ADVERTISEMENT

വിഴിഞ്ഞം∙മുല്ലൂരിൽ വാടക വീട്ടിൽ അയൽവാസിയായ വയോധികയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിൽ പിടിയിലായ മാതാവും മകനുമുൾപ്പെടെ 3 പ്രതികളെയും തെളിവെടുപ്പിന് എത്തിച്ചു. മുല്ലൂർ പനവിള തോട്ടം ആലുംമൂട് വീട്ടിൽ ശാന്തകുമാരി (71) ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വിഴിഞ്ഞം ടൗൺഷിപ് സ്വദേശി റഫീക്ക ബീവി(50), മകൻ ഷെഫീഖ്(23) ആൺ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ(26) എന്നിവരെയാണ് ഫോർട്ട് അസി.കമ്മീഷണർ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു പൂർത്തിയാക്കിയത്.

കൃത്യം നടത്തിയ രീതികൾ പ്രതികൾ പൊലീസിനോട് വിവരിച്ചു. സംഭവ സമയം പ്രതികളിൽ അൽ അമീൻ ധരിച്ച രക്തക്കറ പുരണ്ട ബർമൂഡ വീടിനു സമീപത്തെ വാഴത്തോപ്പിന് അടുത്തു ഉപേക്ഷിച്ചത് റഫീക്ക ബീവി പൊലീസിനു കാട്ടിക്കൊടുത്തു. വയോധികക്ക് പാത്രങ്ങളും ഫർണിച്ചറുകളും വിറ്റുവെന്ന വെളിപ്പെടുത്തലിൽ അവരുടെ വീട്ടിലെത്തിച്ചു തെളിവെടുത്തു.

മയക്കിക്കിടത്തി സ്വർണം കവരാൻ ആദ്യ പദ്ധതി

വിഴിഞ്ഞം∙ശാന്തകുമാരിയെ ബോധം കെടുത്തി ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടാനായിരുന്നു ആദ്യ പദ്ധതി എന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. അതു നടക്കാത്തതിനെ തുടർന്നാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് 14ന് രാവിലെ കുറച്ചു പാത്രങ്ങൾ കൂടി നൽകാമെന്നു പറഞ്ഞു റഫീക്കാ ബീവി ശാന്തകുമാരിയെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവരുമായി സംസാരിക്കുന്നതിനിടെ മുറിക്കുള്ളിൽ മറഞ്ഞിരുന്ന അൽ അമീനും ഷഫീക്കും ചേർന്ന് പിന്നിൽ നിന്ന് ഷോളുപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ ബലമായി മുറുക്കിയെന്നു പൊലീസ് പറഞ്ഞു. നിലവിളി കേൾക്കാതിനിരിക്കാൻ വയോധിക ധരിച്ച സാരിയുടെ ഭാഗം വായിൽ തിരുകി. തുടർന്ന് താനും മകനും ചുറ്റികയുപയോഗിച്ച് തലയിൽ അടിച്ചു മരണം ഉറപ്പാക്കിയെന്ന് റഫീക്ക പൊലീസിനോട് പറഞ്ഞു. തുടർന്ന് സ്വർണാഭരണം കവർന്ന് മൃതദേഹം തട്ടിൻ പുറത്ത് ഒളിപ്പിച്ചു.

രക്തം തുടച്ച കൈലിമുണ്ട് പുറത്ത് കത്തിച്ചു. കവർന്ന ആഭരണത്തിൽ കുറച്ചു ഭാഗം വിറ്റ വിഴിഞ്ഞം ജംക്‌ഷനിലെ സ്വകാര്യ ജ്വല്ലറിയിൽ ഇന്ന് തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മിഷണറെ കൂടാതെ എസ്എച്ച്ഒമാരായ പ്രജീഷ്ശശി, ജി. പ്രൈജു, എച്ച്.അനിൽകുമാർ,എസ്ഐമാരായ: കെ.എൽ.സമ്പത്ത്്, പത്മകുമാർ, വനിതാ സിപിഒ: സി.വി.വിജിത അടക്കം വലിയ പൊലീസ് സന്നാഹത്തൊടെയായിരുന്നു തെളിവെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com