ADVERTISEMENT

തിരുവനന്തപുരം ∙ 250ലേറെ പൊലീസുകാർ, വഴികൾ അടച്ച പ്രതിരോധം ,പെട്രോളിങ് വാഹനങ്ങളുടെ റോന്തു ചുറ്റൽ....ഒടുവിൽ ബിജെപിക്കാർ അതിസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് പരിസരത്ത് സിൽവർ ലൈൻ കല്ലുകൾ സ്ഥാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച സമരമായിട്ടും തടയാനാകത്തതു പൊലീസിന്റെ സുരക്ഷാ വീഴ്ച ഒന്നുകൂടി വെളിപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണു കല്ലിട്ടതെന്നു ബിജെപി അവകാശപ്പെടുമ്പോൾ സമീപത്തെ അറ്റകുറ്റപണി നടക്കുന്ന ആൾ താമസമില്ലാത്ത കൃഷി മന്ത്രിയുടെ വസതിയിലാണ് ഇതു സ്ഥാപിച്ചതെന്നാണു പൊലീസ് ഭാഷ്യം. ഇതേക്കുറിച്ചു പ്രതികരിക്കാനോ മാധ്യമപ്രവർത്തകരെ സത്യാവസ്ഥ ബോധ്യപ്പെടുത്താനോ ഉന്നത ഉദ്യോഗസ്ഥർ തയാറായിട്ടില്ല. 

മുഖ്യമന്ത്രിയുടെ വസതിയിൽ സിൽവർ ലൈൻ കല്ല് സ്ഥാപിക്കുമെന്നു ബിജെപി മുൻകൂട്ടി പ്രഖ്യാപിച്ചതിനാൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ നന്ദൻകോടു മുതൽ ദേവസ്വം ബോർഡ് ജംങ്ഷൻ വരെ ക്ലിഫ് ഹൗസ് വളപ്പിനു ചുറ്റും വൻ സുരക്ഷയാണു പൊലീസ് ഒരുക്കിയത്. മുഖ്യമന്ത്രിയുടെ വസതിക്കു പുറമേ 7 മന്ത്രിമാരുടെ ഔദ്യോഗിക വസതികളും 9 സ്വകാര്യ വീടുകളും ഈ മേഖലയിലാണ് 

ഇവിടെ സമരക്കാരെ തടയാൻ 100 വനിതകൾ അടക്കം 250ലേറെ പൊലീസുകാരെ നിയോഗിച്ചിരുന്നു. നഗരത്തിലെ 2 ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാർ, 2 എസിമാർ 6 സിഐമാർ എന്നിവർക്കു പുറമേ ഈ പ്രദേശത്തിനു പട്രോളിങിനായി 4 ജീപ്പും ഉണ്ടായിരുന്നു. ബിജെപിയുടെ ജാഥ എത്തുമെന്നു പ്രഖ്യാപിച്ച ക്ലിഫ് ഹൗസിന്റെ മുൻവശമായ നന്ദൻകോടു ജംങ്ഷനിലയിരുന്നു 2 ഡിസിപിമാർ അടക്കം വൻ പൊലീസ് സംഘം. മുഖ്യമന്ത്രിയുടെ വസതിക്കുള്ളിലും പുറത്തുമായി ചുറ്റും 150 ലേറെ പൊലീസുകാരുമുണ്ടായിരുന്നു. സ്ഥിരം സുരക്ഷാ ഉദ്യോഗസ്ഥർ വേറെയും.

സാധാരണ നിലയിൽ ക്ലിഫ് ഹൗസിന്റെ ഉയർന്ന മതിൽ ചാടിക്കടന്ന് അതിനുള്ളിൽ കല്ല് സ്ഥാപിക്കുക എളുപ്പമല്ല. എന്നാൽ അവിടെയാണു കല്ല് ഇട്ടതെന്നു ബിജെപിക്കാർ പറയുമ്പോൾ അറ്റകുറ്റപണി നടക്കുന്ന മന്ത്രി മന്ദിരത്തിലെന്നാണു പൊലീസ് ഭാഷ്യം. സമീപത്തെ ഒരു വീടിന്റെ മതിൽ ചാടിക്കടന്നു വേണം അതിനുള്ളിൽ പൊലീസ് കണ്ണുവെട്ടിച്ചു കയറാൻ. സമരക്കാർ അതിരാവിലെ അവിടെ തമ്പടിച്ചിരിക്കാമെന്നാണു പൊലീസ് നിഗമനം. 

മുൻപ് ബിജെപി നേതാക്കൾ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിൽ നോർത്ത് ബ്ലോക്കിനു മുൻപിൽ കയറി പ്രസംഗിച്ചതും യൂത്തു കോൺഗ്രസുകാർ ക്ലിഫ് ഹൗസ് വളപ്പിൽ ചാടിക്കടന്നതുമെല്ലാം സുരക്ഷാ വീഴ്ചയായിരുന്നു. ഇതിപ്പോൾ നാണക്കേടുമായി. അതിനിടെ ക്ലിഫ് ഹൗസ് വളപ്പിൽ സുരക്ഷ വർധിപ്പിക്കുന്നതിനു ഇന്നലെ പൊലീസ് ഉന്നതർ മാരത്തൺ ചർച്ചയാണു നടത്തിയത്. മന്ത്രി മന്ദിരങ്ങളുടെ ചുറ്റുമതിൽ ഉയർത്തുക, കമ്പി വേലി കെട്ടുക, നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കുക എന്നിവയാണ് ആലോചനയിൽ. 

ജനത്തെ തടഞ്ഞു പെറ്റി കേസിൽ പിഴ ചുമത്തുന്ന പരിപാടി ഇന്നലെയും പൊലീസ് മത്സരാടിസ്ഥാനത്തിൽ നടപ്പാക്കി. മാത്രമല്ല നിയമലംഘന സമരങ്ങൾക്കു ജനത്തെ വഴി തടഞ്ഞു തുടക്കം മുതൽ എസ്കോർട്ടു നൽകുന്ന പൊലീസിന് ഒടുക്കം ഇതു തന്നെ വേണമെന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും

സുരക്ഷാ വീഴ്ചകൾ ആവർത്തിച്ച‍തിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി വിന്യസിക്കും. മുഖ്യമന്ത്രിയുടെ വസതി‍യിലേക്കുള്ള റോഡുകൾ പൂർണമായി സിസിടിവി ക്യാമ‍റകളുടെ നിരീക്ഷണത്തി‍ലാക്കാനും ശുപാർശ.  ബിജെപി പ്രവർത്തകർ ക്ലിഫ്ഹൗസ് പരിസരത്ത് അതിക്രമിച്ചു കടന്ന് അതിരടയാളക്കല്ല് സ്ഥാപി‍ച്ചത് ഉൾപ്പെടെ‍യുള്ള  വീ‍ഴ്ചകളെത്തുടർന്നാണ് സുരക്ഷ കൂട്ടുന്നത്. 

ആയുധധാരിക‍ൾ ഉൾപ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ക്ലിഫ്‍ ഹൗസിൽ ഉടൻ വിന്യസിക്കും. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‍ക്യു ഫോഴ്സ് ഉൾപ്പെടെ 60  പൊലീസുകാർക്ക് പുറമേയാണിത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നൂറി‍നടുത്താകും. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 250 മീറ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജംക്‌ഷൻ മുതൽ ഇപ്പോൾ തന്നെ അതിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും കയറ്റിവിടില്ല. ഇനിയും നിയന്ത്രണം കടുപ്പി‍ക്കാനാണ് പൊലീസിന്റെ നീക്കം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com