ADVERTISEMENT

തിരുവനന്തപുരം∙ ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മ, 22 വർഷത്തിനുശേഷം,കൺമുന്നിൽ! ജീവിതം ഒരുക്കിയ മാജിക്കിനു മുന്നിൽ മജീഷ്യനായ അശ്വിന് വാക്കുകൾ നഷ്ടപ്പെടുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ജോലി ചെയ്യുന്ന വിതുര സ്വദേശിയായ അശ്വിൻ, ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. പിന്നീട് അച്ഛൻ ജീവനൊടുക്കി. അച്ഛന്റെ അമ്മ വിശാലാക്ഷിയാണു കൂലിപ്പണി ചെയ്ത് അശ്വിനെ പഠിപ്പിച്ചത്. ബാലരമയിലെ നുറുങ്ങു മാന്ത്രിക വിദ്യകൾ പരിശീലിച്ചതോടെ,അശ്വിന്റെ മനസ്സിൽ മാജിക്കിന്റെ വിസ്മയ ലോകം കുടിയേറി.

പത്താം ക്ലാസിൽ 70% മാർക്കോടെ ജയിച്ചപ്പോൾ വിതുര സ്കൂളിൽ പ്ലസ്ടുവിന് പ്രവേശനം നേടി. ഇതിനിടെ വിശാലാക്ഷി മരിച്ചു. അതോടെ 16 വയസ്സിൽ ജീവിതത്തിലെ എല്ലാ വേരുകളും അറ്റു. മജിഷ്യനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണു മാജിക് പ്ലാനറ്റിൽ എത്തിയത്. വിവരം അറിയിക്കാമെന്നു പറഞ്ഞു മടക്കിയെങ്കിലും അശ്വിൻ പ്രതീക്ഷയോടെ തലസ്ഥാനത്തു തങ്ങി. ബീയർ കുപ്പികൾ പെറുക്കി വിറ്റു കിട്ടിയ വരുമാനത്തിലായിരുന്നു ജീവിതം. താമസസ്ഥലത്ത് ചിലർ ഉപദ്രവിച്ചപ്പോൾ നിവൃത്തിയില്ലാതെ നാട്ടിലേക്കു മടങ്ങി. ആ നാളുകളിലൊന്നിലാണ് മാജിക് പ്ലാനറ്റിൽ നിന്നു ജീവിതം മാറ്റി മറിച്ച വിളിയെത്തിയത്.

2016 ൽ അവിടെ ജോലിക്ക് കയറി. പിന്നീട് അമ്മയെ കണ്ടെത്താനായി ശ്രമം. മണക്കാട് അമ്മയുടെ കുടുംബ വീടിന് അടുത്തുനിന്നു വരുന്ന, പ്ലാനറ്റിലെ ഫുഡ്കോർട്ട് ജീവനക്കാരിയുടെ അന്വേഷണത്തിൽ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം കിട്ടി.  നമ്പർ തപ്പിയെടുത്ത് അശ്വിൻ വിളി തുടങ്ങി. ഒടുവിൽ ചിറയിൻകീഴ് അഗതി മന്ദിരത്തിൽ 44 വയസ്സുകാരിയായ ലത ഉണ്ടെന്ന വിവരം കിട്ടിയതോടെ അവിടേക്ക് കുതിച്ചു. ‘അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. എങ്കിലും പരാതിയില്ല.

ഒന്നുമില്ലെങ്കിലും തിരിച്ചു കിട്ടിയില്ലോ. ഇനി അമ്മയ്ക്കൊപ്പം ജീവിക്കണം, നല്ല ചികിത്സ നൽകണം. അമ്മയെ അഗതി മന്ദിരത്തിൽ നിന്നു കൂട്ടിക്കൊണ്ടു പോകണം–’ അശ്വിന്റെ വാക്കുകൾ ഇടറുന്നു. മാജിക് പ്രകടനത്തിന് 23–ാം വയ‍സ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് ‍റെക്കോർഡ്സിലും ഇടം നേടിയ അശ്വിന് ഇനി വേണ്ടത്, അമ്മയോടൊത്തു പാർക്കാൻ ഒരു വീടാണ്. ആ മാജിക്കും ജീവിതം സമ്മാനിക്കുമെന്ന് അശ്വിന് ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com