ADVERTISEMENT

ചിറയിൻകീഴ് ∙ ദുരാചാരങ്ങൾക്കും അനീതികൾക്കുമെതിരെ  ജനമനസ്സുകളെ സ്വന്തം കവിതകളാൽ കോൾമയിർ കൊള്ളിച്ച സ്നേഹഗായകൻ മഹാകവി കുമാരനാശാന്റെ ജന്മസ്മൃതിയ്ക്കു ധന്യമായ 150 വർഷം. ആശാൻ കൃതികൾ കാലദേശ തലമുറഭേദമില്ലാതെ ഇപ്പോഴും മുഴങ്ങിക്കേൾക്കുമ്പോൾ  മഹാകവിയുടെ സ്മരണ തുടിക്കുന്ന ജന്മഗ്രാമമായ കായിക്കരയിൽ സ്ഥിതി ചെയ്യുന്ന കുമാരനാശാൻ സ്മാരകം അവഗണനകളുടെ നടുവിലാണ്.

കടലോര ഗ്രാമമായ കായിക്കരയിൽ ആശാൻ സ്നേഹികളുടേയും നാട്ടുകാരുടേയും സഹായത്തിലാണു സ്മാരകം അതിന്റെ പ്രവർത്തനം തള്ളിനീക്കുന്നത്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഇടപെടലുകളിൽ മന്ദിര സമുച്ചയങ്ങൾ ഉൾപ്പെടെ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും മഹാകവി കുമാരനാശാന്റെ ജന്മ ഗ്രാമമെന്ന നിലയിൽ നൽകേണ്ട പ്രാധാന്യം കായിക്കരയ്ക്കു നാളിതുവരെ ലഭിച്ചിട്ടില്ല. നിലവിൽ വാർഷിക മെയ്ന്റനൻസ് ഗ്രാന്റ് ഇനത്തിൽ ഒരു ലക്ഷം രൂപ മാത്രമാണു സർക്കാരിൽ നിന്നും ലഭിക്കുന്നതെന്നു സ്മാരകസമിതി ചെയർമാൻ ചെറുന്നിയൂർ ജയപ്രകാശ് അറിയിച്ചു.

കടൽത്തീരവുമായി അടുത്തു സ്ഥിതി ചെയ്യുന്ന മന്ദിരസമുച്ചയങ്ങളും ആശാന്റെ പൂർണകായ പ്രതിമയുമടക്കം  സംരക്ഷിക്കുന്നതിനു കുറഞ്ഞ തുകകൊണ്ടു കഴിയാത്ത അവസ്ഥയിൽ സ്മാരകം നാശത്തിന്റെ വക്കിലാണിപ്പോൾ. കുമാരനാശാൻ വേൾഡ് പ്രൈസും യുവകവി പുരസ്കാരവും ഏർപ്പെടുത്തുകയും കുമാരനാശാന്റെ ഓർമ ദിനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കവികളെ സംഘടിപ്പിച്ച് ആശാൻ സ്മൃതികൾക്ക് ആദരമർപ്പിച്ചുള്ള കാവ്യാർച്ചനയടക്കം ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ പരാധീനതകൾക്കിടയിലും കവി പിറന്ന മണ്ണിൽ മുറപോലെ  നടന്നുവരുന്നതു മാത്രമാണ് ആശ്വാസമെന്നു ഭരണസമിതി ട്രഷറർ ഡോ.ബി.ഭുവനേന്ദ്രൻ പറഞ്ഞു. 

മഹാകവിയുടെ കവിതകളിൽ പരാമർശിച്ചിട്ടുള്ള മുഖ്യ സന്ദർഭങ്ങൾ കോർത്തിണക്കിയുള്ള കാവ്യഗ്രാമം പദ്ധതിയും  ഉദ്യാന സങ്കൽപങ്ങളും കായിക്കരയിൽ അതേപടി സൃഷ്ടിക്കാനുള്ള ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഭാരവാഹികളുടെ പ്രവർത്തനങ്ങളും പാതിവഴിയിൽ മുടങ്ങിയ നിലയിലാണ്.കേവലം പതിനേഴു സെന്റു ഭൂമിയിൽ നിന്നു തുടക്കമിട്ട കുമാരനാശാൻ ജന്മ ഗ്രാമ സ്മാരക പദ്ധതി നിലവിൽ ഒന്നരയേക്കറോളം വരുന്ന വിശാലമായ കാവ്യഭൂമിയാണ്. കവിയുടെ150–ാമതു ജന്മവാർഷികാഘോഷങ്ങൾ നടക്കാനിരിക്കെ സ്മാരകമന്ദിരത്തിന്റെ വിപുലീകരണത്തിനു മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com