ADVERTISEMENT

തിരുവനന്തപുരം∙ സിനിമാക്കഥകളെ വെല്ലുന്നതാണ് മണിച്ചൻ അഥവാ ചന്ദ്രൻ എന്ന കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതിയുടെ ജീവിതകഥ. 22 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തിറങ്ങാൻ അനുമതി ലഭിച്ച മണിച്ചന്റെ ജീവിതം കുചേലനിൽ നിന്നു കുബേരനും വീണ്ടും കുചേലനുമായ അബ്കാരി രാജാവിന്റെ കഥകൂടിയാണ് . മദ്യരാജാവായി വളരുന്നതിനിടെയാണ് കല്ലുവാതുക്കൽ കേസിൽ ഉൾപ്പെട്ട് മണിച്ചന്റെ പതനം തുടങ്ങിയത്.

2000 ഒക്ടോബർ 20ന് ഉണ്ടായ മദ്യദുരന്തത്തിൽ 31പേർ മരിച്ചതിനെത്തുടർന്നാണ് മണിച്ചൻ ശിക്ഷിക്കപ്പെടുന്നത്. നല്ലനടപ്പ് പരിഗണിച്ചാണു മണിച്ചനെ സെൻട്രൽ ജയിലിൽനിന്നു നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്. കൃഷിപ്പണികൾക്കു നേതൃത്വം നൽകുന്നത് മണിച്ചനാണ്. ജയിലിൽ സ്ഥാപിച്ചിട്ടുള്ള ടിവിയിൽ നിന്നാണു മോചന വാർത്ത മണിച്ചൻ അറിഞ്ഞത്. മോചന വാർത്തയോട് മണിച്ചൻ നിസ്സംഗമായാണ് പ്രതികരിച്ചതെന്നു ജയിൽ അധികൃതർ പറഞ്ഞു.

കേസിലെ 26 പ്രതികളിൽ മണിച്ചനും ഹയറുന്നീസയും ഉൾപ്പെടെ 14 പേർക്കാണ് സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. മറ്റു 12പേർക്കു രണ്ടരവർഷവും ഒരാൾക്കു രണ്ടു വർഷം കഠിന തടവും പിഴയും വിധിച്ചു. 7–ാം പ്രതിയായ മണിച്ചനാണ് ഏറ്റവും വലിയ ശിക്ഷ ലഭിച്ചത്. ജീവപര്യന്തവും 30.45 ലക്ഷംരൂപ പിഴയും. ഹയറുന്നീസയ്ക്ക് 7.35 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ജയിലിൽ നിന്നിറങ്ങിയാൽ മണിച്ചനു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കാര്യമായ വരുമാന മാർഗങ്ങളൊന്നും ഇത്രയുംനാൾ നീണ്ട ജയിൽവാസവും കേസും അവശേഷിപ്പിച്ചിട്ടില്ല.

എല്ലാം പൂജ്യത്തിൽനിന്നു തുടങ്ങേണ്ട അവസ്ഥ. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുന്നിൽ കഞ്ഞി വിറ്റാണ് തുടക്കത്തിൽ മണിച്ചനും കുടുംബവും കഴിഞ്ഞിരുന്നത്. ഏറെ വർഷം ഈ കച്ചവടം തുടർന്നതിനുശേഷം പിന്നീട് ശാർക്കരയിലുള്ള കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചു. അവിടെ നിന്നാണു മദ്യ രാജാവായി വളർന്നത്. ഉന്നത നേതാക്കളും പൊലീസ്–എക്സൈസ് ഉദ്യോഗസ്ഥരും ചങ്ങാതിമാരായി.

മണിച്ചനിൽനിന്ന് സ്പിരിറ്റ് വാങ്ങിയിരുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഹയറുന്നീസ വിതരണം ചെയ്ത മദ്യം കുടിച്ചവർ കൂട്ടത്തോടെ മരിച്ചതോടെ മണിച്ചന്റെ സാമ്രാജ്യം ഉലഞ്ഞു. കേസിൽ പ്രതിയായതോടെ രാഷ്ട്രീയ നേതൃത്വം അകൽച്ചയിലായി. സുഹൃത്തുക്കളിൽ ചിലർ പണവുമായി മുങ്ങിയതും തിരിച്ചടിയായി. പ്രതാപകാലത്ത് കൂന്തള്ളൂരിൽ വച്ച ഇരുനില വീട് ഇപ്പോൾ കാടുപിടിച്ചു കിടക്കുന്നു. ഇതിനടുത്തുള്ള ചെറിയ വീട്ടിലാണ് മണിച്ചന്റെ ഭാര്യയും കുടുംബവും കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com