വീടു നിർമിക്കാൻ പണം ലഭിച്ചു പക്ഷേ, സർക്കാർ ഏറ്റെടുത്തു നൽകുമെന്നു പറഞ്ഞ ഭൂമി ഇതുവരെ കിട്ടിയില്ല. കുടിയൊഴിപ്പിക്കലിനിടെ തീ പൊള്ളലേറ്റു മരിച്ച വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം കോളനിയിൽ രാജൻ – അമ്പിളി ദമ്പതികളുടെ മക്കൾ അന്തിയുറങ്ങുന്നത് ഇപ്പോഴും വൈദ്യുതി കടന്നു ചെല്ലാത്ത കുടിലിൽ. ദമ്പതികളുടെ മരണം സംഭവിച്ച് 4 മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയും കലക്ടറും നൽകിയ വാക്ക് പാലിക്കാത്തത് നാണക്കേടായെന്നു ജനങ്ങൾ.

നെയ്യാറ്റിൻകര വെൺപകൽ പോങ്ങിൽ ലക്ഷം വീട് കോളനിയിൽ  പൊള്ളലേറ്റ് മരിച്ച പിതാവ് രാജനെ അടക്കം ചെയ്യാൻ വീടിനോട് ചേർന്ന് ഒറ്റയ്ക്ക് കുഴിയെടുത്തപ്പോൾ, വിലക്കിയ പൊലീസുദ്യോഗസ്ഥനോട് പൊട്ടിത്തെറിക്കുന്ന മകൻ രഞ്ജിത്ത്.
നെയ്യാറ്റിൻകര വെൺപകൽ പോങ്ങിൽ ലക്ഷം വീട് കോളനിയിൽ പൊള്ളലേറ്റ് മരിച്ച പിതാവ് രാജനെ അടക്കം ചെയ്യാൻ വീടിനോട് ചേർന്ന് ഒറ്റയ്ക്ക് കുഴിയെടുത്തപ്പോൾ, വിലക്കിയ പൊലീസുദ്യോഗസ്ഥനോട് പൊട്ടിത്തെറിക്കുന്ന മകൻ രഞ്ജിത്ത്.

കഴിഞ്ഞ ഡിസംബർ അവസാനമാണ് തീ പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യ അമ്പിളിയും മരിക്കുന്നത്. രക്ഷിതാക്കളെ സംസ്കരിക്കാൻ ഇളയ മകനായ രഞ്ജിത്ത് കുഴി വെട്ടുന്നതും ലോക മനഃസാക്ഷിയെ ചുട്ടുപൊള്ളിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ ഈ കുട്ടികൾക്ക് രക്ഷിതാക്കളെ സംസ്കരിച്ച ഭൂമിയും അവിടെ വീടു നിർമിക്കാൻ പണവും നൽകുമെന്നു പ്രഖ്യാപിച്ചത്.

വീടു നിർമിക്കാൻ സർക്കാർ 10 ലക്ഷം രൂപ ഇവർക്ക് അനുവദിച്ചു. ഈ തുക അതിയന്നൂർ പഞ്ചായത്തിന്റെ കൈവശമുണ്ട്. പക്ഷേ, ഭൂമിയില്ലാത്തവർക്ക് എങ്ങനെ വീടു നിർമിച്ചു നൽകുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ചോദ്യം. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് അവസാനിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിയന്നൂർ വില്ലേജ് ഓഫിസിലെ രേഖകൾ പ്രകാരം വസന്തയാണ് രാജൻ താമസിക്കുന്ന ഭൂമിയുടെ ഉടമ.

വസന്തയുടെ പക്കൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങി നൽകാൻ തയാറായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്തു വന്നെങ്കിലും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിൽ രാജന്റെ മക്കൾ അന്നതു നിരസിച്ചു. കേസ് തീരുന്ന മുറയ്ക്ക് ആലോചിക്കാമെന്ന നിലപാടിലാണു സർക്കാർ. അതല്ലാതെ ഭൂമി ഏറ്റെടുത്തു നൽകാനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ‘ഭൂമി എന്ന് ഏറ്റെടുത്തു നൽകും’ എന്ന ചോദ്യത്തിന് അധികൃതർക്കൊന്നും വ്യക്തമായ മറുപടിയില്ലെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കടുത്ത വേനലിൽ ചൂട് തെല്ലൊന്നുമല്ല അലട്ടുന്നത്.

വൈദ്യുതി ലഭിക്കാത്തതിനാൽ വീട്ടിൽ ഒരു ഫാൻ പോലും തൂക്കാനാവുന്നില്ല. പരാതി ആരോടു പറയണമെന്നും അറിയില്ലെന്നും രാജന്റെ മക്കൾ പറയുന്നു. ജോലി നൽകുമെന്നു പറഞ്ഞു, അതും നടപ്പായില്ലദമ്പതികളുടെ മരണത്തിനു ശേഷം മൂത്ത മകനു വാഗ്ദാനം ചെയ്ത ജോലിയും ഇതുവരെ നൽകിയില്ല. ജോലി ലഭിക്കുമെന്നു വിശ്വാസമുണ്ട്.  പക്ഷേ, എന്ന് എന്ന ചോദ്യത്തിന് ആരുടെയും പക്കൽ ഉത്തരമില്ലെന്നു രാഹുൽ പറഞ്ഞു. നടപടിക്രമങ്ങൾ ഇതുവരെ ഒന്നുമായിട്ടില്ലെന്നാണ് കരുതുന്നത്.  താൻ പ്ലസ്ടു വരെ പഠിച്ചിട്ടുണ്ടെന്നും തന്റെ സർട്ടിഫിക്കറ്റുകൾ ഒന്നും ജോലിയുടെ ആവശ്യത്തിനു വേണ്ടി വാങ്ങിയിട്ടില്ലെന്നും രാഹുൽ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com