ADVERTISEMENT

തിരുവനന്തപുരം∙ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ പുതുതായി 35 ക്ലസ്റ്ററുകൾ രൂപപ്പെടുകയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കു കോവിഡ് ബാധിക്കുകയും ചെയ്തതോടെ തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതിയെന്നു വിലയിരുത്തൽ. അതിതീവ്ര വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനിടെ ജില്ലയിൽ ഇന്നലെ 6911 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 36,250 പേരായി. 47.8 % ആണു രോഗ സ്ഥിരീകരണ നിരക്ക്.

മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പുതുതായി കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. രണ്ടിൽ ഒരാൾക്കു കോവിഡ് ബാധയുണ്ടായെന്നു കണ്ടെത്തിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ദിവസങ്ങൾക്കു മുൻപ് കലക്ടർ ഉത്തരവിറക്കിയെങ്കിലും ശരിയായി പാലിക്കപ്പെട്ടില്ല. ഇതാണ് അതിതീവ്ര വ്യാപനത്തിനു കാരണമായതെന്നാണ് കണക്കുകൂട്ടൽ.

പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പെടെ നൂറിൽപരം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനറൽ ആശുപത്രിയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപതോളമായി. കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെ തുടർന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചു. കെഎസ്ആർടിസി ജീവനക്കാർ, പൊലീസ് തുടങ്ങിയവർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോകളുടെയും  സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങൾ താളം തെറ്റിയേക്കുമെന്ന അവസ്ഥയാണ്.  7 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. 

കണക്ക് ഇങ്ങനെ

∙ കഴിഞ്ഞ 5 ദിവസങ്ങളിൽ ജില്ലയിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന കണക്കും രോഗ സ്ഥിരീകരണ നിരക്കും

17– 5863 : 44.2%
16– 3917 : 36.8
15– 4694 : 36.1
14– 3556 : 36.5
13– 3404 : 32.2

കടുത്ത നിയന്ത്രണങ്ങൾ; കർശന നടപടി 

തിരുവനന്തപുരം∙ ജില്ലയിൽ രണ്ടുപേരിൽ ഒരാൾക്ക് കോവിഡ് ബാധിച്ച നിലയിലെത്തിയതോടെ   കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിന് തീരുമാനം.  മാളുകളിൽ പ്രവേശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആൻറണി രാജു നിർദേശം നൽകി.  വിവാഹ –മരണ വീടുകളിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തുമെന്നും   മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കാൻ കലക്ടർ നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.

അടച്ചിട്ട ഹാളുകളിൽ പരിപാടികൾ അനുവദിക്കില്ല. പൊതുജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. മേയർ ആര്യാ രാജേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ, റൂറൽ പൊലീസ് സൂപ്രണ്ട് ദിവ്യ വി.ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫിസർ, റവന്യു ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

നൂറോളം പൊലീസുകാർക്കു കോവിഡ് 

ക്രമസമാധാന ചുമതലയുള്ള നൂറോളം പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. സിറ്റി പൊലീസിനു കീഴിലുള്ള 8 സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ കോവിഡ് പിടിയിലാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ ചുമതലയുള്ള 24 പേർക്കും സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതലയുള്ള 7 പേർക്കും കോവിഡ് കണ്ടെത്തി. ശാന്തിവിള താലൂക്ക് ആശുപത്രിയിൽ 21 പേർ കോവിഡ് ബാധിതരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com