ADVERTISEMENT

നെയ്യാറ്റിൻകര ∙ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ കടുത്ത എതിർപ്പിനെ തുടർന്നു നെയ്യാറ്റിൻകര നഗരസഭ പരിധിയിൽ വൈദ്യുതി ശ്മശാനം യാഥാർഥ്യമായില്ല. കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ നഗരസഭാ ജീവനക്കാർ നെട്ടോട്ടത്തിൽ. കോവിഡ് ബാധിച്ചു നഗരസഭ പരിധിയിൽ ഇന്നലെ വരെ മരിച്ചവരുടെ എണ്ണം 74 ആണ്. ഇതിൽ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ തൈക്കാട് ശാന്തി കവാടത്തിലോ മാറനല്ലൂർ ശ്മശാനത്തിലോ ആണു സംസ്കരിച്ചത്.

കഴിഞ്ഞ ദിവസം ശാന്തി കവാടത്തിലെ തിരക്കു കാരണം നെയ്യാറ്റിൻകരയിൽ നിന്ന് എത്തിച്ച മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. പാറശാലയിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ശ്മശാനത്തിൽ ആദ്യമായി സംസ്കരിച്ചതു നെയ്യാറ്റിൻകര സ്വദേശിയുടെ മൃതദേഹമാണ്. നെയ്യാറ്റിൻകര നഗരസഭ പരിധിയിൽ വൈദ്യുതി ശ്മശാനം നിർമിക്കണം എന്ന ചർച്ചയുണ്ടാകുന്നത് ദശാബ്ദങ്ങൾക്കു മുൻപാണ്. മാറി വന്ന കൗൺസിലുകൾ ‘വൈദ്യുതി ശ്മശാനത്തെ’ ബജറ്റിൽ മാത്രം ഒതുക്കി. വൈദ്യുതി ശ്മശാനം വേണമെന്ന് കൗൺസിലർമാർ ഇപ്പോൾ ഒന്നടങ്കം പറയുന്നുണ്ട്.

എന്നാൽ ‘എന്റെ വീട്ടിനു സമീപം വേണ്ട, എന്റെ വാർഡിൽ വേണ്ട’ എന്ന സമീപനമാണ് എല്ലാവരും സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. ഡബ്ല്യു.ആർ. ഹീബ, നഗരസഭ അധ്യക്ഷ ആയിരുന്ന കഴിഞ്ഞ കൗൺസിലിൽ വൈദ്യുതി ശ്മശാനം യാഥാർഥ്യമാക്കാൻ നടപടികളുമായി ഏറെ മുന്നോട്ടു പോയതാണ്. പക്ഷേ, നടപ്പാക്കാനായില്ല. സ്വന്തം പാർട്ടിയിലുള്ള കൗൺസിലർമാർ തന്നെയായിരുന്നു എതിർപ്പുമായി രംഗത്തു വന്നത്.

നിർമാണോദ്ഘാടനം നടത്താൻ തീരുമാനിച്ചതിന്റെ അന്നു പുലർച്ചെ ശിലാഫലകം വരെ അജ്ഞാതർ കടത്തിക്കൊണ്ടു പോയി. പിരായുംമൂടിനു സമീപം കരിനടയിൽ 25 സെന്റ്, ഗ്രാമത്തിൽ നിലവിലെ ശ്മശാനത്തിനു സമീപത്തെ കുറച്ചു സ്ഥലം, കോട്ടൂർ ആലംപൊറ്റയിൽ 3 ഏക്കർ ഭൂമി എന്നിങ്ങനെയുള്ള സ്ഥലങ്ങളാണു വൈദ്യുതി ശ്മശാനത്തിനായി പരിഗണിച്ചത്. ഏറ്റവും ഒടുവിൽ നിർമിക്കാൻ തീരുമാനിച്ചത് കോട്ടൂർ ആലംപൊറ്റയിലാണ്. പക്ഷേ, എതിർപ്പുകളെ തുടർന്നു നടപ്പാക്കാനായില്ല.

എതിർപ്പുകളെ അതിജീവിക്കും

വൈദ്യുതി ശ്മശാനമില്ലാതെ ഇനി മുന്നോട്ടു പോകാനാവില്ല. എതിർപ്പുകളെ അതിജീവിക്കും, നടപ്പാക്കും. ജനങ്ങളുടെയും കൗൺസിലർമാരുടെയും മനോഭാവങ്ങൾ മാറണം. ഈ കോവിഡ് കാലത്ത് സ്വന്തം നിലയിൽ നഗരസഭയ്ക്ക് ഒരു ശ്മശാനം ഉണ്ടായിരുന്നെങ്കിൽ ഉറ്റവരെയും ഉടയവരെയും സംസ്കരിക്കാൻ ഊഴം കാത്തിരിക്കേണ്ട ഗതികേട് വരില്ലായിരുന്നു. രാജ്മോഹൻ ചെയർമാൻ

പ്രതിപക്ഷ പിന്തുണ

വൈദ്യുതി ശ്മശാനം നിർമിക്കുന്നതിൽ പ്രതിപക്ഷത്തിന്റെ പിൻതുണയുണ്ടാവും. ഇതില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നടപ്പു സാമ്പത്തിക വർഷം തന്നെ ഭൂമി കണ്ടെത്തി ശ്മശാനം യാഥാർഥ്യമാക്കാൻ വേണ്ട കർശന നടപടികളുമായി മുന്നോട്ടു പോകും.  ജോസ് ഫ്രാങ്ക്ലിൻ പ്രതിപക്ഷ നേതാവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com