ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 63 കേസിൽ സുകുമാരക്കുറുപ്പ് ഉൾപ്പെടെ 29 പിടികിട്ടാപ്പുള്ളികൾക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ഇന്റർപോൾ റെഡ് നോട്ടിസ് ഇറക്കി. 180 പേർക്കെതിരെ ബ്ലൂ നോട്ടിസും. ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് 37 വർഷമായി ഒളിവിലാണ്. കേരള പൊലീസ് എത്ര ശ്രമിച്ചിട്ടും കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും കണ്ടെത്താനായിട്ടില്ല.

കുറുപ്പിനെ കണ്ടെന്നു പറഞ്ഞ് ഇപ്പോഴും അജ്ഞാതർ പൊലീസിനെ വിളിക്കുന്ന സാഹചര്യത്തിലാണു റെഡ് നോട്ടിസ് ഇറക്കാൻ ഒരു വർഷം മുൻപ് ഇന്റർപോളിന്റെ സഹായം തേടിയത്. കൊല നടന്നത് 1984 ലാണ്. അതിനു മുൻപ് കുറുപ്പെടുത്ത പാസ്പോർട്ട് നമ്പറാണു നോട്ടിസിൽ. പിന്നീട് പാസ്പോർട്ട് എടുത്തോയെന്ന് അറിയില്ല. ഏതെങ്കിലും വിമാനത്താവളത്തിലോ തുറമുഖത്തോ സുകുമാരക്കുറുപ്പ് എത്തിയാലുടൻ കസ്റ്റഡിയിലെടുക്കാം എന്നതാണു റെഡ് നോട്ടിസിന്റെ പ്രയോജനം. ജീവിച്ചിരിപ്പുണ്ടെങ്കിൽ കുറുപ്പിന് 73 വയസ്സുണ്ടാകും.

63 രാജ്യാന്തര കേസ്; രേഖകൾ കൈമാറി

42 രാജ്യങ്ങളുമായി ഇന്ത്യയ്ക്കു നിയമസഹായ കരാറുണ്ട്. ആ രാജ്യങ്ങളിൽ കഴിയുന്ന 28 കേസുകളിലെ പ്രതികളുടെ രേഖകളും തെളിവുമെല്ലാം ക്രൈംബ്രാഞ്ച് കൈമാറി. കരാർ ഇല്ലാത്ത രാജ്യങ്ങളിൽ 35 കേസിലെ പ്രതികൾ ഉണ്ട്. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ ഇതിലും തെളിവു കൈമാറി. എങ്കിലും 8 കേസുകളുടെ രേഖകൾ ഡൽഹിയിൽ നിന്ന് അയച്ചിട്ടില്ല. സാമ്പത്തിക തട്ടിപ്പ്, സൈബർ കുറ്റകൃത്യം എന്നിവയിൽ ഉൾപ്പെട്ടവരാണു കൂടുതൽ പ്രതികളും.

5 പ്രതികളെ കൊണ്ടുവരാൻ നടപടി

തലസ്ഥാനത്തെ എടിഎം കവർച്ചക്കേസിലേതടക്കം 5 പ്രതികളെ കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷിച്ചിരിക്കുകയാണ്. ഫിൻലൻഡ്, സ്പെയിൻ, യുഎഇ, കോസ്റ്ററിക്ക, ഖത്തർ എന്നിവിടങ്ങളിലാണ് ഈ പ്രതികൾ. ഇതിൽ ഒരാൾ കൊലപാതകത്തിനു ശ്രമിച്ച കേസിലും മറ്റൊരാൾ ലഹരിമരുന്നു കേസിലും ഉൾപ്പെട്ടവരാണ്. കഴിഞ്ഞ 2 വർഷത്തിനിടെ 12 പ്രതികളെ ഇത്തരത്തിൽ കേരളത്തിലെത്തിച്ചു.

മോൻസൻ കേസ്: ഇഡി വാദത്തിനെതിരെ ക്രൈംബ്രാഞ്ച്

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) വാദിക്കുമ്പോൾ, സർക്കാർ ആവശ്യപ്പെട്ടിട്ടും പല കേസും ഏറ്റെടുക്കാതെ സിബിഐ ഒഴിഞ്ഞുമാറുന്നത് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച്. നിലവിൽ ക്രൈംബ്രാഞ്ചും ഇഡിയുമാണ് ഈ കേസ് അന്വേഷിക്കുന്നത്.

ഈജിപ്തിലേക്കു പോയ കപ്പലിലെ ജോലിക്കാരനായ കൊല്ലം സ്വദേശി മരിച്ച കേസാണ് ഒടുവിലത്തെ ഉദാഹരണമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര കപ്പൽ ചാലിലായിരുന്നു അപകടവും മരണവും. ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ജോലിക്കിടെയുണ്ടായ അപകട മരണമെന്ന റിപ്പോർട്ടാണ് ഈജിപ്ഷ്യൻ പൊലീസ് നൽകിയത്. ഈ കേസ് ഏറ്റെടുക്കണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com