ADVERTISEMENT

തിരുവനന്തപുരം∙ 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിൽപ്പന, ഉപയോഗം എന്നിവയ്ക്കു അടുത്ത മാസം മുതൽ നഗരത്തിൽ നിരോധനം.  പേപ്പർ കപ്പ്, ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നർ, പ്ലാസ്റ്റിക് പേപ്പറുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്നതും പുനരുപയോഗ സാധ്യത കുറഞ്ഞതുമായ  പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 3 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി നിരോധിക്കാനും കോർപറേഷൻ തീരുമാനം. 

നിരോധിക്കേണ്ട പട്ടികയിൽപ്പെടുത്തേണ്ട ഉൽപ്പനങ്ങളുടെ ലിസ്റ്റ്, നിരോധനം നടപ്പാക്കാനുള്ള രീതി തുടങ്ങിയവ  സംബന്ധിച്ച് മാർഗരേഖ തയാറാക്കാ‍ൻ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തി. 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ ഈ മാസം മുപ്പതിനകം നിരോധിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് നോൺ വോവൻ പോളി പ്രൊപ്പലിൻ ക്യാരി ബാഗുകൾക്ക് 2017 മാർച്ച് ഒന്നു മുതൽ നഗരത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്, 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിനാണ് നിരോധനം. 

കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതു 75 മൈക്രോൺ വരെയാക്കി വർധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പരിശോധനകൾ കുറഞ്ഞതും ബദൽ ഉൽപ്പനങ്ങളുടെ ലഭ്യതക്കുറവും കാരണം നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും മറ്റും ഉപയോഗവും വിൽപ്പനയും വർധിച്ചതായാണ് വിലയിരുത്തൽ. തട്ടുകടകളിലും മറ്റും ചായ നൽകാൻ ഉപയോഗിക്കുന്ന രണ്ടു ലക്ഷം പേപ്പർ കപ്പുകൾ പ്രതിദിനം നഗരത്തിൽ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം നടപ്പാകുന്നതോടെ അജൈവ മാലിന്യത്തിൽ 20% കുറവുണ്ടാകുമെന്നാണ് കോർപറേഷന്റെ കണക്ക്.

പേപ്പർ ബാഗ്, തുണി സഞ്ചി എന്നിവയുടെ നിർമാണത്തിനു നേരത്തെ ആരംഭിച്ച 3 യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതു സംബന്ധിച്ച് ഹെൽത്ത് സർക്കിൾ തലത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപന പ്രകാരം ഡിസംബർ 31 നകം 120 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും നിരോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com