ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ ഡിജിറ്റൽ എക്സ്റേ മെഷീൻ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ നടപടി ഇല്ല. ഇതോടെ അപകടത്തിൽപ്പെട്ട് എത്തുന്നവരുടെ കാര്യം ദുരിതത്തിലായി. പ്രതിദിനം 800ലേറെ പരിശോധനകൾ നടക്കുന്ന യൂണിറ്റിലെ ഡിജിറ്റൽ എക്സ്റേ മെഷീനാണ് തകരാറിലായത്. മെഷീന്റെ പ്രവർത്തനത്തിന് അനുയോജ്യമായ താപനില നിലനിർത്താൻ കഴിയാത്തതാണ് തകരാറിനു കാരണം. മെഷീൻ പ്രവർത്തിക്കുന്ന മുറിയിലെ താപനില 22 ഡിഗ്രി സെൽഷ്യസിൽ കൂടാൻ പാടില്ല. 

ഇതിനായി 3 എസികൾ ഇവിടെ സ്ഥാപിച്ചിരുന്നു. ഇത് മൂന്നും രണ്ടരമാസം മുൻപ് കേടായി. എസി ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ  മെഷീൻ കേടാകുമെന്ന് എക്സ്റേ യൂണിറ്റ് റിപ്പോർട്ട് നൽകിയെങ്കിലും അധികൃതർ അനങ്ങിയില്ല. എസി ഇല്ലാതെ പ്രവർത്തിപ്പിച്ചതോടെ താപനില ഉയർന്ന് മെഷീന്റെ ബോർഡ് തകരാറിൽ ആവുകയായിരുന്നു. കാഷ്വാലിറ്റിയിലെ എക്സ്റേ യൂണിറ്റിൽ രണ്ട് മെഷീനുകൾ ഉണ്ടെങ്കിലും സൂക്ഷ്മ നീരീക്ഷണത്തിനു ചിത്രങ്ങൾ എടുക്കുന്നത്  ഡിജിറ്റൽ എക്സ്റേ മെഷിനിലാണ് .

പിന്നെയുള്ളത് ഒരു സാധാരണ മെഷീനാണ്. കൈ, കാലുകളുടെ പരിശോധന മാത്രമേ ഇതിൽ നടത്താനാകൂ. നടുവിന്റേത് അടക്കമുള്ള വിദഗ്ധ പരിശോധനയ്ക്ക് ഡിജിറ്റൽ മെഷീൻ തന്നെ വേണം. രണ്ടു ദിവസമായി ചെറിയ മെഷീനിൽ എടുത്ത എക്സ്റേകളിൽ പലതിനും വ്യക്തയില്ല.  ഇതോടെ എക്സ്റേ എടുക്കേണ്ടവരെ ഒപി കെട്ടിടത്തിലുള്ള എക്സ്റേ യൂണിറ്റിലേക്ക്  പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ലിഫ്റ്റുകളും റാപും കയറിയിറങ്ങി വേണം തീവ്രപരിചരണ വിഭാഗത്തിൽ നിന്നു ഒപി കെട്ടിടത്തിലേക്ക് എത്താൻ.

സ്ട്രക്ചറും വീൽചെയറും തള്ളി കൂട്ടിരിപ്പുകാരുടെയും നടുവൊടിയുന്നു. തിരക്ക് വർധിച്ചതോടെ വരി നിന്നു വേണു ലിഫ്റ്റിൽ കയറാൻ. എക്സ്റേ യൂണിറ്റിൽ എത്തിയാൽ തങ്ങളുടെ ഊഴത്തിനായുള്ള കാത്തിരിപ്പ് വേറെ.  പരിശോധന കഴിഞ്ഞ് മടങ്ങാൻ കുറഞ്ഞത് അര മണിക്കൂറിലധികം വേണം. രോഗികളുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടിട്ടും മെഷീന്റെ തകരാർ പരിഹരിക്കാൻ നടപടിയില്ല. വിഷയത്തിൽ പ്രതികരണം തേടി വിളിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ ആശുപത്രി അധികൃതർ ഒഴിഞ്ഞുമാറി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്് രോഗികൾ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com