ADVERTISEMENT

പാലോട്∙ പെരിങ്ങമ്മല പറങ്കിമാം വിള നവാസ് മൻസിലിൽ നാസില ബീവി (42) കിടപ്പുമുറിയിൽ ഉറക്കത്തിനിടെ കുത്തേറ്റു മരിച്ചു. ഒളിവി‍ൽപ്പോയ ഭർത്താവ് ചാക്ക ഐടിഐയിലെ  ക്ലാർക്ക് അബ്ദുൽ റഹീമിനായി (47) പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മകൾക്കും ഭർത്താവിനുമൊപ്പം ഉറങ്ങാൻ കിടന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ചോക്കലേറ്റിൽ ലഹരി മരുന്നു കലർത്തി നൽകി ഭാര്യയെയും മകളെയും ഉറക്കിയ ശേഷം നാസിലയെ അബ്ദുൽ റഹീം  കൊലപ്പെടുത്തിയെന്നാണു പൊലീസിൻെറ നിഗമനം. അമ്മ കൊല്ലപ്പെട്ടത്  തൊട്ടടുത്തു കിടന്ന മകൾ അറിഞ്ഞില്ല.

trivandrum-police-dog
നാസിലയുടെ കൊലപാതക അന്വേഷണത്തിനെത്തിയ പൊലീസ് നായ പ്രതി പോയ വഴിയേ സഞ്ചരിച്ചപ്പോൾ

അബുദുൽ റഹീം ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടിലെത്തിയെന്നും അമ്മയുമായി തർക്കമോ വഴക്കോ ഉണ്ടായില്ലെന്നും 12 വയസ്സുകാരിയായ മകൾ പൊലീസിനോട് പറഞ്ഞു. കൊണ്ടു വന്ന ചോക്കലേറ്റ് മകൾക്കും ഭാര്യയ്ക്കും  നൽകിയ ശേഷം 12 മണിയോടെ ഉറങ്ങാൻ കിടന്നു. പിറ്റേന്നു നേരം പുലർന്നിട്ടും നാസിലയും മകളും ഉണരാത്തതിനെ തുടർന്നു  നാസിലയുടെ പിതാവ് മുറിയിൽ വന്നു നോക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.  കഴുത്തിന്റെ ഇടതു വശത്തും നെഞ്ചിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.

അടുത്തു കിടന്ന മകൾ കൊലപാതകം അറിയാതെ പോയത് മരുന്നു മൂലമുണ്ടായ ഗാഢനിദ്ര മൂലമാണെന്ന് പൊലീസ്  സംശയിക്കുന്നു. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ  പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. വിരലടയാള സംഘവും പൊലീസ് നായയും തെളിവെടുത്തു. പാലോട് സിഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ് നായ കിടപ്പുമുറിയിൽ മണം പിടിച്ച ശേഷം സമീപത്തെ നദിയിലെ കുളിക്കടവു വരെ പോയി. കൊലയ്ക്കു ശേഷം പ്രതി നദി കടന്നു പോയതാവാമെന്നു പൊലീസ് സംശയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com