ADVERTISEMENT

തിരുവനന്തപുരം∙ ഇതുവരെ അങ്ങോട്ടു പണം നൽകി നീക്കം ചെയ്തിരുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം. അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് 3 സ്വകാര്യ ഏജൻസികളുമായി കോർപറേഷൻ കരാറിൽ ഏർപ്പെട്ടു. റോ‍ഡിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പേപ്പർ, പ്ലാസ്റ്റിക്, പാൽ കവർ, ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ, ചെരിപ്പുകൾ, റബർ, ചിരട്ട, വിറക് എന്നിവ നീക്കം ചെയ്യാനാണ് കരാർ. 

നാഗർകോവിൽ സരോജിനി പൊന്നയ്യ ഫൗണ്ടേഷൻ, കോഴിക്കോട് എംആർഎം ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജെആർഎ ട്രേഡ്‌ഴ്‌സ് എന്നീ കമ്പനികളുമായുള്ള കരാറിനു കൗൺസിൽ അംഗീകാരം നൽകി. സ്വന്തം ചെലവിൽ മാലിന്യം കമ്പനി പടിക്കൽ എത്തിക്കുകയും മാലിന്യം നീക്കുന്നതിന് അങ്ങോട്ടു പണം നൽകുകയും ചെയ്താണ് മുൻ ഭരണസമിതിയുടെ കാലത്ത് അജൈവ മാലിന്യം നീക്കം ചെയ്തിരുന്നത്. ഇക്കുറി വിവിധ കമ്പനികൾ ടെൻഡറിൽ ക്വോട്ട് ചെയ്ത നിരക്ക് ഉദ്യോഗസ്ഥ, ഭരണസമിതി തലത്തിൽ വിലപേശി കുറച്ച ശേഷമാണ് കരാർ അംഗീകരിച്ചത്. 

പുതിയ കരാർ പ്രകാരം ബാഗുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനു കോർപറേഷൻ കമ്പനികൾക്കു പണം നൽകണം. മാലിന്യ നീക്കം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റിയും കമ്പനികളിൽ തന്നെ മാലിന്യം എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതിയും രൂപീകരിക്കണമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ ആവശ്യപ്പെട്ടു. 

ജൈവ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഇനോക്കുലം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരനും മേയർ ആര്യ രാജേന്ദ്രനും അറിയിച്ചു. വിവിധ ക്ഷേമ പെൻഷനുകൾ ലഭിച്ചവരുടെ പട്ടികയ്ക്കും കൗൺസിൽ അംഗീകാരം നൽകി. ഉള്ളൂർ സോണലിൽ ക്ഷേമ പെൻഷൻ അടക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് കൗൺസിലർ ജോൺസൺ ജോസഫ് ആരോപിച്ചു.അർഹതപ്പെട്ടവർക്ക് പെൻഷൻ കിട്ടുന്നില്ലന്ന് കുന്നുകുഴി കൗൺസിലർ മേരി പുഷ്പവും ആരോപിച്ചു. 

പരാതികൾ പരിശോധിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം പറഞ്ഞു. പാളയം രാജൻ, പി.പത്മകുമാർ, എസ്. മധുസൂദനൻ നായർ, പി.രാജേന്ദ്രൻ നായർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കോർപറേഷനിൽ ഇലക്ട്രിക്, മെക്കാനിക്കൽ വിഭാഗങ്ങൾ ആരംഭിക്കുന്നതിനു പുതിയ 5 തസ്തികൾ സൃഷ്ടിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. 

 

 നീക്കം ചെയ്യുന്ന മാലിന്യം (കിലോഗ്രാമിന് )  കമ്പനികൾ     കോർപറേഷന് നൽകുന്ന നിരക്ക് ( രൂപയിൽ) 

∙  പെറ്റ് ബോട്ടിൽ– 15 ∙ കട്ടി പ്ലാസ്റ്റിക്– 13 ∙ നിറമുള്ള പ്ലാസ്റ്റിക്– 6 ∙ റബർ– 5 ∙ ചിരട്ട– 4 ∙ വിറക്– 1 ∙ പേപ്പർ– 4 ∙ വെള്ള പ്ലാസ്റ്റിക് കവർ– 9.5

∙ പാൽ കവർ– 13 ∙ ക്യാരി ബാഗ്– 7 ∙ എണ്ണ കവർ– 3.25 ∙ ചില്ലു മാലിന്യം– 3.25 

( കോർപറേഷൻ കമ്പനിക്കു നൽകുന്ന നിരക്ക് )

∙  മൾട്ടി ലെയർ കവർ– 6 ∙ ബാഗുകൾ– 8 ∙ ചെരിപ്പ്–8 ∙ വസ്ത്രം–7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com