ADVERTISEMENT

കല്ലമ്പലം∙ഒട്ടേറെ  കേസുകളിലെ പ്രതിയും അന്തർ സംസ്ഥാന കുറ്റവാളിയും ആയ പ്രതിയെ പീഡനക്കേസിൽ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പാരിപ്പള്ളി കിഴക്കനേല മിഥുൻ ഭവനിൽ മിഥുൻ(24) ആണ് പിടിയിലായത്. 7 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബർ 30ന് ആയിരുന്നു സംഭവം. കുറ്റകൃത്യം നടക്കുമ്പോൾ പ്രതി കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

24 വയസ്സ് മാത്രം പ്രായമുള്ള ഇയാൾ ഇതിനകം 40ൽ അധികം കേസുകളിൽ പ്രതിയാണ്. കൊല്ലം ജില്ലയിൽ സ്ഥിരം കുറ്റവാളി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ 14 മാല പിടിച്ചുപറി കേസുകൾ ഉണ്ട്. ഇയാൾ മാല പൊട്ടിച്ച സംഭവത്തിൽ  തമിഴ്നാട്ടിൽ ഒരു വയോധിക ഇപ്പോഴും അബോധാവസ്ഥയിൽ കിടക്കുന്നതായും പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസ് ഇയാളെ പലപ്രാവശ്യം അറസ്റ്റ് ചെയ്യാൻ കേരളത്തിൽ എത്തി എങ്കിലും ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.

പാരിപ്പള്ളി സ്റ്റേഷനിൽ 10 കേസുകൾ ഉണ്ട്. ഇതിൽ മാലപിടിച്ചുപറി,തട്ടികൊണ്ട് പോകൽ,കൊലപാതക ശ്രമം എന്നിവയാണ് പ്രധാനമായും ഉള്ളത്. മാലപിടിച്ചുപറി,ഭവനഭേദനം,മോഷണം തുടങ്ങിയ കേസുകളിൽ പള്ളിക്കൽ സ്റ്റേഷനിൽ 4 കേസുകൾ ഉണ്ട്. കൊട്ടിയം,കല്ലമ്പലം,ചടയമംഗലം,പരവൂർ,കിളിമാനൂർ തുടങ്ങിയ സ്റ്റേഷനുകളിൽ അ​നവധി കേസുകളാണ് ഇയാൾക്ക് എതിരെ ഉള്ളത്.

ആഡംബര ബൈക്കുകളിൽ സഞ്ചരിച്ച്് പ്രായമായ സ്ത്രീകളെ അടിച്ച് നിലത്തിട്ട് മാല പൊട്ടിച്ച് രക്ഷപ്പെടുന്ന  രീതിയാണ് ഇയാളുടേത്. പാരിപ്പള്ളി പൊലീസ് ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. പീഡന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി ഇയാൾ ഒളിവിലായിരുന്നു. ഒഴിഞ്ഞ പറമ്പ്,വയൽ,ആൾതാമസം ഇല്ലാത്ത വീടുകൾ എന്നിവിടങ്ങളിലാണ് ഇയാൾ ഒളിച്ചു താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ നാവായിക്കുളം വെട്ടിയറയിലെ ഒഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കൽ ഇൻസ്പെക്ടർ പി.ശ്രീജിത്ത്,എസ്.ഐ:എം.സഹിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com